കൊച്ചി : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പായെന്ന് പ്രതി ഹൈക്കോടതിയില്‍. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതി രാഹുലിന്റെ ഹർജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിലപാടി തേടി. സർക്കാർ, പന്തീരാങ്കാവ് എസ്എച്ച്ഒ, പരാതിക്കാരി എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്.
താനും ഭാര്യയുമായി ഉണ്ടായിരുന്നതു തെറ്റിദ്ധാരണകൾ മാത്രമായിരുന്നു എന്നും അതു പരിഹരിച്ച സാഹചര്യത്തിൽ ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ രാഹുൽ പറയുന്നു. വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂ. നിലവിലുള്ള ക്രിമിനൽ കേസ് മൂലം ഭാര്യയും ഭർത്താവുമായി ഒരുമിച്ചു ജീവിക്കാൻ സാധിക്കുന്നില്ല.
പൊലീസിന്റെ തുടർച്ചയായ ഇടപെടലിനെ തുടർന്നാണിത് എന്നും ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയിൽ പറയുന്നു. തന്നെ രാഹുല്‍ മർദിച്ചിട്ടില്ലെന്നും തങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ അവസാനിച്ചു എന്നു കാണിച്ചുള്ള യുവതിയുടെ സത്യവാങ്മൂലവും ഹർജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ജസ്റ്റിസ് എ.ബദറുദീന്റെ ബെഞ്ച് കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി.
തെറ്റിദ്ധാരണകൾ നീങ്ങുകയും ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ക്രിമിനൽ കേസ് റദ്ദാക്കണം. ഈ കേസ് തുടരുന്നത് തങ്ങളോടു ചെയ്യുന്ന കടുത്ത അനീതിയും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നതുമായിരിക്കും. തങ്ങൾക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ പൊതുസമൂഹത്തെ ബാധിക്കുന്നവയല്ല. തെറ്റിദ്ധാരണകളെല്ലാം തമ്മിൽ സംസാരിച്ചു മാറ്റുകയും ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഇക്കാര്യം യുവതിയും തന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്ന് ഹർജിയിൽ പറയുന്നു.
വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണ് ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതി നൽകിയത് എന്നാണ് കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെയുള്ള പെൺകുട്ടിയുടെ വെളിപ്പെടുത്തിയത്. എന്നാൽ ആരുടെയോ സമ്മർദ്ദത്തിന് വഴങ്ങിയാണ് പെൺകുട്ടി മൊഴി മാറ്റിയതെന്ന് വീട്ടുകാരും ആരോപിച്ചിരുന്നു. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ അറിയിച്ച യുവതി ഡല്‍ഹിയിലേക്ക് തിരിച്ചുപോയിരുന്നു.