ബെംഗളൂരു: ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ പ്രതിക്ക് ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. ഇരു കുടുംബങ്ങളും വിവാഹത്തിന് സമ്മതിച്ചതിനാൽ തന്നെ കുറ്റവിമുക്തനാക്കണമെന്ന് പ്രതിയായ യുവാവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ഇടക്കാല ഉത്തരവ്.
15 ദിവസത്തെ ജാമ്യമാണ് അനുവദിച്ചത്. 16 വയസ് പ്രായമുള്ളപ്പോഴാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. അടുത്തിടെ കുട്ടിക്ക് 18 വയസ്സ് തികഞ്ഞു. രണ്ട് കുടുംബങ്ങളും വിവാഹത്തിന് അനുകൂലമാണ്.
2023 ഫെബ്രുവരിയിൽ പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മകളെ ഇയാൾ തുടർച്ചയായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അമ്മ ആരോപിച്ചു. പിന്നീട് പെൺകുട്ടി ഗർഭിണിയാകുകയും ഡി.എൻ.എ പരിശോധനയിൽ പ്രതി കുഞ്ഞിന്റെ പിതാവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ഇരു വീട്ടുകാരും വിവാഹവുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നതിനാൽ കുറ്റം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് പ്രതി സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് എം. നാഗപ്രസന്ന കഴിഞ്ഞ ശനിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടിയെ സംരക്ഷിക്കുന്നതിനും ചെറുപ്പക്കാരിയായ അമ്മയെ പിന്തുണക്കുന്നതുമാണ് തീരുമാനത്തിന്റെ ലക്ഷ്യമെന്നും കോടതി പറഞ്ഞു.
ജാമ്യകാലാവധി അവസാനിക്കുന്ന ജൂലൈ 13-ന് കീഴടങ്ങണമെന്നും വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും പ്രതിയോട് കോടതി നിർദേശിച്ചു. കുഞ്ഞിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനും അമ്മയെന്ന നിലയിൽ പെൺകുട്ടിയെ പിന്തുണയ്ക്കാനുമാണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി.