ഫാദേഴ്സ് ഡേയ്ക്ക് തന്റെ ആദ്യ നോവല്‍ പുറത്തിറക്കി ബോളിവുഡ് താരം ആലിയ ഭട്ട്. ദി അഡ്വഞ്ചേഴ്സ് ഓഫ് ഇഡി-എ-മമ്മ: ഇഡി ഫൈന്‍ഡ്സ് എ ഹോം’ എന്ന ചിത്രകഥാ പുസ്തകമാണ് ആലിയ പുറത്തിറക്കിയത്. ആലിയയുടെ കിഡ്സ് വെയര്‍ ബ്രാന്‍ഡായ ഇഡി-എ-മമ്മയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പരമ്പരയിലെ ആദ്യ പുസ്തകമായ ‘ഇഡി ഫൈന്‍ഡ്സ് എ ഹോം’ പുറത്തിറക്കിയതെന്ന് ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തന്വി ഭട്ടിന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. പുതുതായി പ്രസിദ്ധീകരിച്ച പുസ്തകത്തിനൊപ്പം ആലിയ തന്റെ ഫോട്ടോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
”ഒരു പുതിയ സാഹസികത ആരംഭിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. ‘ഇഡി-എ-മമ്മയുടെ യൂണിവേഴ്സിൽ നിന്നുള്ള ഒരു പുതിയ പുസ്തക പരമ്പരയുടെ തുടക്കം മാത്രമാണ് ‘ഇഡി ഫൈന്‍ഡ്സ് എ ഹോം’. കഥ പറച്ചിലുകളും കഥകളും നിറഞ്ഞതായിരുന്നു എന്റെ കുട്ടിക്കാലം. ഒരു ദിവസം എന്റെ ഉള്ളിലെ ആ കുട്ടിയെ പുറത്തെടുത്ത് കുട്ടികള്‍ക്കായൊരു പുസ്തകം ഒരുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഞങ്ങളുടെ ആദ്യ പുസ്തകത്തെ ജീവസുറ്റതാക്കാന്‍ സഹായിച്ച എന്റെ സഹ കഥാകൃത്തുക്കളായ വിവേക് കാമത്ത്, @sabnamminwalla, @tanvibhat.draws എന്നിവരോട് ഞാന്‍ നന്ദി പറയുന്നു’.- ആലിയ കുറിച്ചു.
പെന്ഗ്വിന് ബുക്സ് ഇന്ത്യയുടെ കുട്ടികളുടെ വിഭാഗമായ പഫിന് ബുക്സ് ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 259 രൂപയാണ് ആമസോണില്‍ പുസ്തകത്തിന്റെ വില. എടമ്മയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പുസ്തകത്തിന്റെ വില 299 രൂപയാണ്.