ബെംഗളൂരു : മുൻ ഇന്ത്യൻ ക്രിക്കറ്റർ ഡേവിഡ് ജോൺസൺ (52) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽ നിന്ന് ചാടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഡേവിഡ് ജോൺസൺ കടുത്ത വിഷാദത്തിലൂടെ കടന്നുപോയിരുന്നതായി വിവരമുണ്ട്.
കർണാടക സ്വദേശിയായ ഡേവിഡ് ജോൺസൺ രഞ്ജി ക്രിക്കറ്റ് താരം കൂടിയായിരുന്നു. 1971 ഒക്ടോബർ 16-നായിരുന്നു ജനനം. വലംകൈ പേസ് ബൗളറായിരുന്ന അദ്ദേഹം 90-കളിലാണ് രാജ്യത്തെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കാൻ ആരംഭിച്ചത്. ആദ്യത്തെ ടെസ്റ്റ് മത്സരം 1996ൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു.
1996ൽ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ നടന്ന മാച്ചായിരുന്നു അവസാന ടെസ്റ്റ് മത്സരം. രണ്ട് ടെസ്റ്റ് മത്സരങ്ങളിലായി മൂന്ന് വിക്കറ്റുകളും ഡേവിഡ് സ്വന്തമാക്കിയിരുന്നു.