വീശിയടിക്കുന്ന കാറ്റിനു പോലും സംഗീതത്തിന്റെ താളം , ആ മണ്ണിൽ വച്ച് അറിയാതെ മൂളുന്ന വരികളിൽ പോലും സംഗീതമുണ്ടെന്ന് തോന്നിപോകും . സംഗീതത്തിന്റെ ജീവൻ തുടിക്കുന്നത് ഇവിടെയാണെന്ന് മുഴക്കുന്നുകാർ പറയും മൃദംഗ ശൈലശ്വരി ക്ഷേത്രം . ഇവിടെ കാറ്റ് മൂളുന്നത് പോലും കഥകളിപദങ്ങളാണ് .ശാന്തമായ കാവിലെ പുൽക്കൊടികൾക്കും കാടിനും പറയാൻ കലയുടെയും പടയുടെയും കളരിയങ്കത്തിന്റെയും കഥകൾ. പടയ്ക്കൊരുങ്ങും മുമ്പ് അങ്കവീരനായ വീരകേരള വർമ പഴശ്ശി തമ്പുരാൻ ശ്രീ പോർക്കലീ ഭാവത്തിൽ ആരാധിച്ചിരുന്നത് മുഴക്കുന്നിലമ്മയെ.ഇത് സരസ്വതിയുടെയും ലക്ഷ്മിയുടെയും കാളിയുടെയും ഭിന്നഭാവങ്ങള്‍ കുടികൊള്ളുന്ന ദേവതാങ്കണം. പൂജകള്‍ മുടങ്ങിക്കിടന്നൊരു കാലമുണ്ടായിരുന്നു ഈ അമ്പലത്തിന്.അസാധ്യമെന്ന് കരുതുന്ന പലതും പ്രാർഥനയാൽ ദേവി അനുഗ്രഹമായി നൽകിയതിന്റെ കഥകൾ നൂറുകണക്കിനുണ്ട് നാട്ടുകാർക്ക് പറയാൻ.
കണ്ണൂർ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തെക്കുറിച്ച് കേരളമാകെ ചർച്ചയായത് ക്ഷേത്രത്തെക്കുറിച്ചും ദേവിയുടെ ശക്തിവിശേഷത്തെക്കുറിച്ചും മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് നടത്തിയ പ്രഭാഷണം വാട്സ് ആപ്പിലൂടെ പ്രചരിച്ചതോടെയാണ്. അദ്ദേഹം തലശ്ശേരി എ. എസ്.പി. ആയിരിക്കുന്ന കാലത്ത് ഈ ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം കളവുപോയി. പക്ഷേ, പാലക്കാട് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അത് കണ്ടുകിട്ടി. അതോടൊപ്പം ഈ വിഗ്രഹം മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെതാണെന്ന് പറഞ്ഞുകൊണ്ട് ഒരു കുറിപ്പുമുണ്ടായിരുന്നു.പിന്നീട് അദ്ദേഹം കണ്ണൂര്‍ എസ്.പി. ആയകാലത്തും ഇവിടെ വിഗ്രഹം മോഷ്ടിക്കപ്പെട്ടു. അന്ന് 300 മീറ്റര്‍ കൊണ്ടുപോയി ഉപേക്ഷിച്ചുപോവുകയായിരുന്നു. പിന്നീട് ഡി.ഐ.ജി. ആയകാലത്ത് വിഗ്രഹം വീണ്ടും മോഷണംപോയി. ഇത്തവണ കല്പറ്റയിലെ ഒരു ലോഡ്ജില്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍തന്നെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുപറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
പിന്നീട് അദ്ദേഹം കണ്ണൂര്‍ എസ്.പി. ആയകാലത്തും ഇവിടെ വിഗ്രഹം മോഷ്ടിക്കപ്പെട്ടു. അന്ന് 300 മീറ്റര്‍ കൊണ്ടുപോയി ഉപേക്ഷിച്ചുപോവുകയായിരുന്നു. പിന്നീട് ഡി.ഐ.ജി. ആയകാലത്ത് വിഗ്രഹം വീണ്ടും മോഷണംപോയി. ഇത്തവണ കല്പറ്റയിലെ ഒരു ലോഡ്ജില്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍തന്നെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുപറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.പിന്നീട് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഈ മോഷ്ടാക്കള്‍ അറസ്റ്റിലായപ്പോള്‍ ഈ വിഗ്രഹം മോഷ്ടിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷണോദ്യോഗസ്ഥര്‍ ആരാഞ്ഞു. വിഗ്രഹവുമായി പോവുമ്പോള്‍ ദിശാബോധം നഷ്ടപ്പെടുന്നതായും മലമൂത്രവിസര്‍ജനം നിയന്ത്രിക്കാന്‍ പറ്റാത്താതായും അനുഭവപ്പെട്ടെന്നാണ് മോഷ്ടാക്കള്‍ പറഞ്ഞത്.വിഗ്രഹം കണ്ടെടുക്കപ്പെട്ട സ്ഥലത്ത് മലമൂത്രവിസര്‍ജനം കണ്ടിരുന്നതും ഇദ്ദേഹം ഓര്‍ക്കുന്നു ഈ അനുഭവം പങ്കുവെച്ച അലക്‌സാണ്ടര്‍ ഇവിടെ പ്രാര്‍ഥിച്ചാല്‍ അസാധ്യമായ പലതും സാധ്യമാവുമെന്നും പറയുന്നുണ്ട്. കേരള രാഷ്ട്രീയത്തില്‍നിന്നും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമുള്ള ചില അനുഭവങ്ങള്‍ ഇതിന് ഉപോദ്ബലകമായി അദ്ദേഹം പങ്കുവെക്കുന്നുമുണ്ട്.
കോട്ടയം രാജവംശമാണ് ക്ഷേത്രത്തിന്റെ ഊരാളന്മാർ. യുദ്ധത്തിൽ വിജയമുണ്ടാകാൻ പഴശ്ശി തമ്പുരാൻ ദേവിയെ ശ്രീ പോർക്കലീഭാവത്തിൽ അതായത് രൗദ്രഭാവത്തിൽ കോവിലകത്തെ രഹസ്യ അറയിൽ വച്ച് ആരാധിച്ചിരുന്നുവത്രേ. ദേവിയെ വണങ്ങിയേ യുദ്ധത്തിനു പോകൂ. അതായിരുന്നു വഴക്കം. കേരളത്തിലെ മറ്റു പോർക്കലി ക്ഷേത്രങ്ങളുടെ ആരൂഢ സ്ഥാനമായിക്കരുതുന്നത് മുഴുക്കുന്നിലെ ഈ ക്ഷേത്രത്തെയാണ്. മൃദംഗശൈലേശ്വരി ദേവി സരസ്വതിയായും ലക്ഷ്മിയായും കാളിയായും ഭിന്നഭാവത്തിൽ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. യുദ്ധത്തിനു പോകുന്നതിനു മുന്നോടിയായി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഗുഹാക്ഷേത്രത്തിൽ വച്ച് രാജാക്കന്മാർ ബലിതർപ്പണം നടത്തിയിരുന്നത്രേ. പോരിൽ കലി തുള്ളുന്ന പോർകാളിയായി ദേവി അനുഗ്രഹവർഷം ചൊരിയുമെന്നാണ് വിശ്വാസം.
കഥകളി ഗ്രന്ഥങ്ങളുടെ രചയിതാവായ കോട്ടയം തമ്പുരാനും ഈ കോവിലകത്തായിരുന്നു.അദ്ദേഹം ജനിച്ചപ്പോള്‍ ബുദ്ധിമാന്ദ്യമുണ്ടായിരുന്നുവത്രെ. ഇപ്പോള്‍ കുമാരധാര എന്നറിയപ്പെടുന്ന സ്ഥലത്ത് ഈ കുട്ടിയെ ഉപേക്ഷിക്കുകയും ധാരാപ്രവാഹമേറ്റ് കുട്ടിയുടെ ബുദ്ധിമാന്ദ്യം മാറി തിരിച്ചെത്തിയെന്നും പറയുന്നു. ഐതിഹ്യവും വിശ്വാസവും ഇടകലര്‍ന്ന ഇത്തരം ഒട്ടേറെ കഥകള്‍ ഈ ക്ഷേത്രാങ്കണത്തിന് പറയാനുണ്ട്. വിശ്വാസികളുടെ അനുഭവകഥകളും ധാരാളം.കഥകളിയിലെ പ്രശസ്തമായ ബകവധം, കിർമീരവധം, കല്യാണ സൗഗന്ധികം, നിവാതകവച കാലകേയവധം ആട്ടക്കഥകൾ അദ്ദേഹം രചിച്ചത് ഈ ദേവി സന്നിധിയിൽ വച്ചാണെന്ന് കരുതപ്പെടുന്നു.കോവിലകത്തെ തമ്പുരാക്കന്മാര്‍ ദേവിയെ വണങ്ങിക്കഴിഞ്ഞാല്‍ നേരേ പിണ്ഡാരിക്കളരിയിലേക്കാണ് പോവാറ്. ഈ കളരിയും തൊട്ടടുത്താണ്. തിരുവിതാംകൂറില്‍നിന്ന് മാര്‍ത്താണ്ഡവര്‍മയും ഈ കളരിയില്‍വന്ന് പഠനം നടത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലാണ് കളരി.
കളരിയും കോവിലകവുമായി മറ്റൊരു ബന്ധം കൂടിയുണ്ട്. ക്ഷേത്രത്തിന് അഭിവൃദ്ധിയുണ്ടാകണമെങ്കിൽ തമ്പുരാക്കന്മാർ ഈ കളരിയിൽ വന്ന് കളരി പഠിക്കണം. മാത്രമല്ല, പാരമ്പര്യമായി തമ്പുരാൻ സ്ഥാനം കിട്ടണമെങ്കിൽ കളരിയിൽ വന്ന് ഗുരുക്കളിൽ നിന്ന് തമ്പുരാൻ പട്ടവും വാങ്ങണം. അതുപോലെ പുതിയ കളരിഗുരുക്കൾ സ്ഥാനമേൽക്കുമ്പോൾ തമ്പുരാന്റെ മുന്നിൽ ചെന്ന് ദക്ഷിണ വയ്ക്കും. ഇന്നും പ്രധാന കളരി അതുപോലെ സൂക്ഷിച്ചിട്ടുണ്ട്. ദിവസവും കളരി ദൈവങ്ങൾക്കു വിളക്കു വയ്ക്കും. ധനുവിലെ സംക്രമപൂജയും നവരാത്രിയും 41 ദിവസത്തെ മണ്ഡലകാലവും പ്രധാനമാണ്. നിറയുത്സവത്തിനു മാത്രമേ പ്രധാന കളരി തുറക്കാറുള്ളൂ.തിറയാടുന്നയാൾ കുമാരധാരയിൽ പോയി കർമങ്ങൾ ചെയ്ത് ദുർഗാദേവിയെ തൊഴുത് ദക്ഷിണ വയ്ക്കണം. കളരി ഗുരുക്കളാണ് ദക്ഷിണ വയ്ക്കേണ്ടത്. മൂന്നു രൂപയാണ് ദക്ഷിണയെങ്കിൽ രണ്ടു രൂപ ദേവി തിരിച്ചു നൽകും. അത് ഗുരുക്കൾ തിറയ്ക്ക് കൂലിയായി നൽകണം. മാർച്ച് മാസം മൂന്നാം തീയതിയാണ് ഈ ചടങ്ങ് നടക്കുന്നത്.
പരശുരാമൻ പ്രതിഷ്ഠിച്ച നൂറ്റിയെട്ട് ദുർഗാക്ഷേത്രങ്ങളിൽ ഒന്നാണ് മൃദംഗശൈലേശ്വരിയുടേത്. ദുർഗാരൂപത്തിലാണ് പ്രതിഷ്ഠ. ദേവവാദ്യവും വാദ്യങ്ങളുടെ മാതാവുമായ മൃദംഗം ദേവലോകത്തു നിന്ന് പിറന്നു വീണ ശൈലമാണ് മൃദംഗ ശൈലം. മൃദംഗ രൂപത്തിൽ സ്വയം ഭൂവായി ദേവി ഉയർന്നു വന്നു എന്നും ആ ചൈതന്യത്തെ ആവാഹിച്ചാണ് പരശുരാമൻ പ്രതിഷ്ഠ നടത്തിയതെന്നുമാണ് വിശ്വാസം.
ശ്രീകോവിലിന്റെ തെക്കുഭാഗത്തായി ദേവി മിഴാവ് രൂപത്തിൽ സ്വയംഭൂവായ സ്ഥാനമുണ്ട്. പുറ്റു മൂടി കാണാനാവില്ല എങ്കിലും ‘മിഴാവിൽ ഭഗവതി’യുടെ പൂജകൾ കൃത്യമായി പാലിക്കാറുണ്ട്. ഈ ഭഗവതിയെ ക്ഷേത്രസങ്കൽപ്പമനുസരിച്ച് പിന്നീട് ശ്രീകോവിലിലേക്ക് പ്രതിഷ്ഠിക്കുകയായിരുന്നു. സംഗീതരൂപിണിയായ ദേവിയുടെ നാദം മുഴക്കിയ കുന്നിന് മുഴങ്ങിയ കുന്ന് എന്നായിരുന്നു ആദ്യത്തെ പേര്. പിന്നെയത് മുഴക്കുന്നായി മാറി. മൃദംഗശൈലം എന്നതിന്റെ മലയാളമായ മിഴാവ് കുന്ന് മുഴക്കുന്നായതാണെന്നും പറയുന്നുണ്ട്. മഞ്ഞളും തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന തിരുവക്കാടി എന്ന ചോറാണ് പ്രധാന നിവേദ്യം. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഉപ്പുമാവും കാപ്പിയും നല്‍കാറുണ്ട്. ഞായറാഴ്ചയും സംക്രമദിവസവും പ്രസാദ ഊട്ടും പതിവുണ്ട്.