മ്യൂണിക്: യൂറോ കപ്പ് ഫുട്ബോളിൽ ക്രൊയേഷ്യയെ സമനിലയിൽ തളച്ച് അൽബേനിയ. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി. ടൂർണമെന്റിൽ നിലനിൽക്കാൻ വിജയം ആവശ്യമായിരുന്ന മത്സരത്തിൽ ലൂക്കാ മോഡ്രിച്ചും സംഘവും ഭൂരിഭാഗം സമയവും പിന്നിലായിരുന്നു. എന്നാൽ രണ്ട് മിനിറ്റ് വ്യത്യാസത്തില്‍ പിറന്ന രണ്ട് ഗോളുകളിൽ ക്രൊയേഷ്യൻ അനുഭവസമ്പത്ത് തിരിച്ചുവന്നു. പക്ഷേ അൽബേനിയൻ ആക്രമണത്തിൽ അവസാന നിമിഷം ക്രൊയേഷ്യ സമനിലയിൽ കുരുങ്ങി.
പതിനൊന്നാം മിനിറ്റിൽ അൽബേനിയക്കായി ഖാസിം ലാസി ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ 74 ആം മിനിറ്റിൽ ക്രൊയേഷ്യ ആദ്യ ഗോൾ തിരിച്ചടിച്ചു. ആന്ദ്രെ ക്രമാരിച് ആണ് ക്രൊയേഷ്യക്കായി ഗോൾ നേടിയത്.
രണ്ട് മിനിറ്റുകൾക്കുള്ളിൽ ലൂക്കാ സൂചിച്ചിന്റെ ഷോട്ട് തടയാൻ ശ്രമിച്ച അൽബേനിയൻ താരം ഗ്ജാസുലയ്ക്ക് പിഴച്ചു. താരത്തിന്റെ സെൽഫ് ഗോളിൽ ക്രൊയേഷ്യ മുന്നിലെത്തി. എന്നാൽ മത്സരത്തിന്റെ ആവേശം അവിടെ തീർന്നില്ല. ഇഞ്ചുറി ടൈമിൽ 95-ാം മിനിറ്റിൽ ഗ്ജാസുല തന്നെ അൽബേനിയയ്ക്കായി സമനില ഗോൾ കണ്ടെത്തി.
സമനിലയോടെ ക്രൊയേഷ്യക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റുമായി നാലാം സ്ഥാനത്തേക്ക് വീണു. അല്‍ബേനിയ മൂന്നാം സ്ഥാനത്താണ്. സ്പെയിൻ, ഇറ്റലി ടീമുകൾക്ക് മൂന്നു പോയന്റുണ്ട്.