ഇതാണ് കേരളത്തിലെ പൊതുഗതാഗ സംവിധാനമായ ആനവണ്ടി കോര്‍പ്പറേഷനിലെ വലിയ ചര്‍ച്ച. നഷ്ടത്തിനും കഷ്ടത്തിനുമൊക്കെ കാരണം, ജീവനക്കാരുടെ പെരുമാറ്റ ദൂഷ്യമാണെന്നാണ് കണ്ടെത്തല്‍. ഇനിയിപ്പോള്‍ ജീവനക്കാരെയാകെ ദുര്‍ഗുണ പരിഹാര പാഠശാലകളില്‍ ആക്കാന്‍ കഴിയാത്തതു കൊണ്ട് ‘പെരുമാറ്റച്ചട്ടം’ കെട്ടുക എന്നല്ലാതെ മറ്റൊരു മാര്ഗവുമനില്ല. കതിരില്‍ വളംവെയ്ക്കുന്ന ഏര്‍പ്പാടാണെങ്കിലും നേരെയാകുന്നെങ്കില് ആകട്ടെ എന്നാണ് മന്ത്രി ഗണേഷ്കുമാറിന്റെ ഒരു ലൈന്‍. കഴിഞ്ഞ ദിവസം പോലും വികാസ്ഭവന്‍ ഡിപ്പോയില്‍ നിന്നും രണ്ടുപേരെ മദ്യപിട്ടതിനു പിടിച്ചതോടെയാണ് പെരുമാറ്റ ദൂഷ്യം കീറാമുട്ടിയായി മാറിയത്.
ഇനി വെച്ചോണ്ടിരുന്നാല്‍ ആകെ പൊല്ലാപ്പാകും. അതുകൊണ്ട് ഉടന്‍തന്നെ പെരുമാറ്റച്ചട്ടം കൊണ്ടുവരികയേ നിവൃത്തിയുള്ളൂ എന്നാണ് മന്ത്രിയുടെ ഓഫീസിലെ ചര്‍ച്ചയും. പെരുമാറ്റച്ചട്ടമല്ല, എന്തു കൊണ്ടുവന്നാലും ജീവനക്കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്. പക്ഷെ, ചില കാര്യങ്ങള്‍ അവര്‍ക്ക് മന്ത്രിയദ്ദേഹത്തോട് ബോധിപ്പിക്കാനുണ്ട്. തിരുമുമ്പില്‍ മുഖം കാണിക്കാന്‍ കഴിയാത്തതു കൊണ്ടാകും, ജീവനക്കാരില്‍ ചിലര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലും, വാട്സാപ്പ് ഗ്രൂപ്പുകളിലും പറയാനുള്ളതെല്ലാം പറയുന്നുണ്ട്. KSRTCയിലെ ഉന്നതരൊന്നും ഇതൊന്നും കാണുന്നില്ലെങ്കിലും ജീവനക്കാരെല്ലാം ഇതൊക്കെ കാണുന്നുമുണ്ട്.
ചര്‍ച്ച ചെയ്യുന്നുമുണ്ട്. അങ്ങനെ KSRTC ജീവനക്കാര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചയ്ക്കു വഴി വെച്ച നിരവധി പോസ്റ്റുകളുണ്ട്. മന്ത്രിയുടെ ശ്രദ്ധയില്പ്പെടുമെങ്കില് അതിലെല്ലാം പറയുന്ന ഗൗരവമേറിയ വിഷയങ്ങള്‍ മനസ്സിലാക്കാനാകും. ഇടതുഭരണത്തില്‍ ജീവനക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും, തിരുത്തലുകള്‍ എവിടെ നിന്നു വേണമെന്നതുമൊക്കെ അവര്‍ പറയുന്നുണ്ട്. തിരുത്തല്‍ തുടങ്ങേണ്ടത് എവിടെ നിന്നാകണം?. കഴിഞ്ഞ 8 വര്‍ഷത്തെ ഇടതു ഭരണത്തില്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെട്ടവര്‍ എന്ന നിലയില്‍ തിരുത്തല്‍ തുടങ്ങേണ്ടത് KSRTC യില്നിന്നല്ലേ?. ഇതാണ് അവരുടെ പ്രധാന ചോദ്യം.
KSRTC യിലെ ബഹുഭൂരിപക്ഷം തൊഴിലാളികളും വിരമിച്ചവരും ഇടതുപക്ഷ ചിന്താഗതിക്കാരും പ്രവര്ത്തകരുമായിരുന്നിട്ടും കഴിഞ്ഞ എട്ടു വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തില്‍ KSRTC തൊഴിലാളികളും പെന്‍ഷന്‍കാരും മാത്രം സമാനതകളില്ലാത്ത പീഡനം ഈ സര്‍ക്കാരില്‍ നിന്നും അനുഭവിക്കേണ്ടിവന്നതു KSRTC യില്‍ ഈ സര്‍ക്കാര്‍ നടത്തിയ പരിഷ്കാരങ്ങള്‍കൊണ്ട്, പൊതുഗതാഗത്തെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്കോ, ജീവനക്കാര്‍ക്കോ, സര്‍ക്കാരിനോ എന്തെങ്കിലും നേട്ടമുണ്ടായോ?. ജീവനക്കാരെക്കൊണ്ട് 12 മണിക്കൂര്‍ ഡ്യൂട്ടി ചെയ്യിപ്പിച്ചിട്ടും, മിനിസ്റ്റീരിയല്‍ ജീവനക്കാരെ ഉള്‍പ്പെടെ ഡ്യൂട്ടിസമയം വര്‍ധിപ്പിച്ച് ജോലി ചെയ്യിപ്പിച്ചിട്ടും, സ്വിഫ്റ്റ് കമ്പനി കൊണ്ട് വന്നിട്ടും എന്ത് അനുകൂല മാറ്റമാണ് KSRTC യില്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞത്.
എട്ടു വര്‍ഷത്തെ ഇടതുഭരണം KSRTCയെ എങ്ങനെയാക്കി മാറ്റിയെന്നറിയാമോ?. ചെയ്ത ജോലിക്ക് കൃത്യമായി ശമ്പളം കിട്ടാതെ ഗഡുക്കളായി ശമ്പളം വാങ്ങുന്ന ജീവനക്കാര്‍. പത്താം ശമ്പള പരിഷ്കരണം നഷ്ടപ്പെടുത്തിയും, സംസ്ഥാനത്ത്1 ശതമാനം DA പോലുമില്ലാതെ ബേസിക് പേയില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍. സിംഗിള്‍ ഡ്യൂട്ടിക്ക് 12 മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍. സര്‍ക്കാര്‍ ജീവനക്കാരെക്കാളും മികച്ച ശമ്പളവും പെന്‍ഷനും ലഭിച്ചിരുന്ന KSRTC ജീവനക്കാരെയും പെന്‍ഷന്‍കാരെയും ഇന്ന് ഏറ്റവും കുറവ് ശമ്പളവും പെന്‍ഷനും വാങ്ങുന്നവരാക്കിയതു ഈ ഇടതുപക്ഷ സര്‍ക്കാരല്ലേ.
പത്താം ശമ്പള പരിഷ്കരണം ഒഴിവാക്കി, ജീവനക്കാര്‍ക്ക് പതിനൊന്നാം ശമ്പള പരിഷ്കരണം നടത്തിയപ്പോഴും ചരിത്രത്തില്‍ ആദ്യമായി പെന്ഷന് പരിഷ്കരണം ഒഴിവാക്കി. 43000 പെന്‍ഷന്‍കാര്‍ ഇപ്പോഴും വാങ്ങുന്നത് 2012 ലെ തുച്ഛമായ പെന്ഷന്. സര്‍ക്കാരില്‍ 11500 രൂപ മിനിമം ഉള്ളപ്പോള്‍ KSRTC യില്‍ മിനിമം പെന്ഷന് ഇപ്പോഴും 4500 രൂപ. കൃത്യമായി പെന്ഷന് ലഭിക്കാത്തതുമൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന വൃദ്ധരായ പെന്‍ഷന്‍കാര്‍. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പോലും സര്‍ക്കാര്‍ നല്കുന്ന ഉത്സവബത്ത കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം KSRTC പെന്‍ഷന്‍കാര്‍ക്ക് മാത്രം സര്‍ക്കാര്‍ നിഷേധിച്ചു.
സര്‍ക്കാരിന്റെ നിരന്തര അവഗണനമൂലം ഗത്യന്തരമില്ലാതെ, കൃത്യമായ പെന്ഷന് വിതരണത്തിനു വേണ്ടിയും, പെന്ഷന് പരിഷ്കരണത്തിനു വേണ്ടിയും കോടതിയെ സമീപിക്കാന്‍ CPMന്റെ സജീവ പ്രവര്‍ത്തകരുള്‍പ്പടെ ഇടതനുകൂലികളായ പെന്‍ഷന്‍കാര്‍ തന്നെയാണ് മുന്നിട്ടിറങ്ങി പെന്‍ഷന്‍കാര്‍ക്ക് അനുകൂലമായ കോടതിവിധികള്‍ നേടിയെടുത്തത്. ഹൈക്കോടതിയുടെ ഈ ഉത്തരവുകള്‍ക്കെതിരെയും ഇടതു സര്‍ക്കാര്‍ റിവ്യൂവും, അപ്പീലും, സുപ്രീംകോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷനും നല്കി വൃദ്ധ പെന്‍ഷന്‍കാരെ ഈ സര്‍ക്കാര്‍ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ KSRTC ജീവനക്കാരുടെ ഇടപെല്‍
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടന്ന ഏപ്രില്‍ 26ന് KSRTC ജീവനക്കാര്‍ വോട്ട് ചെയ്യാന്‍ പോയത് ജോലി ചെയ്ത മാര്‍ച്ച് മാസത്തിലെ ശമ്പളം ലഭിക്കാതെയാണെന്ന് CPM നേതൃത്വത്തിന് നന്നായറിയാം. അവര്‍ ആര്‍ക്കാണ് വോട്ട് ചെയ്തിട്ടുണ്ടാവുക എന്നതും ചിന്തിക്കണം. വെറും 619വോട്ടിനു ഇടതു സ്ഥാനാര്‍ത്ഥി പരാജയപ്പെട്ട ആറ്റിങ്ങല്‍ മണ്ഡലത്തില്‍, ആറ്റിങ്ങല്‍ ഡിപ്പോയിലെ ജീവനക്കാര്‍ മാത്രം ഇടതുമുന്നണിക്ക് വോട്ട് ചെയ്തിരുന്നെങ്കില്‍ എന്താകുമായിരുന്നു?. ആറ്റിങ്ങലിനു പുറമേ കിളിമാനൂര്‍ നെടുമങ്ങാട്, കാട്ടാക്കട, വെള്ളനാട്, ആര്യനാട്, പാലോട്, വിതുര തുടങ്ങി ആറ്റിങ്ങല്‍ മണ്ഡലത്തിലെ ഡിപ്പോകളിലെ ആയിരക്കണക്കിന് ജീവനക്കാരും, പെന്‍ഷന്‍കാരും അവരുടെ കുടുംബാംഗങ്ങളും ആശ്രിതരുടേതുമായി
പതിനായിരക്കണക്കിന് വോട്ടുകള്‍ക്ക് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജയിക്കേണ്ടതായിരുന്നില്ലേ?.
ഈ വസ്തുതകള്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ തന്നെ നിവേദനമായി ആറ്റിങ്ങല്‍ സ്ഥാനാര്‍ഥിയ്ക്കും, CITU സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയുമായ സഖാവ് ഇളമരം കരീമിനും ഇലക്ഷന് രണ്ടാഴ്ച മുന്നേ നല്‍കിയിട്ടും എന്തേ CPM നേതൃത്വം അത് ഗൗരവമായി പരിഗണിച്ചില്ല?. എന്നും ഇടതുപക്ഷത്തോട് കൂറ് പുലര്‍ത്തിയിരുന്ന KSRTC ജീവനക്കാരോടും പെന്ഷന് കാരോടും ഈ ഇടതു സര്‍ക്കാര്‍ സ്വീകരിച്ച കടുത്ത വിവേചനം നിരീക്ഷിച്ചിട്ടുള്ള മറ്റ് ഡിപ്പാര്‍ട്ട്മെന്റിലെയും പൊതുമേഖലയിലെയും തൊഴിലാളികളില്‍ ഉണ്ടാക്കിയിട്ടുള്ള ആശങ്ക എത്രത്തോളമായിരിക്കും.?
KSRTC ക്കാരോട് ഒരു ഇടതുപക്ഷ സര്‍ക്കാരിന് ഇതാകാമെങ്കില്‍ അത് അവരിലേക്ക് എത്തുന്ന സമയവും വിദൂരമല്ലെന്ന് അവര്‍ കണ്ടിട്ടുണ്ടാകണം. മാര്‍ച്ചിലെ ശമ്പളം മുടങ്ങിയപ്പോള്‍ അവര്‍ക്കത് ബോധ്യപ്പെട്ടിട്ടു മുണ്ടാകാം.
ജോലി ചെയ്ത കമ്മ്യൂണിസ്റ്റിനു, കൂലി നല്‍കാത്ത കമ്മ്യൂണിസ്റ്റ്
അതും 25ശതമാനം DA യില്‍ ശമ്പളം വാങ്ങി ഭരിക്കുന്നവര്‍ ഒരു ശതമാനം DA പോലുമില്ലാതെ ബേസിക് പേയില്‍ ജോലി ചെയ്ത തൊഴിലാളിക്ക് ശമ്പളം നല്‍കാതിരിക്കുന്നതോ ഇടതു ഭരണം. 24000 ജീവനക്കാരും, 43000 പെന്‍ഷന്‍കാരും, അവരുടെ കുടുംബാംഗങ്ങളും ആശ്രിതരുമായി ലക്ഷക്കണക്കിന് പേരാണ് KSRTC ക്കാരില് വോട്ടര്‍മാരായിട്ടുള്ളത്. ഈ വസ്തുത CPM നേതൃത്വം മനസ്സിലാക്കാത്തത് കൊണ്ടോ, അതോ എന്തൊക്കെ പീഡനങ്ങള്‍ നടത്തിയാലും അവര്‍ എപ്പോഴും ഇടതിനു തന്നെ വോട്ടു ചെയ്ത് കൊണ്ടേയിരിക്കും എന്ന് CPM നേതൃത്വം ധരിച്ചതു കൊണ്ടോ ഈ അവഗണന എന്നുമണ് ജീവനക്കാരുടെ ചോദ്യം.
CPM പാര്‍ട്ടിയില്‍ സംസ്ഥാന കമ്മിറ്റിക്ക് താഴെയുള്ള ഘടകങ്ങളില്‍ പതിനായിരക്കണക്കിന് ജീവനക്കാരും പെന്‍ഷന്‍കാരും ഭാരവാഹികാളായും പാര്‍ട്ടി അംഗത്വമുള്ളവരായുമുണ്ട്. CPM പാര്‍ട്ടി തെറ്റ് തിരുത്തല്‍ പ്രക്രിയ തുടങ്ങുമ്പോള്‍ അവരെയെങ്കിലും ഒന്ന് കേള്‍ക്കാന്‍ ശ്രമിക്കുക. ഇല്ലെങ്കില്‍ ഇനിയൊരു തിരുത്തലിന് അവസരം ഉണ്ടായെന്നു വരില്ല. ഇടത്തേ ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് ഇട്ട KSRTC കഴിഞ്ഞ 8 വര്‍ഷവും ഓടിക്കൊണ്ടിരുന്നത് വലതുവശത്തേക്ക് ആയിരുന്നു. ഇനിയെങ്കിലും ഇടതു ഇന്‍ഡിക്കേറ്റര്‍ ഇട്ടു ഇടതുവശത്തേക്ക്തന്നെ ഓടിക്കുക. എന്നാലേ ഇടതാകൂ.