കൊച്ചി: നിക്ഷേപം തിരികെ വാങ്ങാനുള്ള ആവശ്യങ്ങൾ നിഷേധിക്കാതിരിക്കാൻ അധികൃതർ മാർഗമുണ്ടാക്കിയില്ലെങ്കിൽ സഹകരണ ബാങ്കിങ് മേഖലയിലെ വിശ്വാസം ജനങ്ങൾക്ക് നഷ്ടമാകുമെന്നും സംസ്ഥാനത്തിന്റെ പ്രതിഛായയെ ബാധിക്കുമെന്നും ഹൈക്കോടതി. ദൈനംദിന ആവശ്യങ്ങൾക്കും ചികിത്സയ്ക്കും ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായാണു നിക്ഷേപകർ സമീപിക്കുന്നത്.
സർക്കാർ ഇക്കാര്യത്തിൽ ക്രിയാത്മക നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ലെന്ന പരാതിയുമായി നാൽപതിലേറെ ഹർജികളാണു ഹൈക്കോടതിയുടെ പരിഗണനയിൽ ഉളളത്. 2021 മുതലുള്ള കേസുകളും ഇക്കൂട്ടത്തിലുണ്ട്. കോടതിയുടെ അഭിപ്രായത്തോടു യോജിക്കുന്നതായും സർക്കാർ നടപടിയെടുക്കുന്നുണ്ടെന്നും സ്പെഷൽ ഗവൺമെന്റ് പ്ലീഡർ പി.പി.താജുദ്ദീൻ അറിയിച്ചു. തുടർന്ന് നടപടികളെക്കുറിച്ച് അറിയിക്കാൻ ഒരാഴ്ച സമയം തേടി. 40% നിക്ഷേപങ്ങൾ മടക്കി നൽകിയതായി കുമ്പളാംപൊയ്ക സഹകരണ ബാങ്ക് അറിയിച്ചു. 25 കോടി രൂപ നിക്ഷേപകർക്കു മടക്കി നൽകിയതായി പാലാ കിഴതടിയൂർ സഹകരണ ബാങ്ക് അറിയിച്ചു. ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റി.