ജിദ്ദ : അറഫാ സംഗമത്തിന് ശേഷം മുസ്ദലിഫയിൽ രാപ്പാർത്ത ഹജ്ജ് തീർത്ഥാടകർ ഇന്ന് മിനായിലേക്ക്. ജംറകളിലെ കല്ലേറ് കർമ്മത്തിനായി മുസ്ദലിഫയിൽ നിന്ന് ശേഖരിച്ച കല്ലുകളുമായി ഹാജിമാർ യാത്ര തുടങ്ങി. തിന്മയുടെ പ്രതീകമായി കണക്കാക്കിയാണ് സാത്താന്‍റെ പ്രതീകത്തിന് നേരെ ജംറകളിലെ കല്ലെറിയല്‍ കര്‍മം.
കല്ലേറ് പൂർത്തിയാക്കിയ തീർത്ഥാടകർ ബലിയറുക്കലും നടത്തിയ ശേഷമാണ് മക്കയിലേക്ക് പോവുക. മക്കയിലെത്തി കഅ്ബ പ്രദക്ഷിണം, സഫാ – മർവ്വ പ്രയാണം എന്നിവയ്ക്ക് ശേഷം തല മുണ്ഡനം ചെയ്യും. ഹജ്ജിനായുള്ള ഇഹ്‍റാം വേഷം മാറി പുതുവസ്ത്രണിഞ്ഞ് പെരുന്നാളാഘോഷിക്കും.
1.75 ലക്ഷം ഇന്ത്യന്‍ തീര്‍ഥാടകരാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിച്ചത്. മിനയിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന 54 തീര്‍ഥാടകരെ ഇന്നലെ അറഫാ സംഗത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കിയതായി ഇന്ത്യന്‍ ഹജ് മിഷന്‍ അറിയിച്ചു. ഇവര്‍ക്കായി 24 ആംബുലന്‍സുകളും രണ്ട് ബസുകളും സര്‍വീസ് നടത്തി. തീര്‍ഥാടകര്‍ സംതൃപ്തരോടെ ഹജ് കര്‍മങ്ങളില്‍ തുടരുകയാണെന്നും ഇന്ത്യന്‍ മിഷന്‍ അറിയിച്ചു. ഇന്നലെ അറഫയില്‍ 210 തീര്‍ഥാടകര്‍ക്ക് സൂര്യാഘാതത്തെ തുടര്‍ന്ന് ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.