തിരുവനന്തപുരം : കുവൈട്ടിൽ ഫ്ളാറ്റിന് തീപിടിച്ച് അപകടം ഉണ്ടായതിന് പിന്നാലെ സർക്കാർ പ്രതിനിധിയായി കുവൈത്തിലേക്ക് മന്ത്രിയെ അയയ്ക്കാന്‍ അനുമതി നല്കാതിരുന്നതില് അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ നടപടി ഫെഡറലിസത്തിന്റെ തത്വങ്ങള്‍ക്കു വിരുദ്ധവും ദൗര്‍ഭാഗ്യകരവുമാണെന്നു മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
കത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:
2024 ജൂണ്‍ 12ന് കുവൈത്തില്‍ ദൗര്‍ഭാഗ്യകരമായ തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്നു കേരളത്തില്‍ ജനങ്ങളുടെ ഇടയില്‍ വലിയ ആശങ്കയാണ് ഉടലെടുത്തത്. കുവൈത്തില്‍ മരിച്ചവരില്‍ പകുതിയോളം മലയാളികള്‍ ആയിരുന്നു. ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ച നടപടികള്‍ പ്രശംസ അര്‍ഹിക്കുന്നതാണ്. കേരള സര്‍ക്കാരും സത്വരനടപടികള്‍ സ്വീകരിച്ചിരുന്നു. പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളുടെ ആശങ്കകള്‍ പരിഗണിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കുവൈത്തിലേക്ക് അയയ്ക്കാനും തീരുമാനിച്ചു. കേന്ദ്രസഹമന്ത്രിക്കൊപ്പം വീണാ ജോര്‍ജും അവിടെ ഉണ്ടാകുന്നത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സഹായകരമാകുമായിരുന്നു.
ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും അത് ആശ്വാസമാകുമായിരുന്നു. എന്നാല്‍ കേന്ദ്രവിദേശകാര്യമന്ത്രാലയം പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്കാതിരുന്നതിനാല് മന്ത്രി വീണാ ജോര്‍ജിന് കുവൈത്തിലേക്കു പോകാന്‍ കഴിഞ്ഞില്ല എന്ന കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താന്‍ ആഗ്രഹിക്കുന്നു. ഇതു തികച്ചും ദൗര്‍ഭാഗ്യകരമായി. ദുരന്ത സമയത്ത് വിവാദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയെന്നത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്നു കരുതുന്നു. സംസ്ഥാന മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണ് അവഗണിക്കപ്പെട്ടത്. കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ 2023 ഫെബ്രുവരി 28ലെ ഓഫിസ് മെമ്മോറാണ്ടം പ്രകാരമാണ് പൊളിറ്റിക്കല്‍ ക്ലിയറന്‍സിന് അപേക്ഷിച്ചത്. എന്നാല്‍ അനുമതി നിഷേധിച്ചത് ഫെഡറല്‍ തത്വങ്ങള്‍ക്കു വിരുദ്ധമാണ്.
ജനങ്ങള്‍ ദുരന്തങ്ങളെ നേരിടുമ്പോള്‍ ആശ്വാസനടപടികള്‍ എടുക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തുല്യകക്ഷികളാണ്. അത്തരം സാഹചര്യങ്ങളില്‍ അനുമതി നല്‍കുന്നതിന് രാഷ്ട്രീയമോ അല്ലാത്തതോ ആയ ഒരു പരിഗണനയും ഉണ്ടാകാന്‍ പാടില്ല. സഹകരണ ഫെഡറല്‍ സംവിധാനത്തില്‍ നിര്‍ണായകമായ കേന്ദ്ര-സംസ്ഥാന ബന്ധം മികവുറ്റതാക്കുന്നതിനായി ഇക്കാര്യത്തില്‍ ഇടപെട്ട് വിദേശാര്യമന്ത്രാലയത്തെ ഉപദേശിക്കണമെന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു.