തെൽ അവീവ്: യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ആറംഗ യുദ്ധകാല കാബിനറ്റ് പിരിച്ചുവിടുകയാണെന്ന് നെതന്യാഹു അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന കാബിനറ്റ് യോഗത്തിലാണ് യുദ്ധകാല മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനം നെതന്യാഹു എടുത്തതെന്നാണ് റിപ്പോർട്ട്.
അടിയന്തരാവസ്ഥാ സർക്കാരിൽ നിന്നുള്ള ബെന്നി ഗാന്റ്സിന്റെ രാജിക്ക് പിന്നാലെയാണ് യുദ്ധ മന്ത്രിസഭ പിരിച്ചു വിട്ടതെന്ന് അഭ്യൂഹമുണ്ട്. മിതവാദി രാഷ്ട്രീയക്കാരനായ ബെന്നി ഗാന്റ്സ് കഴിഞ്ഞ വർഷമാണ് അടിയന്തര സഖ്യത്തിൽ ചേർന്ന് യുദ്ധകാല സര്‍ക്കാറിന്റെ ഭാഗമായത്. ബെന്നി ഗാന്റ്സിന്റെ രാജിയോടെ യുദ്ധ മന്ത്രിസഭയുടെ ആവശ്യമില്ലെന്ന് നെതന്യാഹു മന്ത്രിമാരോട് പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നുണ്ട്. ആറംഗ യുദ്ധ കാബിനറ്റിലെ ഒരംഗമായ ഗാന്റ്സ്, മന്ത്രിസഭയിലെ മൂന്ന് നിരീക്ഷകരില്‍ ഒരാളായ ഗാഡി ഐസെൻകോട്ടിനൊപ്പം അടുത്തിടെ രാഷ്ട്രീയ സഖ്യത്തില്‍ നിന്നും പിന്മാറിയിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതിരുന്ന നെതന്യാഹു, തീവ്ര വലതുപക്ഷ പാര്‍ട്ടികളെ ഒപ്പം കൂട്ടിയാണ് മന്ത്രിസഭ രൂപീകരിച്ചത്. അതേസമയം, തീവ്രവലതുപക്ഷ സഖ്യകക്ഷികള്‍ പുതിയ യുദ്ധ മന്ത്രിസഭയ്ക്കായി നെതന്യാഹുവിന്റെ നേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
യുദ്ധമന്ത്രിസഭ പിരിച്ചുവിട്ടാലും സംഘർഷത്തിൽ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. യുദ്ധ തീരുമാനങ്ങളെടുക്കുക സുരക്ഷാ ക്യാബിനെറ്റാണ് എന്നതാണ് കാരണം. യുദ്ധമന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനം ഇസ്രയേലില്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ കടുപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഫലസ്തീനിലേക്കുള്ള സഹായവിതരണം പൂർത്തീകരിക്കാൻ ദക്ഷിണ ഗസ്സയിലേക്കുള്ള വഴിയിലുടനീളം പകൽസമയത്ത് യുദ്ധമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ സൈന്യ രംഗത്തെത്തിയതായുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ, ലോകമാകെ ആവശ്യപ്പെടുന്ന സമ്പൂർണ വെടിനിർത്തലല്ല ഇതെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. റഫ മേഖലയിലാകും വെടിനിർത്തൽ. കാലത്ത് എട്ടുമുതൽ വൈകീട്ട് ഏഴുമണിവരെയുള്ള വെടിനിർത്തൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്നും ഇസ്രായേൽ സൈന്യം അറിയിച്ചിരുന്നു.