കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തിൽ അനുശോചനം യോഗം ചേർന്ന് എൻ.ബി.ടി.സി. കുവൈത്ത് അഹമദിയിലെ കോർപ്പറേറ്റ് ഓഫീസിലാണ് യോഗം ചേർന്നത്. 49 ജീവനക്കാരുടെ മരണത്തിൽ കലാശിച്ച തീപിടുത്തത്തിൽ അതീവ ദുഃഖിതരാണെന്നും മരണപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും എൻ.ബി.ടി.സി അധികൃതർ പറഞ്ഞു.
മരണപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങൾക്ക് പ്രാഥമിക സാമ്പത്തിക സഹായമായി എട്ട് ലക്ഷം രൂപയും സംസ്കാര ചെലവുകൾക്കായി 25,000 രൂപയും വിതരണം ചെയ്യും. മരണമടഞ്ഞ ജീവനക്കാരുടെ ശമ്പളവും മറ്റ് കുടിശ്ശികകളും നഷ്ടപരിഹാര തുകയും ലൈഫ് ഇൻഷുറൻസും അവകാശി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുമ്പോൾ കുടുംബാംഗങ്ങൾക്ക് കൈമാറും.
മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് ജോലി, മക്കൾക്ക് വിദ്യാഭ്യാസ സഹായം, വീടില്ലാത്ത ജീവനക്കാർക്ക് പാർപ്പിടം, മറ്റ് സാമ്പത്തിക സഹായം എന്നിവയും വാഗ്ദാനം ചെയ്തതതായി എൻ.ബി.ടി.സി അറിയിച്ചു. രക്ഷപ്പെട്ടവർക്ക് എല്ലാ ചികിത്സാ സഹായവും പരിക്കേറ്റ ജീവനക്കാർക്ക് രണ്ടു ലക്ഷം രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ജീവനക്കാരുടെ അടുത്ത ബന്ധുക്കളെ കുവൈത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.