Kerala

കുർബാന തർക്കം, അന്ത്യശാസന സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധം

ഏകീകൃത കുർബാന നിർബന്ധമാക്കി പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം

കൊച്ചി : എറണാകുളം- അങ്കമാലി അതിരൂപത കുർബാന തർക്കത്തില്‍ പള്ളികളിൽ അന്ത്യശാസന സര്‍ക്കുലര്‍ വായിച്ചില്ല. സർക്കുലർ കീറിയും കത്തിച്ചും പ്രതിഷേധിച്ചു. ഏകീകൃത കുർബാന നിർബന്ധമാക്കി പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
എളംകുളം പള്ളിയില്‍ സര്‍ക്കുലര്‍ കീറി ചവറ്റുകുട്ടയില്‍ എറിഞ്ഞു. തൃപ്പൂണിത്തുറ ഫൊറോന പള്ളിയിലും പുതിയകാവ് പള്ളിയിലും സര്‍ക്കുലര്‍ കത്തിച്ചു. അടുത്ത മാസം മൂന്ന് മുതല്‍ പള്ളികളില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന് നിര്‍ദേശിക്കുന്ന സര്‍ക്കുലര്‍ ഇന്ന് എല്ലാ പള്ളികളിലും വായിക്കാനായിരുന്നു നിര്‍ദേശം.

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരും ചേര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. എന്നാല്‍, ഇന്നു രാവിലെ മുതല്‍ പള്ളികളില്‍ വിശ്വാസികള്‍ സര്‍ക്കുലറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. അല്‍മായ മുന്നേറ്റത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.

സര്‍ക്കുലര്‍ ചവറ്റുകുട്ടയിലെറിഞ്ഞും കത്തിച്ചുമായിരുന്നു വിശ്വാസികളുടെ പ്രതിഷേധം. എളംകുളം ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ സര്‍ക്കുലര്‍ ചവറ്റുകുട്ടയിലെറിഞ്ഞ് പ്രതിഷേധിച്ചു. കുര്‍ബാനക്ക് ശേഷം പുറത്തിറങ്ങിയ വിശ്വാസികളാണ് സര്‍ക്കുലര്‍ ചവറ്റുകുട്ടയിലെറിഞ്ഞത്. എല്ലാ പള്ളികളിലും സര്‍ക്കുലര്‍ കത്തിക്കുമെന്നും വിമത വിഭാഗത്തിന്റെ പ്രഖ്യാപനമുണ്ട്. ഭൂരിഭാഗം പള്ളികളിലും സഭാ നേതൃത്വം നിര്‍ദേശിക്കുന്ന ഏകീകൃത കുര്‍ബാന ഇതുവരെ നടപ്പാക്കാനായിട്ടില്ല. തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ചേര്‍ന്ന സിനഡ് യോഗത്തിലും പ്രശ്‌ന പരിഹാരത്തിന് വഴി കണ്ടെത്തിയിട്ടില്ല.