പാലക്കാട് : മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വ്യാജരേഖ നിർമിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. സെക്രട്ടറി ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉമ്മുസൽമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മുൻ സെക്രട്ടറിയായ കെ രാധാകൃഷ്ണൻ, നിലവിലെ സെക്രട്ടറി അജിത കുമാരി, മുൻ താത്ക്കാലിക ജീവനക്കാരി ദിയ, കരാറിൽ ഒപ്പിട്ട സ്വപ്ന, വിപിൻ എന്നിവർക്കെതിരെയാണ് കേസ്.
2021 മെയ് മുതൽ 2022 മാർച്ച് വരെയുള്ള കാലത്താണ് തട്ടിപ്പ് നടന്നത്. ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ മിനിട്ട്സും കരാറുകളും വ്യാജമായി ഉണ്ടാക്കി പണം തട്ടിയെടുത്തെന്നാണ് പരാതി. രണ്ട് ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയെടുത്തതെന്നും പഞ്ചായത്തിന് നഷ്ടമുണ്ടായെന്നും പരാതിയിൽ പറയുന്നു.
ഉമ്മുസൽമ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന കാലത്താണ് വ്യാജ രേഖകൾ നിർമിച്ച് പല പദ്ധതികളുടെയും പണം തട്ടിയെടുത്തതെന്ന് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കേസെടുക്കാൻ കൂട്ടാക്കിയിരുന്നില്ല. തുടർന്ന് പരാതിക്കാരി കോടതിയെ സമീപിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.