Features

ഹാ!! എത്ര മനോഹരം, ലോകത്തെ ഞെട്ടിച്ച റെയില്‍വേ ആര്‍ച്ച് ബ്രിഡ്ജ് ഇവിടെയാണ്; ട്രയല്‍റണ്‍ കണ്ടവരുടെ മനം കുളിര്‍ത്തു; എന്തൊക്കെയാണാ പാലത്തിന്റെ പ്രത്യേകതകള്‍, അറിയാം ?

ജമ്മു കാശ്മീരിലെ ചെനാബ് റെയില്‍പ്പാലം ഏറ്റവും ഉയരമുള്ള റെയില്‍പാലമാണ്. നിര്‍മ്മാണം പൂര്‍ത്തിയായതോടെ പാലത്തിന്റെ ബലപരീക്ഷണം നടന്നു. ഇന്നലെ നടന്ന ട്രയല്‍റണ്ണിന്റെ വീഡിയോ ഇന്ത്യന്‍ റെയില്‍വേ തന്നെ പുറത്തു വിട്ടു. സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്‌ചെനാബ് റെയില്‍ പാലത്തിലൂടെയുള്ള ട്രയല്‍റണ്‍. ലോകാത്ഭുതങ്ങളില്‍ ഒന്നാണെന്നു വേണമെങ്കില്‍ പറയാനാകും വിധമാണ് റെയില്‍പാലം നിര്‍മ്മിച്ചിരിക്കുന്നത്. ട്രയല്‍റണ്‍ കണ്ട ലോകം ഇന്ത്യയുടെ സാങ്കേതിക വിദ്യയില്‍ ഞെട്ടിയിരിക്കുകയാണെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. അസാധ്യമായത് സാധ്യമാക്കിയതിന്റെ സന്തോഷവും റെയില്‍വേക്കുണ്ട്.

ഈ റെയില്‍ പാളത്തിലൂടെ ആദ്യമായാണ് ഒരു ട്രെയിന്‍ ചൂളം വിളിച്ചിരിക്കുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ പാലത്തിലൂടെ കടന്നുപോയത്. ഇതോടെ പാലത്തിലുള്ള എല്ലാ സുരക്ഷ പരിശോധനകളും പൂര്‍ത്തിയായിക്കഴിഞ്ഞു. ചെനാബ് ആര്‍ച്ച് ബ്രിഡ്ജിലൂടെയുള്ള ട്രെയിന്‍ സര്‍വീസ് നോര്‍ത്തേണ്‍ റെയില്‍വേ ഉടന്‍ ആരംഭിക്കുമെന്നാണ് റെയില്‍വേമന്ത്രാലയം നല്‍കുന്ന സൂചന. രംബാനില്‍ നിന്ന് ബാരാമുള്ളയിലേക്കുള്ള ട്രെയിന്‍ സര്‍വീസാണ് ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നറിയപ്പെടുന്ന ഈ റെയില്‍പ്പാലത്തിലൂടെ കടന്നുപോകുന്നത്. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയില്‍ ചെനാബ് നദിക്കു കുറുകെയാണ് ചെനാബ് ആര്‍ച്ച് ബ്രിഡ്ജ് നിര്‍മിച്ചിരിക്കുന്നത്.

28,000 കോടി ചെലവില്‍ പണിയുന്ന ഉധംപുര്‍- ശ്രീനഗര്‍- ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ ഭാഗമായി ഉത്തര റെയില്‍വേയ്ക്ക് വേണ്ടി അഫ്കോണ്‍സ് എന്ന മുംബൈ ആസ്ഥാനമായ കമ്പനിയാണ് പാലം പണിതത്. കമാനാകൃതിയുള്ള പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂന്ന് കൊല്ലം മുമ്പാണ് ആരംഭിച്ചത്. ചെനാബ് നദിയ്ക്ക് കുറുകെ നിര്‍മ്മിച്ച പാലത്തിന് രാജ്യത്തിന്റെ ഇതരഭാഗങ്ങളുമായി കശ്മീരിനെ ബന്ധിപ്പിക്കാന്‍ സഹായിക്കും. കമാനത്തിന് 467 മീറ്റര്‍ നീളമുള്ള പാലം നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കശ്മീര്‍ റെയില്‍വെ പദ്ധതിയില്‍പ്പെടുന്ന ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള സെക്ഷന്റെ ഭാഗമായ കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാകും ചെനാബ് പാലം.

2017 നവംബറില്‍ നിര്‍മ്മാണം ആരംഭിച്ച പാലത്തിന് 1250 കോടി രൂപയാണ് ചെലവ്. പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുണ്ട് ഈ പാലത്തിന് (നദിയില്‍ നിന്നുള്ള ഉയരം). പാലത്തിന്റെ ആകെ നീളം 1,315 മീറ്ററാണ്. 17 തൂണുകള്‍ പാലത്തിനെ താങ്ങി നിര്‍ത്തുന്നു. റിക്ടര്‍ സ്‌കെയിലില്‍ എട്ട് വരെയുള്ള ഭൂചലനത്തെ അതിജീവിക്കാനുള്ള ശേഷി പാലത്തിനുണ്ടെന്ന് അധികൃതര്‍ പറയുന്നു. കൂടാതെ ശക്തിയേറിയ സ്ഫോടനങ്ങളെ അതിജീവിക്കാനും പാലത്തിന് ശേഷിയുണ്ട്. ഭീകരാക്രമണത്തേയും ഭൂചലനത്തേയും പ്രതിരോധിക്കാന്‍ സഹായകമായ സുരക്ഷാസംവിധാനവും പാലത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

കത്രയ്ക്കും റിയാസിക്കും ഇടയില്‍ ചെനാബ് നദിയുടെ പോഷകനദിക്ക് കുറുകെയുള്ള 657 മീറ്റര്‍ (2,156 അടി) നീളവും 189 മീറ്റര്‍ (620 അടി) ഉയരവുമുള്ള ആന്‍ജി ഖാഡ് പാലമാണ് പുതിയ റെയില്‍വേ ലൈനില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മറ്റൊരു, ചെറിയ കമാനം പാലം. സ്ഥലത്തിന്റെ പ്രത്യേക ഭൂഗര്‍ഭശാസ്ത്രം കാരണം റെയില്‍വേ ഈ നിര്‍ദ്ദേശം ഉപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍, അവിടെ ഒരു കേബിള്‍-സ്റ്റേഡ് പാലം നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഇത് ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യത്തെ കേബിള്‍ സ്റ്റേഡ് പാലമായിരിക്കും.

ചെനാബ് റെയില്‍വേ ആര്‍ച്ച് ബ്രിഡ്ജിന്റെ നാള്‍വഴി

2004 ഡിസംബറില്‍ ചെനാബ് റെയില്‍വേ ബ്രീഡ്ജ് നിര്‍മ്മാണ പദ്ധതിക്ക് അംഗീകരം ലഭിച്ചു.
2008 ഫെബ്രുവരിയില്‍ പാലം നിര്‍മ്മാണത്തിനുള്ള കരാര്‍ നല്‍കി.
2008 സെപ്തംബറില്‍ സുരക്ഷാ കാരണങ്ങളാല്‍ പദ്ധതി നിര്‍ത്തിവച്ചു. ഏഴു മാസങ്ങള്‍ കൊണ്ട് പ്രാഥമിക ഘട്ടം പോലും പൂര്‍ത്തിയാക്കിയില്ല.
2010 ഓഗസ്റ്റിലാണ് പാലത്തിന്റെ നിര്‍മ്മാണം പുനരാരംഭിക്കുന്നത്. രണ്ടു വര്‍ഷം പദ്ധതി നിശ്ചലമായി.
2010-17 ഏഴു വര്‍ഷം വീണ്ടും നിര്‍മ്മാണം നിര്‍ത്തി വെയ്‌ക്കേണ്ടിവന്നു. പ്രതികൂല സാഹചര്യങ്ങളും, തീവ്രവാദ ഭീഷണിയുമായിരുന്നു പ്രധാന പ്രശ്‌നം.
2017 ജൂലൈയില്‍ വീണ്ടും പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ തുടങ്ങി.
2017 നവംബറില്‍(നാലു മാസം കൊണ്ട്) ബ്രിഡ്ജിന്റെ കമാനം നിര്‍മ്മാണം വേഗത്തിലാക്കി. കമാനം 2019 ഓടുകൂടി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.
2018 നവംബറിലും പാലം നിര്‍മ്മാണത്തില്‍ തടസ്സങ്ങളൊന്നും ഉണ്ടാകാതെ സജീവമായി പോയി.
2018 ഡിസംബര്‍ ആയപ്പോഴേക്കും പാലത്തിന്റെ നിര്‍മ്മാണം വേഗത്തിലായി. പദ്ധതി 2019 അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിച്ചു. സാധിച്ചില്ല.
2019 ഓഗസ്റ്റ് ആയപ്പോള്‍ പാലത്തിന്റെ 80 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായി. 2020 പകുതിയോടെ തുറക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നടന്നില്ല.
2019 നവംബറില്‍ പാലത്തിന്റെ 83 ശതമാനം പണി പൂര്‍ത്തിയാക്കി. 2021 മാര്‍ച്ചില്‍ തുറക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സാധിച്ചില്ല.
2020 ജനുവരിയില്‍ പാലത്തിന്റെ പരിപൂര്‍ണ്ണമായ നിര്‍മ്മാണം ഫലപ്രാപ്തിയിലെത്തി. 2021 ഡിസംബറില്‍ തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും മങ്ങി.
2021 ഏപ്രിലില്‍ പാലം കമാനത്തിന്റെ രണ്ടറ്റത്തും പണി പൂര്‍ത്തിയാക്കി. 2022ല്‍ തുറക്കാമെന്ന പ്രതീക്ഷ റെയില്‍വേ വെച്ചു. നടന്നില്ല.
2022 ജൂണില്‍ ഏകദേശം 90 ശതമാനം നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കി.
2022 ഓഗസ്റ്റ് ആദ്യം പാലത്തിന്റെ അവസാന ജോയിന്റിലെ പണി പൂര്‍ത്തിയാക്കി.
2022 ഓഗസ്റ്റ് 13ന് അങ്ങനെ ഉദ്ഘാടനം ചെയ്തു.
2023 ഫെബ്രുവരിയില്‍ പാലത്തില്‍ ട്രാക്ക് സ്ഥാപിക്കല്‍ ആരംഭിച്ചു.
2023 മാര്‍ച്ചില്‍ ട്രാക്ക് സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കി. അതില്‍ ഒരു ട്രയല്‍ റണ്‍ നടത്തിയെങ്കിലും അത് പൂര്‍ത്തിയാക്കിയില്ല.
2023 ഡിസംബറോടെയോ 2024 ജനുവരി/ഫെബ്രുവരിയോടെയോ പാലം, ജമ്മുവില്‍ നിന്ന് ബാരാമുള്ളയിലേക്കുള്ള മുഴുവന്‍ റൂട്ടും പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിച്ചങ്കിലും ഫലമുണ്ടായില്ല.
2024 ജൂണ്‍ 20ന് ചെനാബ് റെയില്‍വേ ആര്‍ച്ച് ബ്രിഡ്ജിലൂടെ വിജയകരമായി ട്രയല്‍റണ്‍ പൂര്‍ത്തിയാക്കി.

സാങ്കേതിക ക്ഷമത

ഡെക്കിന്റെ ഉയരം: നദീതടത്തിന് മുകളില്‍ – 359 മീറ്റര്‍ (1,178 അടി), നദിയുടെ ഉപരിതലത്തിന് മുകളില്‍ – 322 മീറ്റര്‍ (1,056 അടി)
പാലത്തിന്റെ നീളം: 1,315 മീ (4,314 അടി), വടക്കുവശത്തുള്ള 650 മീറ്റര്‍ (2,130 അടി) നീളമുള്ള വയഡക്ട് ഉള്‍പ്പെടെ
ആര്‍ച്ച് സ്പാന്‍: 467 മീറ്റര്‍ (1,532 അടി)
കമാനത്തിന്റെ നീളം: 480 മീറ്റര്‍ (1,570 അടി)

ഇത് ചെനാബ് റെയില്‍ പാലത്തിന്റെ അത്ഭുതങ്ങള്‍

ലോകത്തിലെ ഏറ്റവും ഉയരമുള്ള 16-ാമത്തെ പാലം
ലോകത്തിലെ ഏറ്റവും നീളം കൂടിയ പതിനൊന്നാമത്തെ കമാന പാലം
5 അടി 6 ഇഞ്ച് ( 1,676 മില്ലിമീറ്റര്‍ ) ബ്രോഡ് ഗേജ് റെയില്‍വേ ശൃംഖലയില്‍ ഏറ്റവും നീളം കൂടിയ പാലം

പരിപാലനം

വലിയ റെയില്‍വേ പാലങ്ങള്‍ പെയിന്റ് ചെയ്യുന്നത് ഏറെ അപകടം പിടിച്ച ജോലിയാണ്. അതിനാല്‍, ചെനാബ് പാലത്തില്‍ പുതിയ സാങ്കേതിക വിദ്യയാണ് പ്രയോഗിച്ചിരിക്കുന്നത്. ഏകദേശം 15 വര്‍ഷത്തോളം പുതുമയോടെ നില്‍ക്കുന്ന ഒരു പെയിന്റിംഗ് സ്‌കീം വികസിപ്പിച്ചെടുത്തു. മറ്റ് മിക്ക ഇന്ത്യന്‍ റെയില്‍വേ പാലങ്ങളിലും 5 മുതല്‍ 7 വര്‍ഷം വരെ മാത്രമേ പെയിന്റിംഗ് നില്‍ക്കൂ.

ചെനാബ് ആര്‍ച്ച് റെയിവേ ബ്രിഡ്ജിന്റെ ഡിസൈന്‍

സൗന്ദര്യശാസ്ത്രം, സമ്പദ്വ്യവസ്ഥ, പ്രാദേശിക വൈദഗ്ധ്യം, നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത എന്നിവ കണക്കിലെടുത്ത് നിരവധി ആലോചനകള്‍ക്ക് ശേഷമാണ് ചെനാബ് റെയില്‍പ്പാലം ഒരു വലിയ സ്പാന്‍ സിംഗിള്‍ ആര്‍ച്ച് സ്റ്റീല്‍ പാലമായി രൂപകല്‍പ്പന ചെയ്തത്. ഇരുവശത്തും അപ്രോച്ച് വയഡക്റ്റുകള്‍. കമാനം രണ്ട് വാരിയെല്ലുകള്‍ പോലുള്ള വലിയ സ്റ്റീല്‍ ട്രസ്സുകളില്‍ നിര്‍മ്മിച്ചതാണ്. ട്രസ്സുകളുടെ കോര്‍ഡുകള്‍ സ്റ്റീല്‍ ബോക്‌സുകള്‍ കൊണ്ട് അടച്ചിട്ടുണ്ട്. ആന്തരിക ബലമുള്ളതും, കോണ്‍ക്രീറ്റ് നിറച്ചതുമായ ബോക്‌സുകള്‍, കാറ്റിന്റെ ശക്തിനിയന്ത്രിച്ച് പാലത്തിനെ സംരക്ഷിക്കും. കോണ്‍ക്രീറ്റ് ഫില്ലിംഗിന്റെ മറ്റൊരു ഗുണം പെയിന്റിംഗ് ആവശ്യമില്ല എന്നതാണ്. വയഡക്ട് പിയറുകള്‍ കോണ്‍ക്രീറ്റാണ്. എന്നാല്‍, കമാനത്തിന് അടുത്തുള്ള തൂണുകള്‍ ഇന്ത്യന്‍ റെയില്‍വേ സ്റ്റാന്‍ഡേര്‍ഡ്‌സ് (ഐആര്‍എസ്), ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് (ഐആര്‍സി), ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ഐഎസ്) എന്നിങ്ങനെയുള്ള ഇന്ത്യന്‍ നിര്‍മ്മാണ മാനദണ്ഡങ്ങളില്‍ നിര്‍മ്മിച്ചവയാണ്. അനുഭവപരിചയമുള്ള നിരവധി ആഗോള വിദഗ്ധരും പദ്ധതിയില്‍ സഹായകമായിട്ടുണ്ട്.

ചെനാബ് നദിയെ കുറിച്ച്

ജമ്മു കശ്മീരിലൂടെയും പിന്നീട് പാക് പഞ്ചാബിലൂടെയും ഒഴുകുന്ന ചെനാബ് ഹിമാചല്‍ പ്രദേശിലെ ലാഹൗള്‍, സ്പിതി ജില്ലകളിലെ അപ്പര്‍ ഹിമാലയത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. പഞ്ചാബിന് ആ പേര് നല്‍കുന്ന പഞ്ചനദികളില്‍ ഒന്നാണ് ചിനാബ് നദി(ചന്ദ്രഭാഗ). ഏകദേശം 960 കിലോമീറ്റര്‍ നീളമുണ്ട്. സിന്ധു നദീജല ഉടമ്പടി പ്രകാരം ചെനാബിലെ ജലം പാകിസ്താന് അവകാശപ്പെട്ടതാണ്. വൈദ്യുതി ഉല്‍പാദനം പോലുള്ള ഉപഭോഗേതര ഉപയോഗങ്ങള്‍ ഇന്ത്യ അനുവദിച്ചിട്ടുണ്ട്. ചെനാബ് നദി പാകിസ്ഥാനില്‍ ജലസേചനത്തിനായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതിന്റെ ജലം നിരവധി ലിങ്ക് കനാലുകള്‍ വഴി രവി നദിയുടെ ചാനലിലേക്ക് മാറ്റുകയും ചെയ്യുന്നു.

ഈ നദിയില്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടി എടുത്തതോടെ ചെനാബ് വാര്‍ത്തകളില്‍ സ്ഥാനംനേടി. ഇവയില്‍ ഏറ്റവും ശ്രദ്ധേയമായത് ബഗ്ലിഹാര്‍ ജലവൈദ്യുത പദ്ധതിയാണ്. ഇതിന്റെ നിര്‍മ്മാണം 2008ല്‍ പൂര്‍ത്തിയായി. സിന്ധു ബേസിന്‍ പ്രൊജക്റ്റില്‍ ഉള്‍പ്പെടുന്നതാണ് ഈ പദ്ധതികള്‍. ചെനാബിലെ ജലം ശേഖരിക്കുകയും ദിശ തിരിച്ചവിടുകയും ചെയ്യുന്ന ഈ പദ്ധതികള്‍ വഴി ഇന്ത്യ സിന്ധു നദീജല ഉടമ്പടിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതായി പാകിസ്താന്‍ ആരോപിച്ചു. എന്നാല്‍ ഇന്ത്യ ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞു.