ന്യൂഡല്‍ഹി : നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് .വിവിധ പിസിസികളുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. അതേസമയം, നെറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയിൽ സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നു. നീറ്റ് പരീക്ഷ ക്രമക്കേടിനും നെറ്റ് പരീക്ഷ റദ്ദാക്കിയതിലും പ്രതിസന്ധിയിലായ കേന്ദ്രസർക്കാരിനെ കൂടുതൽ സമ്മർദത്തിലാക്കാനാണ് കോൺഗ്രസ് നീക്കം.
സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ദേശീയതലത്തിലും സംസ്ഥാനതലത്തിലും മുതിര്‍ന്ന നേതാക്കള്‍ പ്രക്ഷോഭത്തിന്‍റെ ഭാഗമാകും. പരീക്ഷാ ക്രമക്കേടുകളിൽ നരേന്ദ്ര മോദി മൗനം തുടരുന്നു എന്നാണ് കോൺഗ്രസ് ആരോപണം.
നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥികളുടെ പ്രതിനിധികളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തുകയും പൂർണ്ണപിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് സംഘടനകളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ക്രമക്കേടുകൾ നടന്നുവന്ന റിപ്പോർട്ട് ലഭിച്ചിട്ടും നീറ്റ് പരീക്ഷ റദ്ദാക്കേണ്ട എന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.