മുംബൈ : ഐസ്ക്രീമില് നിന്ന് മനുഷ്യന്റെ വിരല്‍ കിട്ടിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഐസ്ക്രീം നിര്‍മിച്ച ഫാക്ടറിയിലെ ജീവനക്കാരന്റെ വിരലാണ് ഇതെന്നാണ് പോലീസിന്റെ നിഗമനം. ഐസ്ക്രീം നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തിലാണ് വിരല്‍ നഷ്ടപ്പെട്ടതെന്നും ഡോക്ടര്‍ വാങ്ങിയ ഐസ്ക്രീം നിര്‍മിച്ച അതേദിവസമാണ് അപകടമുണ്ടായതെന്നും പോലീസ് കണ്ടെത്തി.
ഗ്രോസറി ആപ്പ് വഴി ഓർഡർ ചെയ്ത യമ്മോ എന്ന കമ്പനിയുടെ കോൺ ഐസ്ക്രീമിൽ നിന്നാണ് മുംബയിലെ ഡോക്ടറും മലാഡ് സ്വദേശിയുമായ ഒർലെം ബ്രെൻഡൻ സെറാവോ എന്ന ഇരുപത്തേഴുക്കാരന് വിരൽ ലഭിച്ചത്. കഴിച്ചുതുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ നാവിൽ എന്തോ തടയുന്നതായി തോന്നിയെന്നും പരിശോധിച്ചപ്പോഴാണ് അത് വിരലാണെന്ന് മനസിലായതെന്നുമാണ് ഡോക്ടർ പറയുന്നത്. എന്നാൽ രുചിവ്യത്യാസം അനുഭവപ്പെട്ടില്ലെന്നും യുവാവ് പറഞ്ഞു.
വിരലിന്റെ ഭാഗം കണ്ടെത്തുമ്പോഴേക്കും ഐസ്ക്രീമിന്റെ പകുതിയോളം കഴിക്കുകയും ചെയ്തിരുന്നു. സംഭവം ഉടൻതന്നെ പൊലീസിനെ അറിയിക്കുകയും വിരലിന്റെ ഭാഗവും ശേഷിച്ച ഐസ്ക്രീമും തെളിവിനായി കൈമാറുകയും ചെയ്തു. ഐസ്ക്രീമിൽ നിന്ന് ലഭിച്ചത് വിരലിന്റെ ഭാഗമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു.
സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലെെസൻസ് സസ്പെൻഡ് ചെയ്തിരുന്നു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) വേസ്റ്റേൺ റീജിയൻ ഓഫീസിൽ നിന്നുള്ള സംഘം ഐസ്ക്രീം കമ്പനിയിൽ പരിശോധന നടത്തിയ ശേഷമാണ് ലെെസൻസ് സസ്പെൻഡ് ചെയ്തത്.