കൊൽക്കത്ത: ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ രംഗപാനി സ്റ്റേഷനു സമീപം അഗർത്തലയിൽ നിന്നു സെൽദയിലേക്കുള്ള കാഞ്ചൻജംഗ എക്സ്പ്രസിൽ ചരക്കു ട്രെയിൻ ഇടിച്ചുണ്ടായ അപകടത്തിൽ മരണം 10 ആയി. തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിൽ മരണം 10 ആയി. തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ചരക്ക് ട്രെയിൻ കാഞ്ചൻജംഗ എക്‌സ്പ്രസിന്റെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നുവെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ഓട്ടമാറ്റിക് സിഗ്നൽ സംവിധാനം തകരാറിലായിരുന്നതിനെ തുടർന്ന് വേഗം കുറച്ചു പോകാൻ ചരക്കു ട്രെയിനിന്റെ ലോക്കോ പൈലറ്റിന് നിർദേശം നൽകിയിരുന്നെങ്കിലും അനുസരിക്കാത്തതാണ് അപകടകാരണമെന്ന് റെയിൽവേ പറയുന്നു. 41 പേർക്ക് പരുക്കേറ്റു.
ട്രെയിനിന്റെ പിറകിലെ 4 ബോഗിലുള്ളവരാണ് മരിച്ചത്. ചരക്കു ട്രെയിനിന്റെ ലോക്കോ പൈലറ്റും എക്സ്പ്രസിന്റെ ഗാർഡും മരിച്ചവരിലുൾപ്പെടുന്നു. ജൽപായ്ഗുഡി സ്റ്റേഷനിൽ നിന്നു 30 കിലോമീറ്റർ അകലെയാണ് രംഗപാനി. റെയിൽവേ സുരക്ഷാ കമ്മിഷണർ അന്വേഷണം ആരംഭിച്ചതായും കൂട്ടിയിടി തടയാനുള്ള കവച് സംവിധാനം അപകടം നടന്ന ഗുവാഹത്തി– ഡൽഹി പാതയിൽ ഇല്ലായിരുന്നുവെന്നും റെയിൽവേ ബോർഡ് ചെയർപഴ്സൻ ജയ വർമ സിൻഹ പറഞ്ഞു. സ്ഥലം സന്ദർശിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചു. ഇതേസമയം, റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഒഡീഷയിലെ ബാലാസോറിൽ അപകടമുണ്ടായ ശേഷം കൂട്ടിയിടി തടയാനുള്ള കവച് സംവിധാനം എന്തുകൊണ്ട് സജ്ജമാക്കിയില്ലെന്നും റെയിൽവേ സുരക്ഷയ്ക്കുള്ള ഫണ്ട് എന്തിനു വെട്ടിക്കുറച്ചെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ചോദിച്ചു.