History

വസന്തത്തിന്റെ ഇടിമുഴക്കമായ മഹാത്മാ ‘അയ്യന്‍കാളി’: വെല്ലുവിളിക്കാന്‍ ധൈര്യം കാണിച്ച ആണൊരുത്തന്റെ സ്മൃതി ദിനം

ആ പ്രതിമ കണ്ടാല്‍പ്പോലും, ഇന്നും അഭിനവ തമ്പ്രാക്കന്‍മാരുടെ മുട്ടു വിറയ്ക്കും. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നുള്ള തിരു എഴുന്നെള്ളിപ്പിനു മുമ്പില്‍ അയ്യന്‍കാളിയുടെ പ്രതിമ പോലും ശിരസ്സുയര്‍ത്തി നിവര്‍ന്നു നില്‍ക്കുന്നത് കാണുമ്പോള്‍ ഉള്ളില്‍ അഭിമാനമാണ് തോന്നുക. ആണൊരുത്തന്‍ ജീവിച്ചിരുന്നു എന്നൊരു തോന്നല്‍. നവോത്ഥാനത്തിന്റെ ആദ്യപാഠം അവിടുന്ന് പഠിക്കണം ഇന്നത്തെ ഭരണാധികാരികള്‍. ജീവിച്ചിരുന്നപ്പോള്‍ പ്രഭുത്വത്തിനു നേരെ നെഞ്ചുവിരിച്ച് നിന്ന അതേ അയ്യന്‍കാളി തന്നെയാണ് കല്‍പ്രതിമയായപ്പോഴും നില്‍ക്കുന്നത്. ‘കൊട്ടാരത്തില്‍ നിന്നും ആരൊക്കെ എന്തിനൊക്കെ വന്നാലും പോയാലും, തിരു നടയില്‍ നിങ്ങളെ നോക്കിത്തന്നെ നില്‍ക്കും ഞാന്‍’ എന്നു പ്രഖ്യാപിച്ചാണ് തിരുവനന്തപുരത്ത് വെള്ളയമ്പലം സ്‌ക്വയറില്‍ മഹാത്മാ അയ്യന്‍കാളിയുടെ പ്രതിമ കവടിയാര്‍ കൊട്ടാരത്തിന് അഭിമുഖമായി സ്ഥാപിച്ചത്.

മറ്റെവിടേക്കെങ്കിലുമായിരുന്നു ആ നോട്ടവും ശരീരഭാഷയും തിരിഞ്ഞിരുന്നെങ്കില്‍ ആ പ്രതിമ അയ്യന്‍കാളിയുടേതല്ലാതായി മാറിയേനെ. രാജവീഥിയില്‍ നെഞ്ചുവിരിച്ചു നില്‍ക്കാന്‍, ചോദ്യം ചെയ്യാന്‍, വേണ്ടിവന്നാല്‍ ആയുധവും അഭ്യാസവും നടത്താന്‍ പോന്ന പോരാളി. അതാണ് കേരള ചരിത്രത്തില്‍ അയ്യന്‍കാളി എന്ന മഹാത്മാവിന്റെ പ്രസക്തിയും പ്രശസ്തിയും. ജാതിക്കോമരങ്ങളുടെ കോട്ടകൊത്തളങ്ങളെ വിറപ്പിച്ചു കൊണ്ട് വില്ലുവണ്ടിയിലെത്തിയ കേരളത്തിന്റെ സാമൂഹ്യ പരരിഷ്‌ക്കര്‍ത്താവും നവോത്ഥാന നായകനുമായ ആ മഹാത്മാ അയ്യങ്കാളിയുടെ സ്മൃതി ദിനമാണിന്ന്.

1863 ആഗസ്റ്റ് 28 ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ഗ്രാമത്തില്‍ പെരുങ്കാട്ടു വിള വീട്ടില്‍ അയ്യന്റെയും മാലയുടെയും മകനായാണ് അയ്യങ്കാളി ജനിച്ചത്. മനുഷ്യന്‍ എന്ന പരിഗണന പോലും ലഭിക്കാതിരുന്ന ഒരു ജനതയെയാണ് അയ്യങ്കാളി കണ്ടത്. ചുറ്റും നടമാടിയ ഉച്ചനീചത്വത്തിനും സാമൂഹിക ബഹിഷ്‌കരണത്തിനുമെതിരെ പോരാടാന്‍ അദ്ദേഹം തീരുമാനിച്ചു. 28-ാം വയസ്സിലാണ് ചരിത്രപസിദ്ധമായ വില്ലുവണ്ടി യാത്ര അദ്ദേഹം നടത്തിയത്. അധസ്ഥിത ജന വിഭാഗങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലുമില്ലാതിരുന്ന രാജപാതകളില്‍ പുതിയ പ്രഭാതത്തിന്റെ മണിയടി ശബ്ദവുമായി അദ്ദേഹത്തിന്റെ വില്ലുവണ്ടി സാമൂഹിക അസമത്വത്തിനെ വെല്ലുവിളിച്ചുകൊണ്ട് സഞ്ചരിച്ചു.

വിദ്യാഭ്യാസം നേടാന്‍ അവകാശമില്ലാതിരുന്ന ജനതയ്ക്കു വേണ്ടി അദ്ദേഹം സ്വന്തമായി പള്ളിക്കൂടം സ്ഥാപിച്ചു. പുതുവല്‍ വിളാകത്ത് സ്ഥാപിച്ച കുടിപ്പള്ളിക്കൂടം ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടത്തി സ്‌കൂളാക്കി ഉയര്‍ത്തുകയും ചെയ്തു. ഐതിഹാസികമായ കാര്‍ഷിക പണിമുടക്ക് സമരം അതിനൊരു നിമിത്തമായി. 1907ലാണ് അവശത അനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടി സാധുജനപരിപാലന സംഘം സ്ഥാപിച്ചത്. അവര്‍ണരെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവുമായി ചാവടി നട സ്‌കൂളിലെത്തിയ അയ്യങ്കാളിയും സംഘവും സ്‌കൂള്‍ പ്രവേശനത്തിനെ എതിര്‍ത്തവരെ ശക്തമായി നേരിട്ടു.

എങ്ങനെയും അവര്‍ണക്കുട്ടികളുടെ സ്‌കൂള്‍ പ്രവേശനം സാധമാക്കുമെന്ന തീരുമാനം അയ്യങ്കാളി എടുത്തത് ഈ സംഭവത്തോടെയാണ്. നെടുമങ്ങാടും കഴക്കൂട്ടത്തും ബാലരാമപുരത്തുമൊക്കെ ചന്തകളില്‍ കയറാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്ന അയിത്ത ജനവിഭാഗങ്ങള്‍ അയ്യന്‍
കാളിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തിയപ്പോള്‍ എതിര്‍ക്കാനെത്തിയത് മുസ്ലിം മാടമ്പികളായിരുന്നു. അവിടെയും അയ്യന്‍കാളിയുടെ നിശ്ചയ ദാര്‍ഢ്യം തന്നെ വിജയിച്ചു. ശ്രീമൂലം പ്രജാ സഭയില്‍ പുലയവിഭാഗത്തിന്റെ പ്രതിനിധിയായി സുഭാഷിണി പത്രാധിപര്‍ പി.കെ ഗോവിന്ദപ്പിള്ളയെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തതോടെ ഒരു ജനതയുടെ സങ്കടങ്ങളും ആവശ്യങ്ങളും പ്രജാസഭയില്‍ മുഴങ്ങിക്കേട്ടു തുടങ്ങി. പി.കെ ഗോവിന്ദപ്പിള്ളയുടെ അഭ്യര്‍ത്ഥനയിലൂടെ പ്രജാ സഭയില്‍ പുലയരില്‍ നിന്നുതന്നെ ഒരു പ്രതിനിധിയെ നിയോഗിക്കാന്‍ ദിവാന്‍ തീരുമാനിച്ചു.

അങ്ങനെ 1911 ഡിസംബര്‍ 4ന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയിലേക്ക് പ്രതിനിധിയായി നോമിനേറ്റ് ചെയ്തു. 1912 ഫെബ്രുവരി 7ന് അയ്യങ്കാളി തന്റെ കന്നിപ്രസംഗം സഭയില്‍ നടത്തി. വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി അയ്യന്‍കാളി നടത്തിയ ഊരൂട്ടമ്പലം പ്രക്ഷോഭം കേരള നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമാണ്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലും മുഹമ്മയിലും പാറായിത്തരകന്റെ നേതൃത്വത്തില്‍ നടന്ന മതപരിവര്‍ത്തന ശ്രമങ്ങളെ അയ്യന്‍കാളി എതിര്‍ത്തു. അയ്യന്‍കാളിയുടെ സന്തത സഹചാരിയായ വിശാഖം തേവനുമായി പാറായിത്തരകന്‍ പരസ്യ സംവാദം നടത്തുകയും മതപരിവര്‍ത്തന വാദം വിശാഖം തേവനു മുന്നില്‍ പൊളിയുകയും ചെയ്തു. അതോടെ മതം മാറാനെത്തിയ അധസ്ഥിത ജനത അതില്‍ നിന്നും പിന്തിരിയുകയും ചെയ്തു.

1937 ജനുവരി 14 നാണ് മഹാത്മാ ഗാന്ധിയുടേയും അയ്യന്‍കാളിയുടേയും കൂടിക്കാഴ്ച നടക്കുന്നത്. വെങ്ങാനൂരിലെത്തിയ ഗാന്ധിജിയെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് സാധുജന പരിപാലന സമിതി അംഗങ്ങളും മറ്റ് അധസ്ഥിത ജനതയും സന്നിഹിതരായിരുന്നു. സ്വസമുദായത്തില്‍ നിന്നും പത്ത് ബിഎ ക്കാരുണ്ടാകാന്‍ ഗാന്ധിജി സഹായിക്കണമെന്നായിരുന്നു അയ്യങ്കാളിയുടെ അഭ്യര്‍ത്ഥന. പത്തല്ല നൂറു ബി.എ ക്കാര്‍ ഉണ്ടാകുമെന്നായിരുന്നു ഗാന്ധിജിയുടെ മറുപടി. തന്റെ വിദ്യാഭ്യാസ ഫണ്ടില്‍ നിന്നും അതിനുള്ള പണം ഗാന്ധിജി അനുവദിക്കുകയും ചെയ്തു. ഗാന്ധിജിയുടെ സ്വാധീനത്താല്‍ അന്നു മുതല്‍ മരണം വരെ അയ്യന്‍കാളി ഖദര്‍ ധരിച്ചിരുന്നതായും ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു. 1941 ജൂണ്‍ 18 ന് 77-ാം വയസ്സില്‍ മഹാത്മാ അയ്യന്‍കാളി അന്തരിച്ചു.

വിവേചന വിരുദ്ധസമരം

ചുറ്റുംനടമാടിയ ഉച്ചനീചത്വങ്ങള്‍ക്കെതിരെ അധഃസ്ഥിതരുടെ ഇടയില്‍ നിന്നും ആദ്യമുയര്‍ന്ന സ്വരമായിരുന്നു അയ്യന്‍ കാളിയുടേത്. സ്വസമുദായത്തില്‍ നിന്നുതന്നെ ഉയര്‍ന്ന എതിര്‍പ്പുകള്‍ അവഗണിച്ച് മുപ്പതാം വയസില്‍ കിരാത നിയമങ്ങള്‍ക്കെതിരെ അദ്ദേഹം പോരിനിറങ്ങി. തുടക്കത്തില്‍ അദ്ദേഹം ഏകനായിരുന്നു. പിന്നീട് ഏതാനും യുവാക്കളെ സംഘടിപ്പിച്ചു. ജന്മികളുടെ തടിമിടുക്കിനോടു മല്ലിടാന്‍ കായികാഭ്യാസിയെ കൊണ്ടുവന്ന് അടിതടകള്‍ പരിശീലിപ്പിച്ചു. തന്റെ കൂടെയുള്ളവരെ ഒരു ഏറ്റുമുട്ടലിനു സജ്ജമാക്കുകയായിരുന്നു അയ്യന്‍കാളി.

ഏറ്റുമുട്ടലുകള്‍

അയ്യന്‍കാളിയുടെ നടപടികളെ സ്വഭാവികമായും ജന്മിമാര്‍ ധിക്കാരമായിക്കണ്ടു. അദ്ദേഹത്തെയും കൂട്ടരെയും എങ്ങനെയും അടിച്ചൊതുക്കാനായിരുന്നു പിന്നീടവരുടെ ശ്രമം. 1898-99 കാലഘട്ടങ്ങളില്‍ ബാലരാമപുരം, കഴക്കൂട്ടം, കണിയാപുരം തുടങ്ങി അദ്ദേഹത്തിന്റെ സ്വാധീനമേഖലകളിലെല്ലാം മാടമ്പികളുമായി ശക്തമായ ഏറ്റുമുട്ടലുകളുണ്ടായി. തെരുവുകളില്‍ അധഃസ്ഥിതരുടെ ചോരയൊഴുകിയെങ്കിലും സ്വസമുദായത്തിലും ഇതര അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കിടയിലും അയ്യന്‍കാളി ആരാധ്യ പുരുഷനായി.

കര്‍ഷകത്തൊഴിലാളി സമരം

തിരുവിതാംകൂറില്‍ കര്‍ഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യന്‍ കാളിയായിരുന്നു. അധ:സ്ഥിത വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന സവര്‍ണ്ണവിഭാഗങ്ങളുടെ നീതി നിഷേധത്തിനെതിരേ ആയിരുന്നു സമരം. തൊഴിലാളികളെ മനുഷ്യരായി അംഗീകരിക്കാന്‍ മടിച്ച ജന്മിമാരുടെ പാടശേഖരങ്ങളില്‍ അധഃസ്ഥിത വിഭാഗങ്ങളില്‍പ്പെട്ടവര്‍ പണിക്കിറങ്ങിയില്ല. തുടക്കത്തില്‍ സ്വയം കൃഷിയിറക്കി പിടിച്ചുനില്‍ക്കാന്‍ മാടമ്പിമാര്‍ ശ്രമിച്ചെങ്കിലും അതു പരാജയമായി. ഒടുവില്‍ പ്രതികാര ബുദ്ധിയോടെ അവര്‍ പാടങ്ങള്‍ തരിശിട്ടു. തൊഴിലില്ലാതെ കര്‍ഷകത്തൊഴിലാളികള്‍ ദുരിതക്കയത്തിലായി. എന്നാല്‍ മാടമ്പിമാര്‍ക്കെതിരെയുള്ള സമരത്തില്‍ നിന്നും പിന്‍വലിയാന്‍ അവര്‍ കൂട്ടാക്കിയില്ല. നിലവറകളിലെ നെല്ല് തീരുകയും മറ്റാളുകളെ കൊണ്ട് കൃഷി നടത്താന്‍ കഴിയാതാവുകയും ചെയ്തതോടെ, പട്ടിണി മുന്‍പില്‍ കണ്ട ജന്‍മിമാര്‍ ഒടുവില്‍ കീഴടങ്ങി. കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം സാദ്ധ്യമായതോടെ 1905ല്‍ സമരം ഒത്തുതീര്‍പ്പായി. അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ് പിന്നീടു കേരളത്തിലുടനീളം കര്‍ഷകത്തൊഴിലാളി മുന്നേറ്റത്തിനും ഊര്‍ജ്ജം പകര്‍ന്നതെന്നു സാമൂഹിക ഗവേഷകര്‍ വിലയിരുത്തുന്നു.

വില്ലുവണ്ടി സമരം 

ജാതിനിയമങ്ങള്‍ തങ്ങളുടെ സമൂഹത്തില്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ ഉറപ്പുവരുത്തിയിരുന്നു. 1850 വരെ തിരുവിതാംകൂര്‍ സമൂഹം ജാതി വഴക്കങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവിച്ചിരുന്നത്. ഒരു പ്രദേശത്ത് ജനിച്ച് അവിടെ തന്നെ ജീവിച്ച് പുറത്തേക്കൊന്നും സഞ്ചരിക്കാതെ അവിടെ തന്നെ മരിക്കുന്ന ഒരു നിശ്ചല സമൂഹമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭം വരെ കേരളീയ സമൂഹം. ഇങ്ങനെയുള്ള ഒരു സമൂഹത്തിലേക്ക് കടന്നു വന്ന കോളോണിയല്‍ ശക്തികളാണ് പരമ്പരാഗത സാമൂഹ്യ ഘടനയെ അടിസ്ഥാനപരമായി പ്രകമ്പനം കൊള്ളിച്ചതു്. ആ പ്രകമ്പനമാണു് കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ സമൂഹഘടനയിലെ ഏറ്റവും അടിത്തട്ടില്‍ ദുരിതജീവിതം നയിച്ചിരുന്ന കീഴാളരില്‍ നിന്നാരംഭിക്കാന്‍ കാരണമായത്.

1860ല്‍ കേരളത്തിലൊരു പൊതുമരാമത്ത് വകുപ്പ് തിരുവിതാംകൂറില്‍ പ്രവര്‍ത്തനമാരംഭിച്ചു. തിരുവിതാംകൂറില്‍ തെക്ക്-വടക്കൊരു പാത നിര്‍മ്മിക്കാമെന്ന് വിദേശിയായ എഞ്ചിനീയര്‍ ശ്രീമൂലം തിരുന്നാളിനോട് പറഞ്ഞപ്പോള്‍ മുറജപ മഹോല്‍സവം വരുകയാണ്, അതുകൊണ്ട് പണവും തൊഴിലാളികളെയും തരാന്‍ കഴിയില്ലായെന്നാണ് മറുപടി പറഞ്ഞത്. കാരണം രാജക്കന്‍മാര്‍ക്ക് റോഡ് ആവശ്യമില്ലായിരുന്നു. പല്ലക്ക് ചുമക്കുന്നവന്‍ ഏതുവഴി പോകുന്നുവെന്നതും അവര്‍ക്കൊരു പ്രശ്‌നമല്ലായിരുന്നു. നാട്ടുകാര്‍ക്കും റോഡുകളാവശ്യമാണെന്ന് തോന്നിയിരുന്നില്ല. കാരണം പഴയ ശീലങ്ങള്‍ മാറ്റാനിഷ്ടപ്പെടാത്ത ഒരു വ്യവസ്ഥിതിയായിരുന്നു അന്നവിടെ ഉണ്ടായിരുന്നത്. പിന്നീട് പതിയെ പതിയെ റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടു. രാജവീഥികളും ഗ്രാമവീഥികളെന്നുമുള്ള രണ്ട് തരം റോഡുകളാണു് നിര്‍മ്മിക്കപ്പെട്ടതു്. രാജവീഥികള്‍ പൊതുവഴികളും ഗ്രാമവീഥികള്‍ സ്വകാര്യ വഴികളുമായിരുന്നു.

1886-ല്‍ എല്ലാ ജാതിമതസ്ഥര്‍ക്കും ഉപയോഗിക്കാനായി രാജവീഥി തുറന്നു കൊടുക്കപ്പെട്ടെങ്കിലും സമൂഹം അതു് അനുവദിച്ചില്ല. പുലയജാതിയില്‍ ജനിച്ച അയ്യന്‍ കാളിക്ക് ചെറുപ്പം മുതല്‍ തന്നെ അനുഭവിക്കേണ്ടി വന്ന ഒരു സാമൂഹിക അസമത്വമാണ് സഞ്ചാര സ്വാതന്ത്ര്യ നിഷേധം. വിശേഷ വസ്ത്രങ്ങളണിഞ്ഞ് വില്ലുവണ്ടിയിലായിരുന്നു അക്കാലത്തെ പ്രമാണിമാരുടെ സഞ്ചാരം. ഇവരുടെ യാത്രക്കിടയില്‍ ചെന്നുപെടുന്ന കീഴാളര്‍ വഴിമാറി നടക്കേണ്ടിയിരുന്നു. ഈ ഗര്‍വിനെ അതേ നാണയത്തില്‍ നേരിടാന്‍ അയ്യന്‍കാളി തീരുമാനിച്ചു. അദ്ദേഹം ഒരു കാളവണ്ടി വാങ്ങി, മുണ്ടും മേല്‍മുണ്ടും വെള്ള ബനിയനും തലപ്പാവും ധരിച്ചു്, പൊതുവീഥിയിലൂടെ സാഹസിക യാത്രനടത്തി. സവര്‍ണ്ണ ജാതിക്കാര്‍ ഈ യാത്ര തടഞ്ഞു. അയ്യങ്കാളി തന്റെ കയ്യിലുണ്ടായിരുന്ന കത്തി വലിച്ചൂരി സവര്‍ണ്ണരെ വെല്ലുവിളിച്ചു. അയ്യന്‍കാളിയെ എതിരിടാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. അദ്ദേഹം ആരേയും കൂസാതെ തന്റെ വണ്ടിയില്‍ യാത്ര തുടര്‍ന്നു.

ആവേശഭരിതരായ അനുയായികള്‍ അദ്ദേഹത്തിന് അകമ്പടി സേവിച്ചു. സ്വന്തം സമുദായത്തിലുള്ളവര്‍ ആദരപൂര്‍വം അദ്ദേഹത്തെ അയ്യങ്കാളി യജമാനന്‍ എന്നു വിളിക്കാന്‍ തുടങ്ങി. അയ്യന്‍കാളിയുടെ നടപടികളെ സ്വാഭാവികമായും ജന്മിമാര്‍ ധിക്കാരമായിക്കണ്ടു. അദ്ദേഹത്തെയും കൂട്ടരെയും എങ്ങനെയും അടിച്ചൊതുക്കാനായിരുന്നു പിന്നീടവരുടെ ശ്രമം. 1898-99 കാലഘട്ടങ്ങളില്‍ ബാലരാമപുരം, കഴക്കൂട്ടം, കണിയാപുരം തുടങ്ങി അയ്യന്‍കാളിയുടെ സ്വാധീനമേഖലകളിലെല്ലാം മാടമ്പികളുമായി ശക്തമായ ഏറ്റുമുട്ടലുകളുണ്ടായി. തെരുവുകളില്‍ അധഃസ്ഥിതരുടെ ചോരയൊഴുകിയെങ്കിലും സ്വസമുദായത്തിലും ഇതര അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കിടയിലും അയ്യന്‍കാളി ആരാധ്യ പുരുഷനായി. സഞ്ചാരസ്വാതന്ത്ര്യനിഷേധത്തിനെതിരെ അയ്യന്‍കാളി നടത്തിയ ആ ഒറ്റയാള്‍ പോരാട്ടം ചരിത്രത്തിലെ ധീരോദാത്തമായ ചുവടുവെയ്പാണ്. ജനാധിപത്യ പ്രക്രിയയെ കീഴ്ത്തട്ടിലേക്ക് കൊണ്ട് വരുകയായിരുന്നു മഹാത്മ അയ്യന്‍കാളി.

സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം

പുരുഷന്മാരുടേതുപോലെയായിരുന്നു മുന്‍പ് കേരളത്തിലെ സ്ത്രീകളുടെയും വസ്ത്രധാരണരീതി[3]. അരയ്ക്കുമുകളില്‍ സ്ത്രീകള്‍ വസ്ത്രം ധരിക്കണമെന്നത് ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും മാത്രം ആചാരമായിരുന്നു. പദവിയെ പ്രതിനിധീകരിക്കേണ്ടതായ സന്ദര്‍ഭങ്ങളിലും ആഡംബരം കാണിക്കുന്നതിനും വേണ്ടിയായിരുന്നു അക്കാലത്ത് മേല്‍മുണ്ടോ അരയ്ക്കുമുകളില്‍ വസ്ത്രമോ ഉപയോഗിച്ചിരുന്നത്. വസ്ത്രധാരണസങ്കല്പങ്ങളില്‍ സ്ത്രീപുരുഷഭേദമില്ലാതിരിക്കുകയും ജാതിപരമായ ഉച്ചനീചത്വം തലയുയര്‍ത്തി നില്‍ക്കുകയും ചെയ്തിരുന്ന അക്കാലത്ത് അധഃസ്ഥിതരെന്നു കരുതപ്പെട്ടിരുന്ന എല്ലാവരെയും മേല്‍വസ്ത്രം ഉപയോഗിക്കുന്നതില്‍ നിന്നും കര്‍ശനമായി വിലക്കിയിരുന്നു. എന്നാല്‍ വൈദേശിക സംസ്‌കാരങ്ങളുടെ കാഴ്ചപ്പാടില്‍ ഇത് സദാചാരലംഘനമായാണു് വീക്ഷിക്കപ്പെട്ടതു്.

കര്‍ഷകത്തൊഴിലാളി സമരത്തില്‍ നിന്നും ലഭിച്ച ഊര്‍ജ്ജവുമായി അയ്യന്‍കാളി ഈ അനീതിക്കെതിരെ പോരാടാനുറച്ചു. തന്റെ ജാതിയിലുള്ള സ്ത്രീകള്‍ മുലക്കച്ചയണിഞ്ഞു നടക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. അടിമത്തത്തിന്റെ അടയാളമായി കഴുത്തില്‍ കല്ലയും മാലയും കാതില്‍ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുള്ള ജാതിശാസനകളെ ധിക്കരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അയിത്താചരണത്തിന്റെ വക്താക്കള്‍ ഇതു ധിക്കാരമായി കരുതി. അയ്യന്‍കാളിയെ അനുസരിച്ച സാധുജനങ്ങളെ അവര്‍ വേട്ടയാടി. അധഃസ്ഥിത സ്ത്രീകളുടെ മുലക്കച്ചകള്‍ മാടമ്പിമാര്‍ വലിച്ചുകീറി. പിതാവിന്റെയും സഹോദരങ്ങളുടെയും മുന്നിലിട്ട് ഭീകരമായി മര്‍ദ്ദിച്ചു. കൊല്ലം ജില്ലയിലെ പെരിനാട്ടായിരുന്നു ഇത്തരത്തില്‍ ഏറ്റവും ക്രൂരമായ മര്‍ദ്ദനമുറകള്‍ അരങ്ങേറിയത്.

സവര്‍ണ്ണരുടെ കിരാതപ്രവര്‍ത്തനങ്ങള്‍ ഏറിയപ്പോള്‍ മര്‍ദ്ദിത ജനവിഭാഗങ്ങള്‍ ഉണര്‍ന്നു. അവര്‍ പ്രത്യാക്രമണത്തിനു തയ്യാറായി. തിരുവതാംകൂറിലെ വിവിധ പ്രദേശങ്ങള്‍ കലാപഭൂമികളായി. ക്തച്ചൊരിച്ചില്‍ ഭീകരമായതിനെത്തുടര്‍ന്ന് ജനവിഭാഗങ്ങള്‍ കൊല്ലത്തെ പീരങ്കി മൈതാനത്തു സമ്മേളിക്കാന്‍ അയ്യന്‍കാളി ആഹ്വാനം ചെയ്തു. ആക്രമണത്തെത്തുടര്‍ന്ന് നാടും വീടും വിട്ടവര്‍ ഈ സമ്മേളനവേദിയിലേക്ക് ഇരച്ചെത്തി. 1915ല്‍ നടന്ന ചരിത്രപ്രസിദ്ധമായ ഈ മഹാസഭയില്‍വച്ച് ജാതീയതയുടെ അടയാളമായ കഴുത്തിലെ കല്ലയും മാലയും ഉപേക്ഷിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സാധുജനങ്ങളുടെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഉയര്‍ന്ന ജാതിക്കാര്‍ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയ്യന്‍കാളിയുടെ ആഹ്വാനം കേട്ട സ്ത്രീകള്‍ ആവേശത്തോടെ കല്ലയും മാലയും വലിച്ചെറിഞ്ഞു. വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു ഇത്. കല്ലുമാല സമരം എന്ന പേരിലാണ് ഈ സമരം അറിയപ്പെടുന്നത്.

വിദ്യാഭ്യാസ അവകാശ സമരങ്ങള്‍

അയ്യന്‍ കാളിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളുടെ നല്ലൊരു ശതമാനവും വിദ്യാലയ പ്രവേശന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. 1904-ല്‍ വെങ്ങാനൂരില്‍ തന്റെ കൂട്ടാളികളുമായി ചേര്‍ന്നുകൊണ്ട് ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം അദ്ദേഹം നിര്‍മ്മിച്ചു. പക്ഷെ സവര്‍ണര്‍ അന്നു രാത്രി തന്നെ ആ കുടിപ്പള്ളിക്കൂടം തീയിട്ടു. അക്ഷരാഭ്യാസത്തിനുള്ള അവസരനിഷേധം നേരിടാന്‍ അദ്ദേഹം തെരഞ്ഞടുത്ത വഴിയായിരുന്നു പില്‍ക്കാലത്തു കാര്‍ഷികപണിമുടക്ക് സമരമെന്ന് അറിയപ്പെട്ട കൃഷിഭൂമി തരിശിടല്‍ സമരം.

1907ല്‍ പുലയക്കുട്ടികള്‍ക്കു പള്ളിക്കൂടത്തില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഉണ്ടായി. ദീര്‍ഘനാളത്തെ ഭൂമി തരിശിടല്‍ സമരത്തിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥയുടെ ഭാഗമായിരുന്നു ഈ ഉത്തരവ്. ഉത്തരവുണ്ടായെങ്കിലും അയിത്തജാതിക്കുട്ടികള്‍ക്ക് സ്വാഭാവികമായി വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമായിരുന്നില്ല. അനന്തര ഫലമായി അയിത്തജാതികളില്‍പ്പെട്ട കുട്ടികളുടെ പള്ളിക്കൂട പ്രവേശന നിയമം അധികൃതര്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചു് 1914-ല്‍ വിദ്യഭ്യാസ ഡയറക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചു. പ്രസ്തുത ഉത്തരവിന്റെ പിന്‍ബലത്തില്‍ തെന്നൂര്‍കോണത്ത് പൂജാരി അയ്യന്‍ എന്നയാളുടെ എട്ടു വയസുള്ള മകള്‍ പഞ്ചമിയെയും കൂട്ടി അയ്യന്‍കാളിയും സംഘവും നെയ്യാറ്റിന്‍കര താലൂക്കിലെ ഊരൂട്ടമ്പലം പെണ്‍പള്ളിക്കൂടത്തില്‍ എത്തി. അദ്ധ്യാപകന്റെ തടസ്സത്തെ വകവെക്കാതെ അദ്ദേഹം പഞ്ചമിയെ പള്ളിക്കൂടത്തിനുള്ളിലെ ബെഞ്ചില്‍ കൊണ്ടിരുത്തി. പഞ്ചമിയെന്ന പുലയപ്പെണ്‍കുട്ടി തൊട്ട ഊരൂട്ടമ്പലം പള്ളിക്കൂടം അന്ന് രാത്രി തന്നെ തീ വെച്ച് നശിപ്പിച്ചുകൊണ്ടാണ് സവര്‍ണര്‍ അതിനോട് പ്രതികരിച്ചത്.

ഇത്തരമൊരുഘട്ടത്തിലാണ് അയിത്തജാതിക്കാര്‍ക്കായി പ്രത്യേക പള്ളിക്കൂടം എന്നൊരാശയം അയ്യന്‍കാളിക്ക് തോന്നിയത്. അദ്ദേഹം ഇക്കാര്യത്തിന് പ്രാമുഖ്യം നല്‍കികൊണ്ട് നിവേദനം തയ്യാറാക്കുകയും മിച്ചല്‍ സായിപ്പിനെ നേരില്‍ കണ്ടു കാര്യം ബോധിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി 1914-ല്‍ വെങ്ങാനൂര്‍ പുതുവല്‍വിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 1905-ല്‍ അയ്യന്‍കാളിയും കൂട്ടരും കെട്ടിയുയര്‍ത്തിയ കുടിപ്പള്ളിക്കൂടമാണ് ഇപ്രകാരം സര്‍ക്കാര്‍ പള്ളിക്കൂടമായി മാറിയത്.

അവസാനകാലം

നാല്‍പതു വയസു മുതല്‍ അയ്യന്‍കാളി കാന്‍സര്‍രോഗബാധിതന്‍ ആയിരുന്നു. രോഗബാധയെ തഴഞ്ഞു അദ്ദേഹം തന്റെ സമുദായത്തിനായി ഓടിനടന്നു. 1941 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായി. അതിസാരത്തിന്റെ അസ്‌ക്യത അദ്ദേഹത്തെ വല്ലാതെ ബുദ്ധിമുട്ടിച്ചു. 1941 ജൂണ്‍ 18-ാം തിയതി ബുധനാഴ്ച അദ്ദേഹം ചരമഗതി പ്രാപിച്ചു. കാലയവനികക്കുള്ളില്‍ അദ്ദേഹം മറയുമ്പോള്‍ അധ:സ്ഥിതര്‍ക്കും കേരള സമൂഹത്തിനും വളരെ കാര്യങ്ങള്‍ അദ്ദേഹത്തിനു് ചെയ്യാന്‍ കഴിഞ്ഞിരുന്നു. കേരള നവോത്ഥാന നായകരുടെ മുന്‍ഗാമിയാണ് അയ്യന്‍കാളി.