കൊച്ചി: പിരാമല്‍ ഫിനാന്‍സിന്‍റെ ചെറുകിട വായ്പകള്‍ 50,000 കോടി രൂപ കടന്നു. 2022 മാര്‍ച്ചിനു ശേഷം ഈ രംഗത്ത് 132 ശതമാനം വര്‍ധനവാണ് നേടാനായിട്ടുള്ളത്. കൈകാര്യം ചെയ്യുന്ന ആകെ വായ്പകളുടെ 68 ശതമാനം ഭവന വായ്പകളാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
2022 മാര്‍ച്ചില്‍ 1.7 ദശലക്ഷം ഉപഭോക്താക്കള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2024 മാര്‍ച്ചില്‍ 4.1 ദശലക്ഷം ഉപഭോക്താക്കളാണ് സ്ഥാപനത്തിനുള്ളത്. പിരാമല്‍ എന്‍റര്‍പ്രൈസസിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയാണ് പിരാമല്‍ ഫിനാന്‍സ് എന്ന് അറിയപ്പെടുന്ന പിരാമല്‍ ക്യാപ്പിറ്റല്‍ ആന്‍റ് ഹൗസിങ് ഫിനാന്‍സ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി രാജ്യ വ്യാപകമായി തങ്ങളുടെ ഉപഭോക്തൃനിര ഗണ്യമായി വര്‍ധിപ്പിച്ച സ്ഥാപനം മുന്‍നിര എന്‍ബിഎഫ്സി ഹൗസിങ് ഫിനാന്‍സ് കമ്പനിയായി സ്ഥാനമുറപ്പിച്ചിട്ടുമുണ്ട്. 26 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 490 ശാഖകളും 13,000 ജീവനക്കാരുമാണ് കമ്പനിക്കുള്ളത്.
രാജ്യവ്യാപകമായുളള ചെറുകിട സംരംഭങ്ങളിലും ചെറിയ ശമ്പളമുള്ള വ്യക്തികളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള തങ്ങളുടെ ബിസിനസ് രീതി തുടരുമെന്ന് ചെറുകിട വായ്പാ മേഖലയില്‍ 50,000 കോടി രൂപ എന്ന നാഴികക്കല്ലു പിന്നിട്ടതിനെ കുറിച്ചു പ്രതികരിക്കവെ പിരാമല്‍ ക്യാപ്പിറ്റല്‍ ആന്‍റ് ഹൗസിങ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജെയ്റാം ശ്രീധരന്‍ പറഞ്ഞു. 2021-ല്‍ ഡിഎച്ച്എഫ്എല്ലിനെ ഏറ്റെടുത്ത ശേഷം ചെറുകിട പട്ടണങ്ങളില്‍ ഉപഭോക്തൃ നിര വിപുലീകരിക്കുന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.