ആഡംബര പട്രോളിങ് വാഹനനിരയിലേക്ക് ടെസ്ലയുടെ പുതിയ സൈബർ ട്രക്കും ചേർത്ത് ദുബായ് പോലീസ്. സുരക്ഷാ സേനയ്ക്കൊപ്പം ഈ അഞ്ചാം നമ്പർ വൈദ്യുത വാഹനവും ഇനി മുന്നിലുണ്ടാകും. ബലിപെരുന്നാൾ ദിനത്തിൽ ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അകമ്പടി പോകുന്ന പച്ച, വെള്ള നിറത്തിലുള്ള ട്രക്കിന്റെ ചിത്രങ്ങൾ പോലീസാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ടത്.
അൾട്രാ-ഹാർഡ് 30 എക്സ് കോൾഡ്-റോൾഡ് സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമിച്ച ട്രക്ക് രൂപത്തിലുള്ള വാഹനം പ്രകടന മികവിലും മുന്നിലാണ്. ഉയർന്ന പ്രതിരോധശേഷിയുള്ള ടെസ്ല ആർമർ ഗ്ലാസുകളാണ് വാഹനത്തിൽ ഉപയോഗിച്ചിട്ടുള്ളത്. 11,000 പൗണ്ട് വരെ ഭാരം വഹിക്കാൻ ട്രക്കിന് സാധിക്കും.
ആറ് പേർക്ക് വിശാലമായി ഇരുന്ന് യാത്ര ചെയ്യാം. ലംബോർഗിനി അവെന്റഡർ, ഔഡി ആർ 8 കൂപ്പെ വി 10, ബെന്റ്ലി കോണ്ടിനെന്റൽ ജി.ടി., മക്ലെരൻ എം.പി.4-12 സി,ആസ്റ്റൺ മാർട്ടിൻ വൺ-77, മെഴ്സിഡീസ്-എ.എം.ജി. ജി.ടി.63 എസ്, ബുഗാട്ടി വെയ്റൻ, ടൊയോട്ട 2021 ജി.ആർ. സുപ്ര എന്നിങ്ങനെ ലോകത്തെ അത്യാഡംബരവും വേഗതയേറിയതുമായ വാഹനങ്ങളുടെ വലിയ ശേഖരം ദുബായ് പോലീസിനുണ്ട്.
പ്രധാന പരിപാടികളിലും ആഘോഷവേളകളിലും വിനോദസഞ്ചാരികളെയും സന്ദർശകരെയും സഹായിക്കുന്നതിൽ പട്രോളിങ് നിർണായക പങ്ക് വഹിക്കുന്നുണ്ട്. ആഗോളതലത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിലുള്ള എമിറേറ്റിന്റെ പദവി ശക്തിപ്പെടുത്തുന്നതിന് വാഹനനിരയുടെ വിപുലീകരണം സഹായിക്കുമെന്നാണ് വിലയിരുത്തൽ.