തിരുവനന്തപുരം : നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടത്. എംഎസിടി ജഡ്ജ് കവിതാ ഗംഗാധരൻ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവറെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. 2 മീറ്ററോളം നീളമുള്ള വർണ്ണ പാമ്പിനെയാണ് കോടതി ഹാളിൽ നിന്ന് പിടികൂടിയത്. വർണ്ണ പാമ്പ്, പറക്കും പാമ്പ് എന്നി പേരിൽ അറിയുന്ന പാമ്പിനെ ആണ് കണ്ടെത്തിയതെന്ന് അധികൃതര് പറഞ്ഞു.
അതേസമയം, ആമസോൺ വഴി ഓൺലൈനായി ഓർഡർ ചെയ്തപ്പോൾ ലഭിച്ച പാക്കേജിൽ പാമ്പിനെ കണ്ടെത്തിയതിനെത്തുടർന്ന് പരാതിയുമായി ദമ്പതികൾ രംഗത്ത് വന്നു. ഞായറാഴ്ച ബെംഗളൂരുവിലാണ് സംഭവം. സോഫ്റ്റ്വെയർ എഞ്ചിനീയർമാരായ ദമ്പതികൾ ആമസോൺ വഴി ഒരു എക്സ്ബോക്സ് കൺട്രോളർ ഓർഡർ ചെയ്തിരുന്നു. എന്നാൽ അവർക്കു ലഭിച്ച പാക്കേജിനുള്ളിൽ ഒരു മൂർഖൻ പാമ്പിനെ കാണുകയായിരുന്നു.
ഉഗ്ര വിഷമുള്ള ഈ പാമ്പ് പാക്കേജിംഗ് ടേപ്പിൽ കുടുങ്ങിയതിനാൽ അപകടമുണ്ടാക്കിയില്ല. ദമ്പതികൾ ഈ ദൃശ്യത്തിന്റെ വീഡിയോ റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.
ഈ വിവരം അറിയിക്കാൻ വിളിച്ച ആമസോൺ കസ്റ്റമർ കെയർ അവരെ രണ്ടു മണിക്കൂർ കാത്ത് നിർത്തി എന്നും അവർ പറഞ്ഞു.
എന്നാൽ പിന്നീട് ആമസോൺ മുഴുവൻ റീഫണ്ടും നൽകിയെന്നും എന്നാൽ അതിനപ്പുറം തങ്ങൾക്ക് ഒരു നഷ്ടപരിഹാരമോ ഔദ്യോഗിക ക്ഷമാപണമോ ലഭിച്ചില്ല എന്നും അവരുടെ പതിവ് രീതി അനുസരിച്ച് “നിങ്ങൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു” വാചകം മാത്രമാണ് ലഭിച്ചതെന്നും ദമ്പതികൾ പറഞ്ഞു.