വെള്ളറട : പിരിഞ്ഞു കഴിഞ്ഞിരുന്ന ഭാര്യയെ നടുറോഡിലിട്ട് കുത്തിക്കൊന്ന് യുവാവ്. മായം അല്‍ഫോണ്‍സ മാതാ കടവ് റോഡില്‍ ഈരൂരിക്കല്‍ വീട്ടില്‍ രാജിമോളാണ്(38) കൊല്ലപ്പെട്ടത്. കുര്യാക്കോസിന്റെയും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും അമ്പൂരി പഞ്ചായത്ത് മുന്‍ അംഗവുമായ മേരിക്കുട്ടി കുര്യാക്കോസിന്റെയും ഏകമകളാണ് രാജിമോള്‍.
ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കൊലപാതകത്തിനുശേഷം വീട്ടില്‍ക്കയറി ഒളിച്ച ഭര്‍ത്താവ് മായം കോലത്തുവീട്ടില്‍ മനോജ് സെബാസ്റ്റ്യനെ(മനു-50) നെയ്യാര്‍ഡാം പോലീസ് കസ്റ്റഡിയിലെടുത്തു. ദാമ്പത്യത്തകര്ച്ചയെത്തുടര്ന്ന് രാജി കുടുംബവീട്ടിലും മനോജ് സമീപത്തുള്ള സ്വന്തം വീട്ടിലുമായി അകന്നു കഴിയുകയായിരുന്നു.
മനോജ് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ ബാര്‍ ജീവനക്കാരനാണ്. അമ്പൂരിയില്‍ മാസങ്ങള്‍ക്കു മുന്‍പ് പൂട്ടിയ സ്വകാര്യ ധനമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു രാജി.മായം കുടുംബാരോഗ്യകേന്ദ്രത്തില്‍നിന്നു ചികിത്സതേടിയശേഷം മടങ്ങുമ്പോഴാണ് വീടിനു മുന്നിലെ റോഡില്‍ വെച്ച് രാജിയെ കൊലപ്പെടുത്തിയത്. ഈ സമയം പിന്നാലെയെത്തിയ മനോജ് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് രാജിയുടെ മുഖത്തും കഴുത്തിലും നെഞ്ചിലുമായി കുത്തുകയായിരുന്നു.
അതുവഴി മായത്തേക്കുവന്ന കാട്ടാക്കട ഡിപ്പോയിലെ ബസിലെ ഡ്രൈവറും യാത്രക്കാരുമാണ് ദേഹമാസകലം രക്തത്തില്‍ കുളിച്ചുകിടക്കുന്ന രാജിയെ കണ്ടതെന്ന് പോലീസ് പറഞ്ഞു. ഇതിനിടയില്‍ വീട്ടിലെ പൈപ്പില്‍നിന്നു രക്തക്കറ കഴുകിയ മനോജ് അകത്തുകയറിയിരുന്നു. നാട്ടുകാരെത്തി രാജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിന്നീട് പോലീസെത്തിയാണ് വീട്ടില്‍നിന്ന് മനോജിനെ പിടികൂടുകയായിരുന്നു.