എണ്ണ തേച്ച് ഒട്ടിച്ച മുടി ചീവി രണ്ട് ഭാഗത്തേക്ക് പിന്നിയിട്ട ഒരു ഫോട്ടോയിലൂടെ ആയിരുന്നു അനശ്വര എന്ന ഇന്ന് കാണുന്ന അനശ്വര രാജന്റെ സിനിമയിലേക്കുള്ള കാൽവയ്പ്പ്.
ഇന്ന് നേര്, സൂപ്പര്‍ ശരണ്യ, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, പ്രണയ വിലാസം ഗുരുവായൂരമ്പല നടയില്‍ തുടങ്ങി ആദ്യ സിനിമ ഉദാഹരണം സുജാത വരെ അഭിനയിച്ച സിനിമകളില്‍ അധികവും മികച്ച വിജയങ്ങളാവുകയും അനശ്വരയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു.
സിനിമയില്‍ ബന്ധങ്ങളോ വേരുകളോ ഇല്ലാതെ കടന്നു വന്നൊരു നാട്ടിന്‍പുറത്തുകാരി ഇന്നെത്തി നില്‍ക്കുന്ന ഉയരം സമാനതകളില്ലാത്തതാണ്. മലയാളത്തില്‍ മാത്രമല്ല, തമിഴിലും ബോളിവുഡിലുമെല്ലാം അനശ്വരയ്ക്ക് സാന്നിധ്യമറിയിക്കാന്‍ സാധിച്ചു.
ഇപ്പോഴിതാ അനശ്വരയുടെ കുട്ടിക്കാലത്തെ നോവുന്നൊരു ഓര്‍മ്മ പങ്കുവെക്കുകയാണ് അമ്മ ഉഷ രാജന്‍. മനോരമയിലെഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് അമ്മ പഴയ കാലം ഓര്‍ത്തെടുക്കുന്നത്. പണ്ട് തീരേ കുഞ്ഞായിരിക്കെ തന്റെ മകളെ ഒരു സ്ത്രീ പരിഹസിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ്.”അനു മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ്. കരിവളളൂരിലെ ഒരു വിട്ടില്‍ അനു കളിക്കാന്‍ പോകും. അവിടെയും രണ്ട് പെണ്‍കുട്ടികളാണുളളത്. ആ വീട്ടുകാര്‍ക്ക് അത് അത്ര ഇഷ്ടമൊന്നും ഉണ്ടായിരുന്നില്ല. ഒരു ദിവസം ഞാന്‍ നോക്കുമ്പോള്‍ അനു കരഞ്ഞുകൊണ്ട് കയറി വരുന്നു. ഞാന്‍ കാരണം തിരക്കി” ഉഷ പറയുന്നു. ആ കുട്ടിയുടെ അമ്മ അവളോട് നിനക്ക് റോഡ് സൈഡിലുളള വീടാണോ അതോ ഉളളിലേക്ക് കയറിയുളള വീടാണോ ഇഷ്ടം? എന്ന് ചോദിച്ചുവെന്നാണ് അനു പറഞ്ഞത്.
ഉളളിലേക്കുളള വീടാണ് ഇഷ്ടം എന്ന് അനു മറുപടി നല്‍കി. ഉടനെ ആ സ്ത്രീ ഒരു പരിഹാസച്ചിരിയോടെ അവളോട് ‘കിട്ടാത്ത മുന്തിരി പുളിക്കും. അല്ലേ?’ എന്ന് ചോദിച്ചുവെന്നാണ് അമ്മ പറയുന്നത്. അത് കേട്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു പോയി. ”മോള് അത് കാര്യമാക്കണ്ട. അത് അവരുടെ സംസ്‌കാരം. നമ്മള്‍ ഹാപ്പിയായല്ലേ ജീവിക്കുന്നത്. നമുക്ക് ഇഷ്ടം ഇതാണ്. നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കുക. അതാണ് വേണ്ടത്. ബാക്കിയെല്ലാം ദൈവം നോക്കികകൊളളും’ എന്ന് മകളോട് പറഞ്ഞുവെന്നാണ് അമ്മ പറയുന്നത്.