ചപ്പാത്തി ഉണ്ടാകുമ്പോൾ പലർക്കും ഉണ്ടാകുന്ന പ്രശ്‌നമാണ് ചപ്പാത്തി ഹാർഡായി ഇരിക്കുന്നത്. ചിലര്‍ ചപ്പാത്തി സോഫ്റ്റാകുവാന്‍ മൈദമാവ് ഉപയോഗിക്കാറുണ്ട്. ചിലര്‍ മാര്‍ക്കറ്റില്‍തന്നെ ലഭ്യമായിട്ടുള്ള ചില പൊടികളായിരിക്കും ഇതിനായി ഉപയോഗിക്കുന്നത്. ഇതുംകൂടാതെ ചിലര്‍ ചൂടുവെള്ളം ഒഴിച്ചും ചപ്പാത്തി ഉണ്ടാക്കാറുണ്ട്. ചപ്പാത്തി സോഫ്റ്റായി ഉണ്ടാക്കിയെടുക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ നോക്കിയാലോ?
ചപ്പാത്തി മാവ് കുഴയ്ക്കുമ്പോൾ നല്ലവണ്ണം അമർത്തി സോഫ്റ്റ് ആകുംവരെ കുഴക്കണം. ഇത്തരത്തിൽ കുഴച്ചുണ്ടാക്കിയ മാവ് പരത്താനും എളുപ്പമാണ്, കൂടാതെ സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാനും സാധിക്കും. നല്ലപോലെ തിളപ്പിച്ച വെള്ളം കുറച്ച് കുറച്ചായി പൊടിയിലേക്ക് ഒഴിക്കുക. ഒരു സ്പൂൺ കൊണ്ട് നന്നായി ഇളക്കുക. ചൂടാറിയശേഷം കുഴയ്ക്കുക. അതിനുശേഷം മുകളില്‍ വെളിച്ചെണ്ണ കുറച്ച് തൂവികൊടുക്കാം.
ഈ മാവിലേയ്ക്ക് ഒഴിച്ച വെള്ളത്തിന്റെ പാകം കൃത്യമാണോ എന്നറിയാന്‍ ഒരു വഴിയുണ്ട്. കുഴയ്ക്കുമ്പോള്‍ മാവ് ഒട്ടും പാത്രത്തില്‍ പിടിക്കാതെ പോരും. അതിനുശേഷം ബോൾസായി കട്ടി കുറച്ച് പരത്തിയെടുക്കാവുന്നതാണ്.
ചപ്പാത്തി സോഫ്റ്റായികിട്ടാന്‍ ചുടുമ്പോഴും ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അതായത്, നമ്മള്‍ ചട്ടിയിലേയ്ക്ക് ഇട്ട് കുറേനേരം ഒരുവശം തന്നെ ഇടരുത്. ഇട്ട് വേഗം മറച്ചിടുക. അധിക സമയം ഒരുവശം കിടക്കുവാന്‍ അനുവദിക്കരുത്. ചപ്പാത്തിയില്‍ കുമിളകള്‍ പൊന്തുമ്പോള്‍ മാത്രം പ്രസ്സ് ചെയ്യുക. എന്നിട്ട് മറച്ചിട്ട് പാത്രത്തിലാക്കി മൂടി വയ്ക്കുക. ഇങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് സോഫ്റ്റ് ചപ്പാത്തി ലഭിക്കുന്നതാണ്.