പ്രധാന അധ്യാപകനെതിരേ പരാതി പറഞ്ഞിട്ട് അതേ ക്ലാസില്‍ അതേ അധ്യാപകന്റെ മുന്നില്‍ ഇരിക്കുന്ന ജാള്യതയാണ് ഓരോ പാര്‍ട്ടി നേതാക്കളുടേയും മുഖത്ത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമര്‍ശനം ഉന്നയിച്ച നേതാക്കളുടെയെല്ലാം അങ്കലാപ്പ് ഇനി എന്തു സംഭവിക്കും എന്നതിനെ കുറിച്ചാണ്. ഇന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റും കഴിഞ്ഞ്, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് വിരാമമിടും. ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചെന്ന പ്രധാന പ്രശ്‌നത്തെ എങ്ങനെയായിരിക്കും സംസ്ഥാന സെക്രട്ടറി അവതരിപ്പിക്കുന്നതെന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാനാകും.
പിണറായി വിജയനെന്ന മുഖ്യമന്ത്രിയുടെ പിടിപ്പുകേടിനെ മറച്ചു പിടിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് നടത്തുന്ന പൊടിക്കൈകള്‍ എന്താണെന്നു മാത്രമേ അറിയേണ്ടതുള്ളൂ. ഒരു കാര്യം ഉറപ്പിക്കാം. കെ.എന്‍. ബാലഗോപാല്‍ ബലി മൃഗമാകും. സര്‍ക്കാരിന്റെ വിലയിരുത്തലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയെങ്കില്‍ ആ പാപഭാരം മുഴുവന്‍ ബാലഗോപാല്‍ ചുമക്കും. ധനവകുപ്പിന്റെ കഴിവുകേടും നയസമീപനങ്ങളും തിരുത്തണമെന്നും, ആവശ്യമെങ്കില്‍ മന്ത്രിതന്നെ മാറണമെന്നു വരെ ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഇടപെടലുകള്‍ക്കു നേരെ വാളോങ്ങിയവരെല്ലാം നേര്‍ത്തൊരു പരാതിയും പരിഭവവുമായി അതിനെ മാറ്റാനും ശ്രദ്ധിച്ചു.
കടുത്ത വിമര്‍ശനം അല്ലെങ്കിലും ശ്രദ്ധിക്കേണ്ടതായിരുന്നു എന്ന ഉപദേശം കലര്‍ന്ന പരാതിയായി മാറിയ ചര്‍ച്ചകളാണ് ഉണ്ടായത്. എന്നാല്‍, ധനമന്ത്രിയെയും എല്‍.ഡി.എഫ് കണ്‍വീനറെയും മുള്ളില്‍ നിര്‍ത്തുകയും ചെയ്തു. പിണറായി വിജയനെ രക്ഷിക്കാന്‍ കെ.എന്‍. ബാലഗോപാലിനെ ബലി നല്‍കുമെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍ അക്ഷരംപ്രതി സംഭവിച്ചുവെന്നാണ് സൂചനകള്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പ്രഹരത്തിനു കാരണം ധനവിനിയോഗത്തിലെ പാളിച്ചയെന്നു സംസ്ഥാന സമിതി പറയുമ്പോള്‍ തെറ്റുകാരന്‍ ഒേേരായൊരാള്‍ മാത്രമെന്ന ധ്വനിയാണുണ്ടാകുന്നത്.
ക്ഷേമപെന്‍ഷന്‍ വിതരണം ഉള്‍പ്പെടെ അടിസ്ഥാന വര്‍ഗത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കൂടുതല്‍ ജാഗ്രതയോടെ ഇടപെടല്‍ നടത്തിയില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. മുന്‍മന്ത്രിമാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ചയുണ്ടായി എന്നും ചില നേതാക്കള്‍ പറഞ്ഞു. കേന്ദ്രം അര്‍ഹമായ ആനൂകൂല്യങ്ങള്‍ തരാത്തതു മൂലമാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടായതെങ്കിലും അതു ജനങ്ങളെ വേണ്ടവിധം ബോധ്യപ്പെടുത്താനായില്ല. അതും ബാലഗോപാലിന്റെ വീഴ്ചയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, കേന്ദ്രത്തിനെതിരേ ഡെല്‍ഹിയില്‍ സത്യഗ്രഹം നടത്തിയതിന്റെ ക്രെഡിറ്റ് ബാലഗോപാലിന് കൊടുക്കാനും തയ്യാറായില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.
ഭരണവിരുദ്ധ വികാരം സംബന്ധിച്ച് വിമര്‍ശനങ്ങളുടെ മുന മുഖ്യമന്ത്രിയിലേക്കു നീളുന്നതൊഴിവാക്കാനാണ് ധനമന്ത്രിക്കെതിരെയും വിമര്‍ശനം ഉയര്‍ത്തിയത് എന്നതാണ് ശ്രദ്ധേയം. സംസ്ഥാനത്തെ പ്രശ്നങ്ങള്‍ സംബന്ധിച്ച് പല പരാതികളും തനിക്കു ലഭിച്ചിരുന്നതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിക്കിടയാക്കിയ വെല്ലുവിളികള്‍ തിരിച്ചറിയാനും ഫലപ്രദമായി ചെറുക്കാനും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞത് നേതാക്കളെയാകെ പരിഹസിക്കുന്നതിനു തുല്യമായി. സംസ്ഥാനത്തെ പാര്‍ട്ടിയെയും നിലയ്ക്കു നിര്‍ത്തുന്നത് മുഖ്യമന്ത്രിയാണെന്ന വ്യംഗ്യാര്‍ത്ഥവും ആ വാക്കുകളിലുണ്ട്.
വിഭാഗീയതയുടെ പോരുകാലം കഴിഞ്ഞുവെന്ന് പറയുമ്പോഴും പാര്‍ട്ടിയില്‍ ഇപ്പോഴും വിഭാഗീയതയുണ്ട്. അതാണ് ഭൂരിപക്ഷ വിഭാഗീയത. ന്യൂനപക്ഷ വിഭാഗീയത ക്ഷയിച്ചുവെന്നത് സത്യമാണെങ്കിലും ഭരിക്കുന്നതും നയിക്കുന്നതും ഭൂരിപക്ഷ വിഭാഗീയതയാണെന്ന് മനസ്സിലാക്കിയേ മതിയാകൂ. പാര്‍ട്ടിയില്‍ ഇപ്പോഴും വിഭാഗീയതയുണ്ടെന്ന് സാരം. ന്യൂനപക്ഷ വിഭാഗീയതയെ ഉര്‍ത്തിക്കൊണ്ടു വരാതിരിക്കാനും, ന്യൂനപക്ഷ വിഭാഗീയതയുടെ നേതാക്കള്‍ പറയുന്ന അഭിപ്രായങ്ങളെ അടിച്ചമര്‍ത്താനും ഇപ്പോഴും ഭൂരിപക്ഷ വിഭാഗം ശ്രമിക്കുന്നുണ്ടെന്നതും വസ്തുതയാണ്. പാര്‍ട്ടി പിണറായിയുടെ പൂര്‍ണ നിയന്ത്രണത്തില്‍ ആയതിനു ശേഷം ആദ്യമായാണ് പാര്‍ട്ടിക്കുള്ളില്‍ ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നിരിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നില്ലെങ്കിലും പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിയും ശ്രദ്ധിക്കണം എന്ന തരത്തിലാണു പല നേതാക്കളും നിലപാട് വ്യക്തമാക്കിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമാനമായ തിരിച്ചടി നേരിട്ടുവെങ്കിലും അന്ന് ശബരിമല യുവതീപ്രവേശം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയുടെ ശക്തമായ പിന്തുണ പിണറായി വിജയനു ലഭിച്ചിരുന്നു. എന്നാല്‍ അത്തരം പ്രശ്നങ്ങളൊന്നുമില്ലാതെ പൂര്‍ണമായും രാഷ്ട്രീയപോരാട്ടം നടന്ന ഇക്കുറി ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതാണ് പാര്‍ട്ടി നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുന്നത്. നിരാശാജനകമായ തോല്‍വിയില്‍ ഭരണപരമായ പോരായ്മകളും പരിശോധിക്കണമെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു വെച്ചത്.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ച് ഭരണത്തിന്റെ കടിഞ്ഞാണ്‍ കൂടുതല്‍ പാര്‍ട്ടിയുടെ കൈകളില്‍ വേണമെന്ന നിലപാടാണ് പല നേതാക്കളും ഉയര്‍ത്തുന്നത്. പാര്‍ട്ടിക്ക് അടിത്തറിയായിരുന്ന ഈഴവ വോട്ടുകള്‍ പല മണ്ഡലങ്ങളിലും നഷ്ടമായെന്നും ആറ്റിങ്ങല്‍, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ മണ്ഡലങ്ങളില്‍ അടിസ്ഥാന വോട്ടുകള്‍ പോലും ചോര്‍ന്നെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതും വലിയ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്. ക്ഷേമ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയത് പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്ന അടിസ്ഥാന വര്‍ഗത്തെ എതിരാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മുസ്‌ലിം ലീഗിനെ ഒപ്പം നിര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനു പിന്നാലെ ഒരു വിഭാഗത്തിന്റെയെങ്കിലും പിന്തുണ നേടാനായി പാര്‍ട്ടി കിണഞ്ഞു ശ്രമിച്ചതും വിഫലമായെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ന്യൂനപക്ഷ പ്രീണനത്തിന് സിപിഎം ശ്രമിക്കുന്നവെന്ന തരത്തില്‍ എതിരാളികള്‍ നടത്തിയ പ്രചാരണം മറ്റു വിഭാഗങ്ങള്‍ക്കിടയില്‍ സംശയത്തിനിടയാക്കി. ഇതും ബിജെപിയിലേക്കു വോട്ടൊഴുകാന്‍ കാരണമാക്കിയതായി വിലയിരുത്തലുണ്ട്.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ നവകേരള സദസ് സംഘടിപ്പിച്ചത് കോട്ടമായി. ജനസമ്പര്‍ക്ക പരിപാടി പോലെ വലിയ തോതില്‍ പരാതികള്‍ പരിഹരിക്കപ്പെടും എന്ന് ജനങ്ങള്‍ ചിന്തിച്ചെങ്കിലും അതുണ്ടായില്ല. ജനങ്ങള്‍ അങ്ങനെ ചിന്തിച്ചതാണ് കുഴപ്പമെന്ന രീതിയില്‍ പിന്നീട് പ്രസ്താവനകളും വന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയ്ക്കു ലഭിച്ച ജനപിന്തുണ കണ്ട് അതിന്റെ വികൃത അനുകരണത്തിനാണ് ശ്രമിച്ചതെന്ന വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. ഇങ്ങനെ പാര്‍ട്ടിയെയും മുന്നണിയെയും നിരന്തരം പ്രതിരോധത്തിലാക്കിയുള്ള ഭരണമാണ് മുന്നോട്ടു പോകുന്നത്. ഇതിനെതിരേ ഇനിയും ശബ്ദമുയര്‍ത്താന്‍ പേടിക്കുന്നവര്‍ ചെയ്യുന്നത് പാര്‍ട്ടിയുടെ അവസാന വണ്ടിയും പറഞ്ഞു വിടുകയാണ്.
പിണറായിപ്പോടിയും പാര്‍ട്ടിയുടെ നാശവും ഒരുപോലെ സംഭവിക്കുന്നുണ്ടെന്നതാണ് ഇവിടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇന്ന് വൈകിട്ടോടെ പൂര്‍ത്തിയാകുന്ന സംസ്ഥാന കമ്മിറ്റിയില്‍ അന്തിമ തീരുമാനം എന്തായിരിക്കുമെന്ന് മുന്‍കൂട്ടി പറയാന്‍ കഴിയും. തിരുത്തല്‍ നടപടി ഉണ്ടാകും. എ്‌നാല്‍, ശൈലി മാറ്റില്ല. ധമന്ത്രിയുടെ പ്രവര്‍ത്തനം പാര്‍ട്ടി നേരിട്ട് വിലയിരുത്തും. ഇതിനപ്പുറം മുഖ്യമന്ത്രിയിലേക്ക് പാര്‍ട്ടിയുടെ അച്ചടക്ക വാള്‍ ഉരില്ലെന്നുറപ്പായിട്ടുണ്ട്.