നാടൻ ഇലക്കറികൾ ഒക്കെ ഇപ്പോൾ പലരും മറന്നു തുടങ്ങി. പണ്ട് കാലങ്ങളിൽ ഊണിനൊപ്പം ഏതെങ്കിലും ഒര് ഇലക്കറി സൈഡിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ടാകും. ചീര, മത്തനില,മുരിങ്ങയില അങ്ങനെ ഏതെങ്കിലും ഒന്ന് നല്ല ചിരകിയ തേങ്ങയിട്ട് കടുകും വറ്റൽ മുളകും ഒക്കെ വറുത്ത് ഇട്ടൊരു തോരൻ. അതിൽ തന്നെ ശരീരത്തിന് ആവശ്യം ആയ ധാരാളം വിറ്റമിനുകളും ലഭിക്കും. എന്നാൽ
നാടൻ കറികളിൽ എടുത്തു പറയേണ്ടത് തന്നെയാണ് മുരിങ്ങയില കൊണ്ടുള്ള കറി. നാടൻ കറികളെപ്പോഴും രുചികരം മാത്രമല്ല ആരോഗ്യപ്രദവുമായിരിക്കും. പ്രത്യേകിച്ച് മുരിങ്ങയില. ഏകദേശം 20 ഗ്രാം വരുന്ന ഒരു കപ്പ് ഇലയിൽ പ്രോട്ടീൻ, വൈറ്റമിൻ എ, ബി, സി, ഇ, ഫോളേറ്റ്സ്, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം എന്നിവയുൾപ്പെടെയുള്ള ധാതുക്കൾ അടങ്ങിയിട്ടുണ്ട്. പയർവർഗ്ഗങ്ങൾ, പച്ച ഇലക്കറികൾ എന്നിവയിൽ നിന്നുള്ള ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങളെ അപേക്ഷിച്ച് മനുഷ്യശരീരം മുരിങ്ങയിലയിൽ നിന്ന് ഫോളേറ്റ് എളുപ്പത്തിൽ ആഗിരണം ചെയ്യുന്നു.രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് മെച്ചപ്പെടുത്തുന്നതിലും അനീമിയ ഒഴിവാക്കുന്നതിലും ഇവയ്ക്ക് പങ്കുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മുരിങ്ങയിലയിൽ ആൻ്റിഓക്സിഡൻ്റുകളും ധാരാളമുണ്ട്. ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യുകയും ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. നാരുകൾ, ഒമേഗ -3, ഒമേഗ -6 കൊഴുപ്പുകൾ, ബീറ്റാ കരോട്ടിൻ എന്നിവയുൾപ്പെടെയുള്ള നിരവധി ആൻ്റി ഓക്സിഡൻ്റ് സംയുക്തങ്ങളുടെ നല്ല ഉറവിടം കൂടിയാണ് മുരിങ്ങയില. ഇവ, മുടിയുടെയും ചർമ്മത്തിൻ്റെയും ആരോഗ്യത്തെ കൂടിയാണ് പിന്തുണയ്ക്കുന്നത്. ഭക്ഷണശീലത്തിൽ ഇത് ഉൾപ്പെടുത്തേണ്ടത് തന്നെയാണ് മുരിങ്ങയില പാചകത്തിന് എടുക്കുമ്പോൾ അധികം വേവിക്കേണ്ട ആവശ്യമില്ല.
അൽപ്പം തേങ്ങ ചിരകിയതിലേയ്ക്ക് കുറച്ചു മഞ്ഞൾപ്പൊടി, രണ്ടല്ലി വെളുത്തുള്ളി, രണ്ട് പച്ചമുളക്, അൽപ്പം ചെറിയ ജീരകം, കുറച്ച് കറിവേപ്പിലയും, ആവശ്യത്തിന് വെള്ളവും കൂടി ചേർത്ത് അരച്ചെടുക്കുക. അടികട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ച് അൽപ്പം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർക്കുക. ഒന്നോ രണ്ടോ പിടി മുരിങ്ങ ഇല കഴുകി വെച്ചത് അതിലേയ്ക്കു ചേർത്ത് വഴറ്റുക. ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന അരപ്പും, ആവശ്യത്തിന് ഉപ്പും ചേർത്ത് അൽപ്പ സമയം മാത്രം തിളപ്പിക്കുക. കറി തയ്യാർ. .
ഇനി ഇപ്പൊ ചൂടു ചോറിനൊപ്പം മുരിങ്ങയിലക്കറിയും ഒരുപാട് ഓർമ്മകൾ തിരിച്ചു കൊണ്ടു വരും.