മനുഷ്യമനസ്സുകളിൽ അനുകമ്പയും ആര്‍ദ്രതയും മാനവികതയും ഉണര്‍ത്തി ഒരു ബലിപ്പെരുന്നാള്‍ കൂടി വന്നണയുകയാണ്. ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മയീലിൻ്റെയും ത്യാഗവും വിശ്വാസവും ലോകമെമ്പാടുമുള്ള വിശ്വാസികളെ ഓർമ്മപ്പെടുത്തുന്ന ഈ ആഘോഷം ഹജ്ജ് പെരുന്നാൾ എന്നും അറിയപ്പെടുന്നു. ദൈവത്തിന്‍റെ പ്രീതിക്കുവേണ്ടി ഏറ്റവും വിലപ്പെട്ടതിനെ ത്യജിക്കുവാനുള്ള സന്നദ്ധതയാണ് ഈ ആഘോഷത്തിലൂടെ ഉൽഘോഷിക്കപ്പെടുന്നത്. സമ്പൂര്‍ണ്ണമായ സമര്‍പ്പണത്തിന്‍റെയും സഹനത്തിന്‍റെയും ഉൽസവമാണ് ബക്രീദ്.”ഈദി”ൻ്റെ അർത്ഥം ആഘോഷം ആനന്ദം, ആവർത്തനം എന്നെല്ലാമാണ്. അബ്രഹാം പ്രവാചകനാണ് പെരുന്നാൾ സുദിനത്തിലും ബലി ഉൾപ്പടെയുള്ള ഹജ്ജിൻ്റെ അനുഷ്ഠാനങ്ങളിലും നിറഞ്ഞ് നിൽക്കുന്നത്. ഊഷരമായ ജീവിത പരിസരങ്ങളിൽ ആത്മബലം കൊണ്ട് അതിജീവനം നടത്തിയ മാതൃകാ പുരുഷനാണ് അബ്രഹാം പ്രവാചകൻ അഥവാ ഇബ്രാഹിം നബി.
ഒരുലക്ഷത്തിൽപരം പ്രവാചകൻമാർ തനിക്ക് മുമ്പ് മനുഷ്യവംശത്തെ വഴിനടത്താൻ അവതീർണ്ണരായിട്ടുണ്ട് എന്നാണ് മുഹമ്മദ് നബി ലോകത്തോട് പറഞ്ഞത്. വ്യത്യസ്ത കാലഘട്ടങ്ങളിൽ വിവിധ രാജ്യങ്ങളിലെ വ്യതിരിക്ത സമൂഹങ്ങളെ വഴികേടിൽ നിന്ന് സൽപാന്ഥാവിലേക്ക് നയിച്ചവരാണ് അവരെല്ലാം. വേദം ലഭിച്ചവരും ഏടുകൾ കിട്ടിയവരും അക്കൂട്ടത്തിലുണ്ട്. തനിക്ക് മുമ്പ് ജനങ്ങൾ കണ്ടും കേട്ടും അനുഭവിച്ച ദൈവത്തിൽ നിന്ന് അവതീർണ്ണമായ മുഴുവൻ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കാൻ ഒരു മുസ്ലിം വിശ്വാസപരമായി ബാദ്ധ്യസ്ഥനാണ്. തൻ്റെ പൂർവ്വികരുടെ വിശ്വാസ സംഹിതകളുടെ അടിസ്ഥാന തത്ത്വങ്ങളെ അംഗീകരിച്ച മുഹമ്മദ് നബി, അവയിൽ കാലാന്തരത്തിൽ കടന്നുകൂടിയ കൂട്ടിച്ചേർക്കലുകളോടാണ് വിയോജിച്ചത്. ഒരു പ്രവാചകനെയും മുഹമ്മദ് നബി തള്ളിപ്പറഞ്ഞില്ല. അവരിൽ വിശ്വാസമർപ്പിക്കണമെന്നാണ് ഉൽബോധിപ്പിച്ചത്. മറ്റുള്ളവരുടെ ആരാധനാ മൂർത്തികളെ ചീത്ത പറയരുതെന്ന് ഖുർആൻ പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്.
ജീവിതത്തിൻ്റെ അസ്തമയ കാലത്ത് ഇബ്രാഹിം നബിക്ക് ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ ബലിയറുക്കാൻ പ്രപഞ്ചനാഥൻ്റെ കൽപ്പന വന്നു. അനുസരണത്തിൻ്റെ പര്യായപദമായ ഇബ്രാഹിം, തൻ്റെ മകൻ ഇസ്മാഈലിനെ ദൈവ മാർഗ്ഗത്തിൽ ബലിയറുക്കാൻ സന്നദ്ധനായി. മകൻ അതിന് സമ്മതിച്ചു. പക്ഷെ ദൈവം മനുഷ്യബലി തടഞ്ഞു. പലസമൂഹങ്ങളിലും ദൈവപ്രീതിക്കായി നരബലി പ്രചാരത്തിലിരുന്ന കാലത്താണ് നരബലിയെ ദൈവം നിഷിദ്ധമാക്കിയത്. പകരം ഒരു ആടിനെ ബലിനടത്താനായി നൽകി. അങ്ങിനെ നരബലിക്ക് പകരം മൃഗബലി പ്രയോഗത്തിൽ വന്നു.
നമുക്കേറ്റവും ഇഷ്ടപ്പെട്ടത് ദൈവത്തിന് നൽകാൻ തയ്യാറുണ്ടോ എന്ന ചോദ്യത്തിന് മുന്നിൽ പതറാതെ ഉത്തരം നൽകിയ ഇബ്രാഹിം നബി വിജയ ശ്രീലാളിതനായി.
ഓരോരുത്തരുടെയും “ഇസ്മാഈൽ” വ്യത്യസ്തമാകും. അബ്രഹാം പ്രവാചകന് “ഇസ്മായിൽ” ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ഉണ്ടായ മകനായിരുന്നു. ചിലർക്കത് പണമാകാം, കുടുംബമാകാം, ഭാര്യയാകാം, അധികാരമാകാം, ദേഹേച്ഛകളാകാം. ആ പ്രിയപ്പെട്ടതിനെയാണ് പ്രതീകാത്മകമായി ബലികർമ്മത്തിലൂടെ ദൈവത്തിന് സമർപ്പിക്കുന്നത്. അതിലൂടെ ഒരുവ്യക്തിയിലെ മനുഷ്യത്വ വിരുദ്ധമായ ഘടകത്തെയാണ് ഇല്ലാതാക്കുന്നത്. ബലികർമ്മത്തിന് പണം നൽകുന്നവരിൽ എത്രപേർ ഇതൊക്കെ ആലോചിക്കുന്നുണ്ടാകും?
വിജനമായ മരുഭൂമിയിൽ പ്രിയതമയേയും പിഞ്ചുമകനേയും താമസിപ്പിക്കാൻ സൃഷ്ടാവ് ആവശ്യപ്പെട്ട സന്ദർഭം. സംശയമേതും കൂടാതെ ഇബ്രാഹിം നബി അവയെല്ലാം പ്രാവർത്തികമാക്കി. മലഞ്ചെരുവിൽ ഒറ്റപ്പെട്ടുപോയ അബ്രഹാമിൻ്റെ നല്ലപാതി ഹാജറ, മകൻ ഇസ്മാഈൽ വെള്ളത്തിനായി കരഞ്ഞപ്പോൾ ദാഹജലം തേടി സഫാ-മർവ എന്നീ കുന്നുകൾക്കിടയിലൂടെ ഓടി നടന്നു. കറുത്ത വർഗ്ഗക്കാരിയും അടിമസ്ത്രീയുമായ ഹാജറ ഓടിയതിനെ അനുസ്മരിച്ച് ഹജ്ജ് കർമ്മത്തിനെത്തുന്ന എല്ലാ ദേശക്കാരും നിറക്കാരും ഗോത്രക്കാരും ഭാഷക്കാരും ആ കുന്നുകൾക്കിടയിലൂടെ ഓടണം. ഹജ്ജിൻ്റെ കർമ്മങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണത്. ഏത് രാജാവാണെങ്കിലും പ്രജയാണെങ്കിലും കോടീശ്വരനാണെങ്കിലും ഹാജറ ഓടിയ സ്ഥലത്തുകൂടെ ഓടിയേ പറ്റൂ. മനുഷ്യൻ്റെ സവർണ്ണ മേധാവിത്വ ബോധത്തിൻ്റെ ചിറകരിയുകയാണ് ഇതിലൂടെ ഇസ്ലാം ചെയ്യുന്നത്.
ഇസ്ലാമിലെ ആഘോഷങ്ങളിലും സംഗമങ്ങളിലുമെല്ലാം സാമൂഹിക ഉത്തരവാദിത്ത നിർവഹണത്തിൻ്റെ തലങ്ങൾ കാണാനാകും. നോമ്പ് പെരുന്നാളിലും ഹജ്ജ് പെരുന്നാളിലും അത് പ്രകടമാണ്. ചെറിയപെരുന്നാളിലെ ഫിത്വർ സക്കാത്തും (അവനവൻ്റെ ഭക്ഷണത്തിനുള്ളത് വീട്ടിൽ ബാക്കിവെച്ച് ആളൊന്നിന് മൂന്ന് കിലോ വെച്ചുള്ള ഭക്ഷ്യധാന്യത്തിൻ്റെ നിർബന്ധ ദാനം) ബലിപെരുന്നാളിലെ ബലിമാംസ വിതരണവും ഉദാഹരണം. പെരുന്നാൾ ദിവസങ്ങളിൽ ആഹാരിക്കാൻ ക്ഷാമമുള്ള വീടുകൾ ഉണ്ടാവാതെ നോക്കേണ്ട കടമ വിശ്വാസികൾക്കുണ്ട്. സമ്പന്നർ തിമർത്ത് ആഘോഷിക്കുകയും പാവപ്പെട്ടവർ സാധാരണ ഭക്ഷണത്തിൽ ഒതുങ്ങുകയും ചെയ്യുന്ന സ്ഥിതി ഒഴിവാക്കാനാണ്
സാമൂഹിക സന്തുലിതാവസ്ഥ ഉണ്ടാവണം എന്ന ലക്ഷ്യത്തോടെ മുഹമ്മദ്നബി “ഫിത്വർ സകാത്തും” “ബലികർമ്മവും” പരിചയപ്പെടുത്തിയത്.
ബലികർമത്തിന്റെ സാമൂഹികമാനം പാവപ്പെട്ടവരുടെ വീടകങ്ങളിലേക്ക് ഭക്ഷണമെത്തിക്കുക എന്നതു തന്നെയാണ്.
ചെറിയ പെരുന്നാൾ വിശപ്പിൻ്റെ വിലയറിഞ്ഞ വ്രതാനുഷ്ഠാനത്തിന് ശേഷമുള്ള വിജയ വിളംബരമാണെങ്കിൽ ബലിപെരുന്നാളിൻ്റെ സവിശേഷത വിശുദ്ധ ഹജ്ജ് കർമ്മത്തോടുള്ള ഐക്യദാർഢ്യമാണ്.
ലക്ഷക്കണക്കിന് മനുഷ്യർ വിശുദ്ധ മക്കയിൽ സംഗമിക്കുമ്പോൾ അവരോട് ഐക്യപ്പെട്ട് ലോകത്തിൻ്റെ നാനാഭാഗങ്ങളിലുള്ള ഇസ്ലാംമത വിശ്വാസികൾ ലോകമെങ്ങും മൃഗബലി നടത്തി ബലിപെരുന്നാൾ ആഘോഷിക്കുകയും ബലിമാംസം ദരിദ്രരുടെ വീടുകളിൽ എത്തിക്കുകയും ചെയ്യുന്നു.
വിശ്വമാനവികതയുടെ സന്ദേശമാണ് ഹജ്ജ്. ഹജ്ജിനോളം മനുഷ്യൻ്റെ ഹൃദയബന്ധവും നിസ്സാരതയും വിളിച്ചോതുന്ന അനുഷ്ഠാനം വേറെ ഉണ്ടോ എന്ന് സംശയമാണ്. രാജാവിനും പ്രജക്കും ഒരേ വേഷം! വെളുത്തവൻ്റെയും കറുത്തവൻ്റെയും തോളുരുമ്മിയുള്ള നിൽപ്പും നടത്തവും. കോടീശ്വരനും പരമദരിദ്രനും ചുണ്ടിൽ ഒരേമന്ത്രം ഉരുവിട്ടുള്ള ‘കഅബ’ പ്രദക്ഷിണം. ഭണ്ഡാരപ്പെട്ടിയില്ലാത്ത തീർത്ഥാടന കേന്ദ്രമാണ് മക്കയും മദീനയും. മക്കയിലെ വിശുദ്ധ കഅബാലയത്തിനടുത്തോ മദീനയിലെ പ്രവാചകൻ്റെ അന്ത്യവിശ്രമ സ്ഥലത്തിനടുത്തോ ഒരു ഭണ്ഡാരപ്പെട്ടിയുമില്ല. ഈ രണ്ട് തീർത്ഥാടന കേന്ദ്രങ്ങളുടെയും എല്ലാ ചെലവുകളും വഹിക്കുന്നത് സൗദി ഗവൺമെൻ്റൊണ്. അതിലേക്ക് ഒരു രൂപ പോലും ആരിൽ നിന്നും സംഭാവന സ്വീകരിക്കില്ല. സാമ്പത്തികമായും ശാരീരികമായും ശേഷിയുള്ളവർക്ക് മാത്രമാണ് ഹജ്ജ് നിർബ്ന്ധമാക്കിയിരിക്കുന്നത്. പരസ്പരം ബഹുമാനിക്കാനും ആദരിക്കാനും തീർത്ഥാടകരെ പഠിപ്പിക്കുന്ന മഹാസംഗമമാണ് ഹജ്ജ്. പ്രവാചകൻ മുഹമ്മദ് നബി ഒരു ഹജ്ജേ ജീവിതത്തിൽ നിർവ്വഹിച്ചിട്ടുള്ളൂ.
മക്കാ താഴ്വരയിൽ അറഫാ മൈതാനത്ത് തടിച്ചുകൂടിയ ജനങ്ങളെ സാക്ഷിയാക്കി സർവ്വ സാമ്പത്തിക ചൂഷണത്തിൻ്റെയും അടിവേരായി ഗണിക്കപ്പെടുന്ന പലിശ നിരോധനം മുഹമ്മദ് നബി പ്രഖ്യാപിച്ചു. തൻ്റെ പിതൃവ്യൻ അബ്ബാസിൻ്റെ എല്ലാ പലിശയും ഇന്നേദിവസം റദ്ദാക്കപ്പെട്ടിരിക്കുന്നു എന്ന് വിളിച്ചു പറഞ്ഞാണ് ചരിത്രപ്രസിദ്ധമായ ആ പ്രഖ്യാപനം മുഹമ്മദ് നബി നടത്തിയത്. പ്രവാചകൻ്റെ പ്രഥമ ഹജ്ജിലെ വിടവാങ്ങൽ പ്രസംഗത്തിലാണ് പലിശ വാങ്ങലും കൊടുക്കലും നിഷിദ്ധമാണെന്ന് പ്രസ്താവിച്ചത്. പലിശ നിരോധനത്തിൻ്റെ ഓരോ വർഷവുമുള്ള ഓർമ്മപുതുക്കൽ വാർഷികവും കൂടിയാണ് യഥാർത്ഥത്തിൽ ഹജ്ജ്. സാമൂഹിക സമത്വം വിളംബരം ചെയ്യുന്നതോടൊപ്പം സാമ്പത്തിക ചൂഷണത്തിനെതിരെയുള്ള ആഹ്വാനവും ഹജ്ജിൻ്റെ ഉൾക്കാമ്പാണ്.
ഹജ്ജിന്റെ സർഗാത്മകവും മാനവികവുമായ ഭാവങ്ങളെ അറേബ്യൻ ലോകത്തെ പല ബുദ്ധിജീവികളും എഴുത്തുകാരും സഞ്ചാരികളും തങ്ങളുടെ അതുല്യമായ സർഗ്ഗ സൃഷ്ടികളിൽ വിഷയമാക്കിയിട്ടുണ്ട്. മധ്യകാലഘട്ടത്തിൽ പുത്തൻ പരീക്ഷണങ്ങളിലൂടെ ലോക സാഹിത്യ ഭൂമികയെ അൽഭുതപ്പെടുത്തിയ അറേബ്യൻ ഉപഭൂഖണ്ഡത്തിലെ ‘സഞ്ചാരസാഹിത്യം’ ആത്മീയതയുടെ അനന്തതയിലേക്ക് വായനക്കാരനെ കൊണ്ടുപോകും. ചരിത്രാവബോധത്തിന്റെയും നാഗരിക മൂല്യങ്ങളുടെയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യും. ഹജ്ജ് വിശേഷങ്ങൾ കൈമാറുന്നതോടൊപ്പം അതിൻ്റെ ഉൺമയെ പ്രകാശിപ്പിക്കുന്ന സാഹിത്യകൃതികൾ എല്ലാ ഭാഷകളിലും ഉണ്ടായിട്ടുണ്ട്. ഇബ്നു ബത്തൂത, മുഹമ്മദ് അസദ്, മുറാദ് ഹോഫ്മാൻ, മാൽകം എക്സ് തുടങ്ങിയവരുടെ ക്ലാസിക് സാഹിത്യങ്ങൾ മുതൽ സാധാരണക്കാരായ വിശ്വാസികൾ മക്കയിൽനിന്ന് സ്വന്തം നാട്ടിലേക്ക് അയച്ച കത്തുകൾവരെ ആത്മീയതയുടെ സർഗാത്മകത ഉൾച്ചേർന്ന സാഹിത്യ സൃഷ്ടികളാണ്.
അലീശരീഅത്തിയുടെ “ഹജ്ജും” മുഹമ്മദ് അസദിൻ്റെ “മക്കയിലേക്കുള്ള പാത”യും കൂട്ടത്തിൽ എടുത്തു പറയേണ്ടവയാണ്.
മലയാളത്തിലും ഹജ്ജിനെ ആസ്പദിച്ച് ധാരാളം രചനകൾ ഉണ്ടായിട്ടുണ്ട്. സിഎച്ചിൻ്റെയും ടി.പി കുട്ട്യാമു സാഹിബിൻ്റെയും ഹജ്ജ് യാത്രാനുഭവങ്ങൾ ശ്രദ്ധേയങ്ങളാണ്. ചലചിത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട “ആദാമിൻ്റെ മകൻ അബു” ഹജ്ജിൻ്റെ പൊരുൾ എന്താണെന്ന് കാഴ്ചക്കാരെ ബോദ്ധ്യപ്പെടുത്തുന്ന ചലചിത്രമാണ്. ഇസ്ലാമോഫോബിയ അരങ്ങുതകർക്കുന്ന സമകാലിക സാഹചര്യത്തിൽ അത്തരം വിമർശനങ്ങൾക്കെല്ലാമുള്ള മറുപടി ഹജ്ജിലുണ്ട്. ഹജ്ജ് വിളംബരം ചെയ്യുന്ന സമത്വത്തിൻ്റെയും സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും ഉദാത്തമായ സന്ദേശങ്ങൾ വർത്തമാന ലോകത്ത് കൂടുതൽ ചർച്ചചെയ്യപ്പെടണം. ഈ ഹജ്ജ്പെരുന്നാൾ ചിന്തകൾ അതിന് പ്രചോദനമാകട്ടെ. ഏവർക്കും ബലിപെരുന്നാൾ ആശംസകൾ.