പ്രധാനപ്പെട്ട അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ പുരസ്കാരം നേടുന്ന മലയാളി ചലച്ചിത്ര പ്രവർത്തകരെ സംസ്ഥാന സർക്കാർ ഔദ്യോഗികമായി ആദരിക്കുന്ന രീതി കേരള സർക്കാർ ഇപ്പോൾ എങ്കിലും ആരംഭിച്ചത് ഏറ്റവും അഭിനന്ദനീയമായ ഒരു കാര്യമാണ് . ചലച്ചിത്ര പ്രവർത്തകർക്ക് അത് വലിയ ഒരു അംഗീകാരമാണ് നൽകുന്നത് . വൈകിയാണെങ്കിലും നല്ല കാര്യങ്ങൾ തുടങ്ങുന്നത് അഭിനന്ദിക്കേണ്ടത് ആണ് .
ഈ അവസരത്തിൽ ചോദിക്കാൻ പാടുള്ളതാണോ എന്നറിയില്ല എങ്കിലും ചില കാര്യങ്ങൾ കൂടി ഇതോടൊപ്പം ചോദിക്കേണ്ടതാണ് എന്ന് കരുതുന്നു . ആരെങ്കിലും ഒക്കെ ഇതൊക്കെ ഇടയ്ക്കിടെ ഇങ്ങനെ ചൂണ്ടി കാണിക്കണമല്ലോ . ഏതെങ്കിലും സിനിമകൾ ലോകത്തെ പ്രധാന ചലച്ചിത്ര മേളകളിൽ പുരസ്കാരം നേടുമ്പോൾ അഭിനന്ദിക്കുക എന്നത് മാത്രമാണോ ഒരു ഭരണകൂടത്തിന്റെ ബാധ്യത ?. കലാപരമായ സിനിമകളുടെ നിർമാണത്തിനും പ്രദർശനത്തിനും ഒക്കെ ഉള്ള സാംസ്കാരിക അന്തരീക്ഷം സൃഷ്ടിച്ചു നൽകുവാൻ കൂടി സർക്കാരിന് ബാധ്യത ഇല്ലേ ?
കാനിൽ പുരസ്കാരം കിട്ടിയ പായൽ കപാഡിയയുടെ സിനിമയിൽ ഏതാനും മലയാളി താരങ്ങൾ അഭിനയിക്കുകയും ഏതാനും മലയാളി താരങ്ങൾ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട് എന്നേയുള്ളൂ . അതല്ലാതെ ഇതിൽ കേരളത്തിന് പ്രത്യേകമായി അഭിമാനിക്കാൻ മറ്റൊരു ഘടകവും ഇല്ല . (ഇതിൽ തന്നെ മലയാളി താരങ്ങളെ അല്ലാതെ മലയാളി സാങ്കേതിക പ്രവർത്തകരെ സർക്കാർ അഭിനന്ദിച്ചതായി വാർത്തകളിൽ കാണുന്നില്ല . സിനിമ എന്നാൽ താരങ്ങൾ മാത്രം എന്ന പൊതുബോധം ആണ് സർക്കാരിനും ഉള്ളത് എങ്കിൽ അത് നല്ല ഒരു പ്രവണത അല്ല ). പായൽ കപാഡിയ ഈ ചിത്രം നിർമിച്ചത് ഒരു ഇന്ത്യൻ സ്വതന്ത്ര നിർമാണ കമ്പനിക്ക് ഒപ്പം ഫ്രഞ്ച് നിർമാതാക്കളുടെ കൂടി സഹായത്തോടെ ആണ് . ഒപ്പം ലക്സംബർഗ് , നെതർലാൻഡ് , ഇറ്റലി എന്നീ രാജ്യങ്ങളുടെ ഫണ്ടിങ് സഹകരണവും ഉണ്ട് . റോട്ടർഡാം ചലച്ചിത്ര മേളയുടെ ഹ്യൂബർട്ട് ബാൾ ഗ്രാന്റും സിനിമയ്ക്ക് ലഭിച്ചിരുന്നു . ചുരുക്കത്തിൽ നിരവധി വിദേശ രാജ്യങ്ങളിലെ സർക്കാരുകളും ചലച്ചിത്ര മേളകളും കലാമൂല്യ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ ധിഷണാപരമായ സിനിമാ സപ്പോർട്ടിങ് സിസ്റ്റം ആണ് ഇന്ത്യയിൽ നിന്നുള്ള ഈ സിനിമ യാഥാർഥ്യമാക്കിയത് . അതിന്റെ പൂർണ്ണ ക്രെഡിറ്റ് വർഷങ്ങളോളം ഇതിനു പിന്നാലെ കഷ്ടപ്പെട്ട പായൽ കപാഡിയയ്ക്കും ടീമിനും മാത്രം അവകാശപ്പെട്ടതാണ് .. സർക്കാരുകൾക്ക് ഒക്കെ പുരസ്കാരം കിട്ടിയപ്പോൾ പ്രവർത്തകരെ അനുമോദിക്കുക എന്ന ഒരു ബാധ്യത മാത്രമേ ഉണ്ടായിരുന്നുള്ളൂ .
മലയാളത്തിൽ ഇതിനു മുൻപും പ്രശസ്തമായ എ കാറ്റഗറി മേളകളിൽ പുരസ്കാരങ്ങൾ നേടുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുള്ള സിനിമകൾ ഉണ്ട് . അവ ഒക്കെ തന്നെ അതിന്റെ നിർമാതാക്കളും സംവിധായകരും കഷ്ടപ്പെട്ട് നിർമിക്കകുകയും അവരുടെ മാത്രം പ്രയത്നഫലമായി എ കാറ്റഗറി മേളകളിൽ അംഗീകരിക്കപ്പെടുകയും ചെയ്തതാണ് . സ്റ്റേറ്റിന്റെ എന്തെങ്കിലും വിധത്തിലുള്ള സപ്പോർട്ട് ആ സിനിമകൾക്കൊന്നും പുരസ്‌കാരത്തിന് മുൻപോ ശേഷമോ ലഭ്യമായിട്ടില്ല എന്നതും ചരിത്രം .
ആദ്യം സൂചിപ്പിച്ചത് പോലെ ലോകത്തെ പ്രശസ്തമായ എ കാറ്റഗറി ചലച്ചിത്ര മേളകളിൽ മലയാള സിനിമാ പ്രവർത്തകരുടെ സിനിമകൾക്ക് പുരസ്കാരങ്ങൾ കിട്ടുമ്പോൾ അവരെ സർക്കാർ ഔദ്യോഗികമായി ആദരിക്കുന്ന ഏർപ്പാട് ഇപ്പോഴെങ്കിലും ആരംഭിച്ചത് സ്വാഗതാർഹമായ കാര്യമാണ് . പക്ഷെ ഇത് മാത്രം മതിയോ . മലയാളത്തിലെ കലാമൂല്യ സിനിമകളുടെ നിർമാണത്തെ പ്രോത്സാഹിപ്പിക്കുവാൻ സർക്കാർ ഒരു ചെറു വിരൽ എങ്കിലും അനക്കി തുടങ്ങേണ്ടേ ?. സ്വാഭാവികമായും കുറച്ചു ചോദ്യങ്ങൾ ബാക്കിയാവുന്നുണ്ട് . അവയ്ക്ക് എന്നെങ്കിലും ഉത്തരം ലഭിക്കുമോ എന്തെങ്കിലും നടപടികൾ ഉണ്ടാകുമോ?
1. മറ്റു നിരവധി ഇന്ത്യൻ സംസ്ഥാനങ്ങൾ ദേശീയ അന്തർദേശീയ പുരസ്കാരം നേടുന്ന സിനിമകൾക്ക് സർക്കാർ സബ്‌സിഡി സിസ്റ്റം ഏർപ്പെടുത്തിയിട്ടുണ്ട് . ഇത്തരത്തിൽ സർക്കാർ സബ്‌സിഡി സംവിധാനം കേരളത്തിൽ നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടു നൽകിയിട്ടുള്ള വിശദമായ ഒരു റിപ്പോർട്ട് സർക്കാരിന്റെ മേശയുടെ അടിയിൽ വർഷങ്ങളായി ഇരിപ്പുണ്ട് . അതിന്മേൽ കാലോചിതമായ മാറ്റങ്ങൾ വരുത്തി എന്തെങ്കിലും നടപടികൾ ഉണ്ടാകുമോ ?
2. കലാമൂല്യ സിനിമകളുടെ നിർമാണം , വിതരണം , അന്താരാഷ്‌ട്ര മാർക്കറ്റ് എന്നിവ സാധ്യമാക്കുന്നതിനായി ലോകത്തെ എല്ലാ പ്രധാന ചലച്ചിത്ര മേളകളോടും ഒപ്പം ഫിലിം മാർക്കറ്റ് നിലവിൽ ഉണ്ട് . അത്തരത്തിൽ ഒന്ന് കേരള ചലച്ചിത്ര മേളയിലും ആരംഭിക്കണം എന്നത് വർഷങ്ങളായുള്ള ഒരു ആവശ്യമാണ് . അതിനായി ഉള്ള റിപ്പോർട്ടുകളും ചലച്ചിത്ര അക്കാദമിക്ക് നല്കിയിട്ടുള്ളതാണ് . അതിൽ എന്തെങ്കിലും നടപടികൾ ഉണ്ടാകുമോ? 3. ഏതാനും വർഷങ്ങൾക്ക് മുൻപ് സർക്കാരിന് നൽകിയിട്ടുള്ള അടൂർ കമ്മിറ്റി റിപ്പോർട്ട് , ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് എന്നിവ എന്നെങ്കിലും വെളിച്ചം കാണുമോ ?
4. കേരളത്തിന് ഒരു സിനിമാ നയം രൂപീകരിക്കുക എന്നതിനായി ഒരു കമ്മിറ്റി ഉണ്ടാക്കിയിരുന്നു , കുറെ നാളുകൾ ആയി . അതിൽ എന്തെങ്കിലും നടപടികൾ ഉണ്ടാകുമോ ?
(അതോ മുൻപുള്ള അനേകം കമ്മിറ്റികൾ പോലെ അതും പ്രഹസനം ആകുമോ)
5. മറ്റു സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള പോലെ കേരളത്തിൽ ഷൂട്ട് ചെയ്യുന്നതിനായി അനുമതികൾക്ക് ഏക ജാലക സംവിധാനം , കൂടുതൽ ഇതര ഭാഷാ , വിദേശ സിനിമകളുടെ ചിത്രീകരണം കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി ടാക്സ് റിബേറ്റ് സിസ്റ്റം. എന്നിവ നടപ്പാക്കാൻ ആലോചിക്കുമോ ?
6. കലാ മൂല്യ സിനിമകളെ പ്രോത്സാഹിപ്പിക്കാനായി ലക്ഷ്യമിട്ടു ആരംഭിച്ച കേരള ചലച്ചിത്ര മേള അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളിൽ നിന്നകന്ന്. മലയാള കച്ചവട സിനിമാക്കാരുടെ ഭാവനാ ദാരിദ്ര്യമായ നേതൃത്വത്തിൽ ചെന്നുപെട്ടു തൃശൂർ പൂരം പോലെ ആയി മാറ്റിയിട്ടുണ്ട് . പൂരം നടത്തുന്ന ചെയർമാൻ തമ്പുരാനും പരിവാരങ്ങളും കൂടി ഇത് അന്തർദേശീയ ചലച്ചിത്ര മേളയാണോ തൃശൂർ പൂരത്തിന്റെ ആനയും കുടമാറ്റവും ഒഴിച്ചുമുള്ള എക്സ്റ്റൻഷൻ ആണോ എന്നറിയാൻ പാടില്ലാത്ത വിധത്തിൽ മേളയെ രൂപാന്തരം ചെയ്യപ്പെട്ടിട്ടുണ്ട് .. ഈ മേളയെ റീ ഡിസൈൻ ചെയ്തു ഏഷ്യയിലെ പ്രധാന മേളകളിൽ ഒന്നായി മാറ്റുവാൻ എന്തെങ്കിലും ആലോചന ഉണ്ടോ ?
ചോദ്യങ്ങൾ ഒക്കെ ചോദ്യങ്ങൾ ആയി തന്നെ അവശേഷിക്കും എന്നറിയാം . എങ്കിലും ചോദ്യങ്ങൾ വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടേ ഇരിക്കാം . ഏതെങ്കിലും സ്വതന്ത്ര സിനിമാ പ്രവർത്തകർ കഷ്ടപ്പെട്ട് സിനിമ ഉണ്ടാക്കി ഏതെങ്കിലും പ്രധാന മേളയിൽ പുരസ്കാരം നേടുമ്പോൾ സാംസ്കാരിക വകുപ്പുംചലച്ചിത്ര അക്കാദമിയും അഭിനന്ദനവുമായി വീണ്ടും എത്തുമെന്ന് കരുതുന്നു ….അതുവരെയും ചോദ്യങ്ങൾ അവിടെ തന്നെ നിൽക്കട്ടെ …