Kerala

തിരുവല്ലയിൽ മദ്യപിച്ച് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയ പോലീസുകാരനെതിരെ കേസ്

തിരുവല്ല: തിരുവല്ലയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജ്‌കുമാറിനെതിരെ തിരുവല്ല സിഐയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഇയാളെ പിന്നീട് മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ആശുപത്രിയിലും ബഹളം ഉണ്ടാക്കിയെന്ന് എഫ്ഐആർ. സംഭവം ഉന്നത തലത്തിലേക്ക് പരാതിപ്പെടേണ്ട എന്ന് മറ്റു പോലീസുകാര്‍ കരുതിയെങ്കിലും പിന്നീട് സ്ഥിതി രൂക്ഷമായതോടെ സി.ഐ തന്നെ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.

മദ്യപിച്ചുവെന്ന് തെളിയിക്കാനുള്ള വൈദ്യപരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴും രാജ്കുമാര്‍ ബഹളം തുടര്‍ന്നു. ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. ദൂരസ്ഥലത്തേക്ക് സ്ഥലം മാറ്റമുള്‍പ്പെടെ ശക്തമായ നടപടി വേണമെന്ന ശുപാര്‍ശയാണ് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയത്.

കേരള പൊലീസ് ആക്ട് 2011 ലെ 118 എ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Tags: Police