കേരളത്തെ മാറ്റി മറിക്കാന്‍ ആരംഭിച്ച ലോക കേരളാ സഭയില്‍ വിദ്യാര്‍ത്ഥി പ്രാതിനിധ്യം ഇല്ലാത്തത് ചോദ്യം ചെയ്ത് ജോര്‍ജിയന്‍ പ്രതിനിധി. ജോര്‍ജിയയില്‍ മലയാളികളായിട്ടുള്ളത് ആകെ 8500 പേരാണ്. ഇതില്‍ 8000 പേരും വിദ്യാര്‍ത്ഥികളാണ്. 500 പേര്‍ മാത്രമാണ് ജോലി ചെയ്യുന്നവര്‍. അതിലൊരാളാണ് ഞാന്‍. എന്തുകൊണ്ടാണ് ജോര്‍ജിയയില്‍ നിന്നും വിദ്യാര്‍ത്ഥി പ്രതിനിധികളെ ഉള്‍പ്പെടുത്താത്തതെന്ന പ്രസക്തമായ ചോദ്യം ലോക കേരളസഭ നടന്ന ശങ്കരന്‍തമ്പി ലോഞ്ചില്‍ മുഴങ്ങികേട്ടു.
നിശബ്ദരായ കേരള മന്ത്രിമാരും, ലോക കേരളസഭ നടത്തിപ്പുകാരും മുഖ്യമന്ത്രിയും എന്തുകൊണ്ടാണ് ഇങ്ങനെയൊരു ചിന്തയില്‍ എത്താത്തതെന്ന് ചിന്തിക്കുന്നതില്‍ യാതൊരു തെറ്റുമുണ്ടാകില്ല. ജോര്‍ജിയയില്‍ നിന്നും പ്രതിനിധിയായി വന്ന യുവതിയുടെ വാക്കുകള്‍ കേരള സര്‍ക്കാരിന്റെ ദീര്‍ഘ വീക്ഷണമില്ലായ്മയുടെ ഉദാഹരണമായി നിയമസഭയുടെ അകത്തളങ്ങളില്‍ അടുത്ത ലോക കേരള സഭാ സമ്മേളനം വരെ നിലനില്‍ക്കും. ഇന്ത്യയില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ വിദേശ പഠനത്തിനായി പോയ ലക്ഷക്കണക്കിന് കുട്ടികളുണ്ട്.
അവരുടെ പ്രാതിനിധ്യം എന്നത്, ഭാവിയാണ്. കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്നവരെ ഒഴിവാക്കി എന്തും വികസന പ്ലാനാണ് നിര്‍മ്മിക്കുന്നതെന്നും അവര്‍ ചോദിച്ചു. വെറും സമ്മേളത്തിനപ്പുറം വിലയില്ലാതായി മാറി ലോക കേരള സഭയില്‍ ജോര്‍ജിയയില്‍ നിന്നും എത്തിയ പ്രനിധിയെപ്പോലെ ചുരുക്കം ചിലര്‍ മാത്രമാണ് കേരളത്തിന്റെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്ന ചര്‍ച്ചകള്‍ നടത്തിയത്. മറ്റു ചര്‍ച്ചക്കാരെല്ലാം കാരണഭൂതനായ മുഖ്യമന്ത്രിയെ പ്രകീര്‍ത്തിക്കാനും, പ്രശംസിക്കാനും സമയം കണ്ടെത്തിയതല്ലാതെ കേരളത്തെ അപ്പാടെ മറന്നു എന്നുവേണം മനസ്സിലാക്കാന്‍.
ലോക കേരള സഭയയുടെ ഭാഗമായി നിയമസഭയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്, SFIയുടെ ബ്രാഞ്ച് സമ്മേളനം ഇതിനേക്കാള്‍ മെച്ചമെന്നാണ്. ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും വിലയിരുത്തിയ ശേഷമാണ് ഇത്തരം കമന്റ് പാര്‍ട്ടി അണികള്‍ പറയുന്നുതെന്ന് ഓര്‍ക്കണം. ‘NRI’ എന്നാല്‍, ‘NON RESIDENCE IN INDIA’ എന്നാണര്‍ത്ഥം. പക്ഷെ, ഇപ്പോഴത്, ‘NO RETURN INDIA’ ആയിക്കൊണ്ടിരിക്കുകയാണ്. ഗള്‍ഫിലേക്ക് ജോലിക്കായി പോകുന്നവരല്ലാതെ മറ്റൊരു രാജ്യത്തേക്കും പോകുന്നവര്‍ തിരിച്ചു വരുന്നില്ലെന്നതാണ് സത്യം.
ഗള്‍ഫില്‍ ജോലിക്കായി പോകുന്നവരില്‍ 98 ശതമാനവും തിരിച്ചെത്തുന്നുണ്ട്. എന്നാല്‍, മറ്റു രാജ്യങ്ങളില്‍ പോകുന്നവര്‍ അവിടെ തന്നെ ശിഷ്ടകാലം ജീവിക്കാന്‍ തീരുമാനിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ചില പ്രതിനിധികള്‍ പറഞ്ഞു. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. മെച്ചപ്പെട്ട ജീവിത നിലവാരവും, നല്ല ജോലിയും, സമാധാനമായ സാമൂഹ്യ അന്തരീക്ഷവും കൊടുക്കാന്‍ ഇവിടുത്തെ ഭരണാധികാരികള്‍ക്ക് കഴിയുന്നുണ്ടോ എന്നതാണ് ചോദ്യം. ഒന്നാം ലോക കേരള സഭയില്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കാന്‍ തീരുമാനിച്ച ഒരു പദ്ധതിയും ഇന്നും തുടങ്ങാനായിട്ടില്ല.
അതിന്റെ ഫോളോ അപ് ചര്‍ച്ചകള്‍ പോലും പിന്നീട് നടന്നിട്ടില്ലെന്നതാണ് വസ്തുത. ഒന്നാം ലോക കേരളസഭയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ച മെഡിക്കല്‍ ടൂറിസം എന്തുകൊണ്ടാണ് ഇതുവരെ നടപ്പാക്കാന്‍ കഴിയാതെ പോയത്. അതിന്റെ ഫോളോ അപ് ചര്‍ച്ചകള്‍ക്കു പോലും പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നുവെന്നു വേണം മനസ്സിലാക്കാന്‍. കേരളത്തിന്റെ മെഡിക്കല്‍ സംവിധാനം വളരെ മികച്ചതാണെന്ന് ലോകം തന്നെ സമ്മതിച്ചിട്ടുള്ളതാണ്. വിദേശ മലയാളികള്‍ക്ക് അവിടുത്തെ ചികിത്സ താങ്ങാനാവുന്നതല്ല. മാത്രമല്ല, അവിടുത്തെ ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന് മാസങ്ങള്‍ കാത്തിരിക്കണം.
കേരളത്തില്‍ അങ്ങനെയൊരു സാഹചര്യമില്ല. സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാര്‍ നിരവധിയുണ്ട്. വിദേശ മലയാളികള്‍ക്ക് ആറു മാസം ആവിടെയും ആറു മാസം ചികിത്സയ്ക്കായി ഇവലിടെയും വരാനുള്ള സംവിധാനത്തെ കുറിച്ചായിരുന്നു ഒന്നാം ലോക കേരള സഭയില്‍ ഗൗരവമായി ചര്‍ച്ച ചെയ്ത് തീരുമാനിച്ചത്. എന്നാല്‍, അതിനെ കുറിച്ച് പിന്നീടൊരു ചര്‍ച്ചയും നടന്നില്ലെന്ന പരാതിയാണ് ഉര്‍ന്നു കേട്ടത്. മെഡിക്കല്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകളെ പരിഗണിക്കാതെ മുന്നോട്ടു പോകാനാവില്ല. ചില മേഖലകള്‍ മാത്രം കേരളം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ സാമ്പത്തികമായി വലിയ നേട്ടവും വളര്‍ച്ചയും കൈവരിക്കാനാകും. എന്നാല്‍, അത്തരം മേഖലകളില്‍ ശ്രദ്ധിക്കാതെയാണ് ലോക കേരളസഭ നടക്കുന്നത്. ഇത് ഒരു ചടങ്ങായി മാത്രമൊതുങ്ങുന്നുണ്ടെന്ന പരാതിയും പ്രതിനിധികള്‍ പങ്കുവെച്ചിട്ടുണ്ട്.