വിവാദമായ കാഫിര്‍ പോസ്റ്റ് വിഷയത്തില്‍ വാക്കു തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും പുതിയ തലങ്ങളിലേക്ക്. കാഫിര്‍ പ്രയോഗത്തിന്റെ സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്ത മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന സമിതി അംഗവുമായ കെ.കെ. ലതിക പോസ്റ്റ് പിന്‍വലിച്ചതോടെ വിഷയം മറ്റൊരു തലത്തിലേക്കാണ് നീങ്ങുന്നത്. കാഫിര്‍ വിഷയത്തില്‍ കെ.കെ. ലതികയെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് പ്രൊഫൈല്‍ ലോക്ക് ചെയ്തത്. വ്യാജമാണെന്ന് അറിഞ്ഞിട്ടും പോസ്റ്റ് പിന്‍വലിക്കാത്തതില്‍ കെ.കെ. ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ, കാഫിര്‍ പോസ്റ്റ് പിന്‍വലിച്ചു എന്നുപറയുന്ന സംഭവം അംഗീകരിക്കാനാവില്ലെന്നു കെ.കെ.ലതികയെ പൊലീസ് അറസ്റ്റു ചെയ്യണമെന്നും കെ.കെ.രമ എംഎല്‍എ. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത കാര്യം പങ്കുവച്ചതിലൂടെ സിപിഎം അണികളെയടക്കം ധാരാളം പേരെ തെറ്റിദ്ധരിപ്പിക്കുകയാണ് ലതിക ചെയ്തതെന്നും രമ പറഞ്ഞു. ‘ഒരു നാടിനെ മുഴുവന്‍ വര്‍ഗീയമായി വേര്‍തിരിക്കാന്‍ നേതൃത്വം കൊടുക്കുകയാണ് ഇവര്‍ ചെയ്തത് ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിന് പൊലീസ് തയാറായിരുന്നില്ല ഇന്നലെവരെ ലതികയുടെ ഫെയ്സ്ബുക്ക് പേജില്‍ നിന്നാണ് ഈ വിവരം കൂടുതലായി പങ്കുവയ്ക്കപ്പെട്ടത് ആധികാരികമായി സിപിഎമ്മിന്റെ ഒരു നേതാവ് പറയുമ്പോള്‍ അത് വിശ്വസിക്കാന്‍ അണികളടക്കം ധാരാളംപേരുണ്ടായെന്നും രമ പറഞ്ഞു.
കാഫിര്‍ പ്രയോഗത്തില്‍ പൊലീസ് സിപിഎമ്മിന് വേണ്ടി നടത്തിയ ഒളിച്ചുകളിയാണ് പുറത്തുവന്നിരിക്കുന്നതെന്ന് വടകര എംപി ഷാഫി പറമ്പില്‍. യഥാര്‍ഥ പ്രതിയെ രക്ഷപ്പെടുത്താനുള്ള വഴിയാണ് പൊലീസ് നോക്കിയതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. ആര്‍ജവം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി യഥാര്‍ഥ പ്രതിയെ പിടിക്കാന്‍ നിര്‍ദേശം നല്‍കണം. ആവശ്യമുള്ളപ്പോള്‍ തലോടുകയും അല്ലാത്തപ്പോള്‍ തള്ളിപ്പറയുകയും ചെയ്യുകയാണ്. ഇതാണ് ഇപ്പോഴത്തെ, സൈബര്‍ പോരാളികളെ തള്ളിപ്പറയുന്നതിന് പിന്നിലെ രാഷ്ട്രീയമെന്നും ഷാഫി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ‘യൂത്ത് ലീഗ് നെടുമ്പ്രമണ്ണ’ എന്ന വാട്സാപ് ഗ്രൂപ്പില്‍നിന്ന് യൂത്ത് ലീഗ് നേതാവ് പി.കെ മുഹമ്മദ് ഖാസിമിന്റെ പേരിലുള്ള സ്ക്രീന്‍ഷോട്ടാണു പുറത്തുവന്നത്. എന്നാല്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതിനു പിന്നില്‍ ആരാണെന്നു കണ്ടെത്താനായിട്ടില്ലെന്നു വടകര പൊലീസ് ശനിയാഴ്ച്ച ഹൈക്കോടതിയെ അറിയിച്ചു. ഖാസിമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവൊന്നും കണ്ടെത്താനായിട്ടില്ലെന്നും അതേസമയം, ഖാസിമിന്റെ പങ്ക് തള്ളിക്കളയാനുമാവില്ല എന്നും വടകര റൂറല്‍ എസ്പി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് റൂറല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഖാസിമിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ഇത്തരമൊരു പോസ്റ്റ് ആ ഫോണില്‍ നിര്‍മ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തതായി കണ്ടെത്തിയിട്ടില്ല എന്നും പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു
സ്ക്രീന്‍ഷോട്ട് ആദ്യമായി ഫെയ്സ്ബുക്കില്‍ പ്രചരിപ്പിച്ചത് ‘അമ്പാടിമുക്ക് സഖാക്കള്‍’ എന്ന ഫെയ്സ്ബുക് ഗ്രൂപ്പാണ് ഇപ്പോഴും ഈ പോസ്റ്റ് നിലനില്‍ക്കുന്ന ‘പോരാളി ഷാജി’ എന്ന അക്കൗണ്ട് സംബന്ധിച്ചും വിവരങ്ങള്‍ ഫെയ്സ്ബുക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നു പൊലീസ് പറഞ്ഞിരുന്നു കേസുമായി ബന്ധപ്പെട്ട കുറ്റ്യാടി മുന്‍ എംഎല്‍എ കെ.കെ.ലതിക അടക്കം 12 പേരെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ടെന്നു പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.