കോട്ടക്കൽ : സൈനികനാണെന്ന പേരിൽ വ്യാജ വിവാഹപരസ്യങ്ങൾ നൽകി സ്ത്രീകളെ പീഡിപ്പിക്കുകയും സ്വര്‍ണവും പണവും കവരുകയും ചെയ്ത യുവാവ് കാടാമ്പുഴയിൽ പിടിയിൽ. എറണാകുളം തൃപ്പൂണിത്തുറ ഉദയംപേരൂര്‍ സ്വദേശി അയ്യപ്പദാസ് എന്ന സിയാദിനെയാണ് (33) ഇന്‍സ്‌പെക്ടര്‍ കെ.സി. വിനു അറസ്റ്റ് ചെയ്തത്.
കോട്ടക്കല്‍ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. സിയാദ്, അഫ്‌സൽ, സുദീപ്, അഭിലാഷ്, അജിത്, അലക്‌സ് തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രതി വിവാഹാലോചനയുമായി വരുന്ന സ്ത്രീകളില്‍നിന്ന് സ്വര്‍ണവും പണവും തട്ടുക പതിവാക്കുകയായിരുന്നു.
സിയാദ് എന്ന പേരില്‍ തിരുവനന്തപുരം കിളിമാനൂരില്‍ വിവാഹം ചെയ്ത് ഒളിവില്‍ കഴിയവെയാണ് പിടിയിലായത്. മാരാരിക്കുളം സ്വദേശിനിയിൽനിന്ന് അഞ്ചു ലക്ഷം രൂപയും പാലക്കാട് അലനല്ലൂരിലുള്ള യുവതിയിൽനിന്ന് പത്തു ലക്ഷവും ചാവക്കാട്ടെ വിധവയായ സ്‌ത്രീയിൽനിന്ന് പത്തു ലക്ഷവും സ്വർണമാലയും മാനന്തവാടിയിലെ യുവതിയിൽനിന്ന് 1,32,000 രൂപയും കാടാമ്പുഴയിലുള്ള വിവാഹം കഴിഞ്ഞ സ്ത്രീയിൽനിന്ന് ഒന്നരലക്ഷം രൂപയുമാണ് തട്ടിയെടുത്തത്.
ഒരുമിച്ച് വാടകക്ക് താമസിക്കാനുള്ള വീട്ടിലേക്കെന്നും പറഞ്ഞ് ടി.വിയും വാഷിങ് മെഷീനും വാങ്ങിപ്പിക്കുന്ന പ്രതി സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്തു. പത്തനംതിട്ട മണിമലയിലുള്ള സ്ത്രീയെ കബളിപ്പിച്ച് പണം തട്ടിയതിന് ആലപ്പുഴ മാരാരിക്കുളം സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്. പത്തിലേറെ സ്ത്രീകളില്‍നിന്ന് പണവും സ്വര്‍ണവും തട്ടിയെടുത്തിട്ടുണ്ടെന്നാണ് മൊഴി നൽകിയത്.
എസ്.ഐ ശ്രീകാന്ത്, ഉദ്യോഗസ്ഥരായ സുരേഷ്, രാജേഷ്, അജീഷ്, ശരൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.