പശ്ചിമ ബംഗാളിലെ സിലിഗുഡിയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കഴിഞ്ഞ പത്ത് വര്‍ഷമായി റെയില്‍വേ മന്ത്രാലയത്തില്‍ കെടുകാര്യസ്ഥതയാണെന്നും സ്വയം പ്രമോഷന്റെ വേദിയാക്കി റെയില്‍വേയെ മാറ്റിയെന്നും ഖാര്‍ഗെ വിമര്‍ശിച്ചു. സ്വയം പ്രമോഷന് വേണ്ടി ക്യാമറാ പ്ലാറ്റ്ഫോമാക്കി റെയില്‍വേയെ മാറ്റിയത് ചൂണ്ടിക്കാണിക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ടെന്നും ഖര്‍ഗെ വ്യക്തമാക്കി.
ട്രെയിന്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഖര്‍ഗെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉടനടി നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. ‘ജല്‍പായ്ഗുരിയില്‍ ട്രെയിന്‍ ദുരന്തത്തില്‍ നിരവധി പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഒട്ടേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ അങ്ങേയറ്റം ദുഖമുണ്ട്. ദൃശ്യങ്ങള്‍ വേദനാജനകമാണ്. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ’. ഖര്‍ഗെ എക്സില്‍ കുറിച്ചു.
അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. 50 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരിച്ചവരില്‍ രണ്ട് പേര് ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റുമാരും ഉള്‍പ്പെടുന്നു. കാഞ്ചന്‍ജംഗ എക്സ്പ്രസിലെ ഗാര്‍ഡും അപകടത്തില്‍ മരിച്ചു. ട്രെയിനിന്റെ പിന്നില്‍ വന്ന് ഗുഡ്സ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. രംഗപാണി റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ത്രിപുരയിലെ അഗര്‍ത്തലയില്‍നിന്ന് പശ്ചിമ ബംഗാളിലെ സെല്‍ഡയിലേക്ക് സര്‍വീസ് നടത്തുന്ന 13174 കാഞ്ചന്‍ജംഗ എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. ഗുഡ്സ് ട്രെയിന്‍ സിഗ്നല്‍ മറികടന്ന് പാസഞ്ചര്‍ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.