സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി ഞെരുക്കുകയാണ് കേന്ദ്രം. കടമെടുക്കാന്‍ അനുവദിക്കുന്നില്ല. കിട്ടാനുള്ള പണം വെട്ടിക്കുറയ്ക്കുന്നു. നിത്യനിദാന ചെലവിനു പോലും വഴിമുട്ടി നില്‍ക്കുകയാണ് സര്‍ക്കാരെന്ന വിലാപം കേള്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. അതിന്റെ പേരും പറഞ്ഞ് ക്ഷേമപെന്‍ും, KSRTC ശമ്പളവും, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളുമെല്ലാം തടഞ്ഞും കൊടുക്കാതെയും പിടിച്ചു വെക്കുകയും ഒക്കെ ചെയ്യുകയാണ്. ഒടുവില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്, ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൊടുത്തു എന്നല്ലാതെ മറ്റൊന്നും ഉണ്ടായില്ല.
എന്നാല്‍, ഇതെല്ലാം ചേര്‍ത്ത് മലയാളികള്‍ ഇടതുപക്ഷത്തെ തൂത്തെറിഞ്ഞു കളയുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് കണക്കുകള്‍ കൂലങ്കഷമായി ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണോ എന്നു പരിശോധിക്കേണ്ടതുണ്ട്. കേരളത്തിന് അര്‍ഹിക്കുന്ന വായ്പകളും, സഹായങ്ങളും നല്‍കേണ്ടത് കേന്ദ്രമാണ്. എന്നാല്‍, വാങ്ങിക്കൂട്ടുന്ന വായ്പയുടെ പലിശയും മുതലുമൊക്കെ ആരാണ് കൊടുക്കേണ്ടത്. ജനങ്ങളെ പിഴിഞ്ഞെടുക്കുന്ന നികുതി കൊണ്ടല്ലേ ഇതെല്ലാം നികത്തേണ്ടത്. അതുകൂടെ ഓര്‍മ്മയുണ്ടാകണം.
നാട്ടിലെ മദ്യക്കച്ചവടക്കാരനും, സിനിമാക്കാരനും ഉണ്ടാക്കുന്ന പണത്തിന് അതിരുമില്ല. അറുതിയുമില്ല. അവര്‍ക്കാണെങ്കില്‍ സര്‍ക്കാര്‍ അകമഴിഞ്ഞ് സഹായം നല്‍കുകുയം ചെയ്യുന്നുണ്ട്. 16 സിനിമാക്കാര്‍ ജി.എസ്.ടി. അടക്കാതെ മുങ്ങി നടക്കുന്നുണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് നിയമസഭയില്‍ പറഞ്ഞിരിക്കുന്നത്. ഇതിനു പിന്നാലെ ഇതാ മദ്യക്കച്ചവട മുതലാളിമാരില്‍ നിന്നും പിരിക്കേണ്ട അബ്കാരി കുടിശിക പിരിക്കാതെയുമിരിക്കുകയാണ്. ഇതുവഴി സര്‍ക്കാരിന്റെ ഖജനാവില്‍ എത്തേണ്ട പണമെല്ലാം സ്വകാര്യ കള്‌ലു കച്ചവട മുതലാളിമാരുടെ ലോക്കറിലേക്കാണ് പോകുന്നത്.
ഇങ്ങനെ പിടിപാടുള്ളവനെയും, പണമുള്ളവനെയും വീണ്ടും വീണ്ടും സുഖിപ്പിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാന സര്‍ക്കാരും ധനവകുപ്പും സാമ്പത്തിക ഞെരുക്കത്തിലാകുമ്പോള്‍, അത് കേന്ദ്ര സര്‍ക്കാര്‍ക്കാരിന്റെ കുഴപ്പം കൊണ്ടാണെന്ന് പറയുന്നത് ആരെ രക്ഷിക്കാന്‍ വേണ്ടി. അബ്കാരികളെല്ലാം വിശന്നു പൊരിഞ്ഞിരിക്കുന്ന വലിയൊരു സമൂഹമായതു കൊണ്ടാണോ ധനവകുപ്പിന് കുടിശിക പിരിച്ചെടുക്കാന്‍ ഇത്ര മടി. 281.50 കോടിയാണ് 2022 ജനുവരി 31 വരെയുള്ള അബ്കാരി കുടിശികയെന്ന് ധനമന്ത്രി തന്നെ നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയിരിക്കുകയാണ്.
പിടിരിരെടുത്തില്ലെങ്കിലും, പിരിക്കാത്ത കാര്യം രേഖകള്‍ വെച്ച് നിയമസഭയില്‍ പറയാനുള്ള ചങ്കൂറ്റം കീണിക്കുന്നുണ്ടല്ലോ എന്നതാണ് അത്ഭുതം. മാര്‍ച്ച് 17 ലെ നിയമസഭ ചോദ്യത്തിന് കഴിഞ്ഞ ദിവസമാണ് ധനമന്ത്രി മറുപടി നല്‍കിയത്. നിയമസഭ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതിന് സ്പീക്കര്‍ ധനമന്ത്രിക്കെതിരെ റൂളിംഗ് നല്‍കിയിരുന്നു. അതിനെ തുടര്‍ന്നാണ് മറുപടി നല്‍കിയത്. അബ്കാരി കുടിശിക നിലവില്‍ എത്രയായിട്ടുണ്ട് എന്ന് പോലും ബാലഗോപാലിന് അറിയില്ല എന്ന് നിയമസഭ മറുപടി വ്യക്തമാക്കുന്നു.
2021- 22 വരെയുള്ള അബ്കാരി കുടിശിക മാത്രമാണ് കണക്കാക്കിയിട്ടുള്ളതെന്നാണ് ധനമന്ത്രി പറയുന്നത്. 2022- 23 , 2023 – 24 സാമ്പത്തിക വര്‍ഷങ്ങള്‍ കൂടി കൂട്ടിയാല്‍ അബ്കാരി കുടിശിക 300 കോടിക്ക് മുകളില്‍ പോകും. ധനപ്രതിസന്ധി കാലത്ത് കുടിശിക പിരിക്കാതെ അബ്കാരികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. ഈ സര്‍ക്കാര്‍ വന്നശേഷം പത്തോളം അബ്കാരി കേസുകള്‍ സര്‍ക്കാര്‍ എഴുതി തള്ളിയിട്ടുമുണ്ട്.
സാമ്പത്തിക പ്രതിസന്ധിയെന്ന് വിളിച്ച് കൂവുന്നതല്ലാതെ അത് പരിഹരിക്കാനുള്ള ഒരു നടപടിയും ധനവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. നികുതി വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ആകട്ടെ കേരളീയം പോലുള്ള സര്‍ക്കാര്‍ പരിപാടിക്ക് സ്‌പോണ്‍സര്‍മാരെ പിടിക്കുന്ന ഓട്ടത്തില്‍ ആയിരുന്നു. നികുതി കുടിശിക വരുത്തിയവരായിരുന്നു ഭൂരിഭാഗം സ്‌പോണ്‍സര്‍മാരും. ഇവരുടെ പേര് കേരളീയം പരിപാടി കഴിഞ്ഞ് 7 മാസമായിട്ടും സര്‍ക്കാര്‍ പുറത്ത് വിടാത്തതിന് പിന്നിലെ രഹസ്യവും മറ്റൊന്നല്ല.
2022 മുതല്‍ അബ്കാരി കുടിശിക പിരിച്ചിട്ടുണ്ടാകില്ലെന്നു തന്നെയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇങ്ങനെ സംസ്ഥാനത്തിന് കിട്ടേണ്ട നികുതികളൊന്നും പിരിച്ചെടുക്കാതെ സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനൊക്കെ പിന്നില്‍, മദ്യക്കച്ചവടക്കാരുമായുള്ള അന്തര്‍ധാര സജീവമാക്കിയിരുന്നു എന്നുവേണം മനസ്സിലാക്കാന്‍.