Kerala

എഐ ക്യാമറ വെറും പുള്ളിയല്ല; സര്‍ക്കാരിന്റെ ഖജനാവ് നിറച്ച് എഐ ക്യാമറകള്‍, പത്തു മാസം കൊണ്ട് പിഴയിനത്തില്‍ ലഭിച്ച തുക എത്രയെന്ന് അറിയാം?

‘എഐ’ ക്യാമറയെന്ന പേര് എന്ന് കേട്ട് തുടങ്ങിയോ, അന്നു മുതല്‍ പലതരത്തിലുള്ള വിവാദങ്ങള്‍ ആരംഭിച്ചതാണ്. ഇന്നും അതിനൊരു കുറവുമില്ല. റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ കൂടുതലായി കണ്ടെത്തി അവയില്‍ നടപടികള്‍ സ്വീകരിക്കുവാനും അത് വഴി റോഡപകടങ്ങളും മരണനിരക്കും പരമാവധി കുറച്ച് കൊണ്ടു വരുന്നതിനും ലക്ഷ്യമിട്ടാണ് നിരത്തുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉപയോഗിച്ചുള്ള ക്യാമറകള്‍ സ്ഥാപിച്ചത്. മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി കെല്‍ട്രോണാണ് എഐ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്തു പോകുന്നത്. കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കി സ്ഥാപിച്ച ക്യാമറകളെക്കുറിച്ച് തുടക്കം മുതല്‍ തന്നെ നിരവധി ആരോപണങ്ങളും ആക്ഷേപങ്ങളും എഐ ക്യാമറയ്ക്കു മുകളില്‍ വട്ടമിട്ട് കറങ്ങാന്‍ തുടങ്ങിയെങ്കിലും ഒരു വര്‍ഷം പിന്നിടുമ്പോള്‍ പിഴയിനത്തില്‍ സര്‍ക്കാരിനു ലഭിച്ചിരിക്കുന്നത് കോടികളാണ്.

ക്യാമറ സ്ഥാപിച്ച് പത്തു മാസത്തിനുള്ളില്‍ പിഴയിനത്തില്‍ എഐ ക്യാമറ വഴി സര്‍ക്കാരിനു ലഭിച്ചത് 59 കോടിയിലധികം രൂപ. 2023 ജൂണ്‍ മൂന്നിന് പ്രവര്‍ത്തനമാരംഭിച്ച് മാര്‍ച്ച് 31വരെയുള്ള കണക്കാണിത്. രണ്ടു മാസത്തെ കൂടി കണക്കെടുത്താല്‍ ഇത് 70 കോടി രൂപയ്ക്കടുത്ത് വരുമെന്ന് ഉറപ്പാണ്. സംസ്ഥാനത്ത് ആകെ 675 എഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ 51 നോണ്‍ എഐ ക്യാമറകള്‍ ഉള്‍പ്പടെ 726 ക്യാമറകളാണ് 236 കോടി ചെലവാക്കി കേരളത്തിലെ പ്രധാന പാതകളിലും ടൗണുകളിലും സ്ഥാപിച്ചത്. 85,25,26,885 രൂപയാണ് എഐ ക്യാമറ സംവിധാനം സ്ഥാപിക്കാന്‍ ഇതുവരെ ചെലവായത്. ക്യാമറ സ്ഥാപിച്ച് ട്രെയില്‍ റണ്ണിനുശേഷം പിഴയിടാക്കാന്‍ തുടങ്ങിയ ദിവസം മുതല്‍ 2024 മാര്‍ച്ച് 31 വരെ മോട്ടോര്‍ വാഹനവകുപ്പിന് 59,46,18,500 രൂപയാണ് ലഭിച്ചത്. പൊതുപ്രവര്‍ത്തകന്‍ രാജു വാഴക്കാലയ്ക്കു വിവരാവകാശ നിയമം പ്രകാരം ലഭിച്ച ഉത്തരത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. എഐ ക്യാമറ സ്ഥാപിച്ച വകയില്‍ 9.4 കോടി രൂപയാണ് സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത്. ഏറ്റവും കൂടുതല്‍ പിഴത്തുക ലഭിച്ചിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്, 7,19,48,000 രൂപ കുറവ് 2,19,78,000 ലഭിച്ച വയനാടുമാണ്.

ജില്ല തിരിച്ചുള്ള തുക,

തിരുവനന്തപുരം – 7,19,48,000
കൊല്ലം- 4,78,35,000
പത്തനംതിട്ട -3,49,81,250
ആലപ്പുഴ3,40,88,500
കോട്ടയം -3,25,36,000
ഇടുക്കി -2,34,00,500
എറണാകുളം -5,26,74,500
തൃശൂര്‍-4,95,04,500
പാലക്കാട്-3,43,13,750
മലപ്പുറം-6,34,47,500
കോഴിക്കോട്- 5,69,54,500
വയനാട് -2,19,78,000
കണ്ണൂര്‍ -4,01,81,000
കാസര്‍ഗോഡ് -3,07,75,500

 

ഒരോ ക്യാമറകളുടെ വില, പ്രത്യേകമായി ലഭ്യമല്ലെങ്കിലും ക്യാമറകളും ഫില്‍ഡ് പ്രൊസ്സസ്സിംഗ് യൂണിറ്റ് സോളാര്‍ പവര്‍ യൂണീറ്റ് സ്ഥാപിക്കുന്നതിനുള്ള വില സോഫ്റ്റ് വെയര്‍, 5 വര്‍ഷത്തെ AMC എന്നിവ അടക്കം 5 വര്‍ഷത്തെ മോഡലിലുള്ള വില മാത്രമാണ് ലഭ്യമായിട്ടുള്ളത്.

675 AI സംവിധാനങ്ങള്‍ അടക്കം 726 എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനള്‍ക്കായി ജി.എസ്.ടി ഉള്‍പ്പെടെ വില 85,25,26,885 രൂപയാണ്. അഞ്ചു ശതമാനം ജിഎസ്ടി അടക്കം ഒരു ക്യാമറയ്ക്ക് 10,81,870 മുതല്‍ 11,16,215 രൂപയാണ് നല്‍കിയതെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ് 81 എണ്ണം.

തിരുവനന്തപുരം – 81, കൊല്ലം -50, പത്തനംത്തിട്ട-44, ആലപ്പുഴ – 41, കോട്ടയം-44, ഇടുക്കി-38, എറണാകുളം – 62, തൃശൂര്‍-44, പാലക്കാട്-45, മലപ്പുറം-49, കോഴിക്കോട് – 60, വയനാട്-25, കണ്ണൂര്‍-48, കാസര്‍കോട്-44

നിലവില്‍ എഐ ക്യാമറകളല്ലാത്തവയുള്‍പ്പടെ 668 ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ റോഡ് ആക്‌സിഡന്റ് മൂലം തകര്‍ന്ന് പോയവ, റോഡ് പണികാരണം, പ്രകൃതി ദുരന്തങ്ങള്‍ മൂലം തകര്‍ന്നവ, സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തത്, സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതുള്‍പ്പടെ അഞ്ചു കാരണങ്ങളാല്‍ ചില ക്യാമറകളുടെ കണക്ടിവിറ്റി ഇല്ലാതായിട്ടുണ്ട്.

തിരുവനന്തപുരം 82, കൊല്ലം -50, പത്തനംത്തിട്ട-43, കോട്ടയം -42, ആലപ്പുഴ-40, ഇടുക്കി-37, എറണാകുളം -60, തൃശ്ശൂര്‍-45, പാലക്കാട്-43, കോഴിക്കോട്-60, വയനാട്-26, കണ്ണൂര്‍-47,കാസര്‍കോട്-45

റോഡ് സുരക്ഷ ഉറപ്പുവരുന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി 2019 ലാണ് എഐ ഉപയോഗിച്ചുള്ള ക്യാമറകള്‍ സ്ഥാപിക്കാന്‍ കെല്‍ട്രോണിനെ ചുമതലപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരും മോട്ടോര്‍ വാഹന വകുപ്പും തീരുമാനിച്ചത്. പദ്ധതിയുടെ ആദ്യ ഉത്തരവില്‍ ഉണ്ടായ കാതലായ പാകപ്പിഴകളും പദ്ധതിയുടെ ചെലവില്‍ ധനകാര്യ വകുപ്പ് ചുണ്ടിക്കാട്ടിയ ചില തിരുത്തലുകള്‍ ആവശ്യപ്പെട്ടതോടെയാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടും പദ്ധതിയക്ക് താത്ക്കാലികെ സ്റ്റോപ് വീണത്. ഒടുവില്‍ 6 കോടിയോളം രൂപ കുറയ്ക്കാമെന്ന് കെല്‍ട്രോണ്‍ സമ്മതിച്ചതോടെ ധനകാര്യ വകുപ്പിന്റെ അനുമതിയോടെ സര്‍ക്കാര്‍ നിര്‍ദ്ദേശത്താല്‍ പദ്ധതി പ്രവര്‍ത്തിച്ചു തുടങ്ങാന്‍ കെല്‍ട്രോണിനോട് ആവശ്യപ്പെട്ടത്. പിന്നീട് ക്യാമറ സ്ഥാപിക്കാന്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ചുവെന്നതടക്കം നിരവധി ആരോപണങ്ങളും ആക്ഷേപങ്ങളും പദ്ധതിക്ക് നേരിടേണ്ടി വന്നു.