തീം പാർക്ക് റൈഡിനിടെ അപകടം. പോർട്ട്‌ലാൻഡിലെ ഓക്‌സ് അമ്യൂസ്‌മെൻ്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം. അറ്റ്മോസ്ഫിയർ റൈഡിനിടെ മുപ്പതോളം പേർ 50 അടി ഉയരത്തിൽ കുടുങ്ങുകയായിരുന്നു. 30 മിനിറ്റിലധികം തലകീഴായി തൂങ്ങിക്കിടന്നതിന് ശേഷമാണ് ഇവരെ രക്ഷപ്പെടുത്തുന്നത്.
ജൂൺ 14, വെള്ളിയാഴ്ചയാണ് അപകടം നടന്നത്. റൈഡ് ആരംഭിച്ച ഏറ്റവും ഉയരത്തിൽ എത്തിയപ്പോൾ യന്ത്ര തകരാർ ഉണ്ടാവുകയായിരുന്നു. യന്ത്രം നിന്നു പോകുന്ന സമയത്ത് ജനങ്ങൾ തലകീഴായി തൂങ്ങി കിടക്കുകയായിരുന്നു. ഉടൻതന്നെ ഇവരെ രക്ഷിക്കാൻ പോർട്ട്ലാൻഡ് ഫയർ ആൻഡ് റെസ്ക്യൂ സ്ഥലത്തെത്തിയെങ്കിലും 30 മിനിറ്റോളം മേലെ വേണ്ടിവന്നു ജനങ്ങളെ താഴെ എത്തിക്കാൻ. അപ്പോഴേക്കും പലരും അവശനിലയിലായിരുന്നു.
അപകടം സംഭവിച്ചത് തൊട്ടു പിന്നാലെ തന്നെ ജനങ്ങളെല്ലാം ഉറക്കെ നിലവിളിച്ചു. കൊച്ചു കുട്ടികളടക്കം റൈഡിൽ കുടുങ്ങിയിരുന്നു. നിലവിൽ ഇവർക്കാർക്കും ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി. യന്ത്രം എന്തുകൊണ്ടാണ് നിന്നുപോയതെന്ന് പരിശോധിക്കുമെന്നും അറ്റ കുറ്റപ്പണികൾ ഉള്ളതിനാൽ താത്കാലികമായി റൈഡ് നിർത്തിവച്ചുവെന്നും പാർക്ക് അധികൃതരും അറിയിച്ചു.