ഉച്ചയൂണിന് വീട്ടിൽ വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ഉണക്ക ചെമ്മീൻ പീര. സ്വാദൂറും ഉണക്കചെമ്മീൻ പീര തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ഉണക്കചെമ്മീൻ – 1 കപ്പ്
- കുടംപുളി – നാലോ അഞ്ചോ കഷ്ണം
- തേങ്ങ ചിരകിയത് – ഒന്നര കപ്പ്
- മഞ്ഞൾപൊടി – അരടീസ്പൂൺ
- ചെറിയ ഉള്ളി – 4 എണ്ണം
- വെളുത്തുള്ളി, ഇഞ്ചി – ആവശ്യത്തിന്
- പച്ചമുളക് – 5 എണ്ണം
- കറിവേപ്പില – ആവശ്യത്തിന്
- ഉപ്പു, എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം വൃത്തിയാക്കിയ ഉണക്കചെമ്മീൻ 15 മിനിട്ടോളം വെള്ളത്തിൽ കുതിർത്തു വെയ്ക്കുക. കുതിർന്ന ചെമ്മീനിൽ നിന്നും വെള്ളം വാർന്നു കളയുക.
ശേഷം തേങ്ങാപീര മഞ്ഞൾ പൊടി, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ചേർത്ത് ചതച്ചെടുക്കുക. ഒരു കറിച്ചട്ടിയിൽ ചെമ്മീൻ ഇട്ടു അതിലേക്കു ഒതുക്കിയ പീര, കുടംപുളി, ഉപ്പു, ലേശം എണ്ണ ഇവ ചേർത്ത് ഇളക്കി കുറച്ചു നേരം വെയ്ക്കുക.
ശേഷം കുറച്ചു വെള്ളം ചേർത്ത് മൂടിവെച്ചു വേവിക്കുക. വെള്ളം അധികം ആവാതെ നോക്കണം. ഒരു പതിനഞ്ചു മിനിട്ട് കൊണ്ട് പാകം ആകും. അടുപ്പിൽ നിന്നും വാങ്ങുന്നതിന് മുൻപ് കുറച്ചു എണ്ണ മീതെ തൂവുക, കറിവേപ്പിലയും പച്ചമുളക് കീറിയതും ചേർക്കുക. സ്വാദൂറും ഉണക്ക ചെമ്മീൻ പീര തയ്യാറായി.