ഹജ്ജിനെത്തിയ ആദ്യ മലയാളി സംഘം ഇന്ന് നാട്ടിലേക്ക് മടങ്ങും. സ്വകാര്യ ഗ്രൂപ്പിലെത്തിയവരാണ് മടങ്ങുന്നത്. ഇന്ന് രാത്രിയോടെയാണ് ആദ്യസംഘം ഹാജിമാർ മക്കയോട് വിട പറയുന്നത്. കഅബക്കരികിലെത്തി വിടവാങ്ങൽ പ്രദക്ഷിണം നടത്തിയാണ് ഹാജിമാർ നാട്ടിലേക്ക് മടങ്ങുന്നത്. മെയ് 15ന് എത്തി 37 ദിവസം മക്കയിലും മദീനയിലുമായി താമസിച്ച ശേഷമാണ് ഹാജിമാർ മടങ്ങുന്നത്.
ഹജ്ജിനായി പ്രൈവറ്റ് ഗ്രൂപ്പിലുള്ള ഹാജിമാരാണ് ആദ്യം മക്കയിലെത്തിയത്. ഇവരുടെ മദീന സന്ദർശനം ഭൂരിഭാഗവും ഹജ്ജിനു മുന്നേ പൂർത്തീകരിച്ചിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയവർ മദീന സന്ദർശനത്തിനായി പുറപ്പെടാനുള്ള ഒരുക്കത്തിലാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ പതിനെട്ടായിരത്തിലേറെ ഹാജിമാരാണ് ഇത്തവണ ഹജ്ജിനെത്തിയത്.
അതേസമയം, ഹജ്ജിനെത്തിയ 18 ഹാജിമാർ ഇതുവരെയായി വിവിധ കാരണങ്ങളാൽ മക്കയിലും മദീനയിലുമായി മരണപ്പെട്ടിട്ടുണ്ട് ഇവരുടെ ഖബറടക്കം നടന്നുവരികയാണ്. ഹജ്ജ് കമ്മിറ്റിയുടെ കീഴിലെത്തിയ ഹാജിമാരുടെ മദീന സന്ദർശനം ഞായറാഴ്ച ആരംഭിക്കും. എട്ടു ദിവസം മദീനയിൽ ഇവർ തങ്ങും. ശേഷം മദീന വഴിയാകും നാട്ടിലേക്ക് മടങ്ങുക.