ജലഗതാഗത ബോട്ടുകളില്‍ പുസ്തകത്തോണി എന്ന ആശയത്തെ വിപുലീകരിക്കാനായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദേശം. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടുകളില്‍ പുസ്തകതോണി എന്ന ആശയം വിപുലീകരിക്കുന്നു. മൊബൈല്‍ ഫോണ്‍ തരംഗത്തിലേക്കു അടിമപ്പെട്ട പുതിയ തലമുറയെ അറിവിന്റെ പാതിയിലേക്ക് നയിക്കുന്നതിനും യാത്ര വിരസത ഒഴിവാക്കി കായല്‍ കാറ്റില്‍ പുസ്തകങ്ങള്‍ വായിക്കുവാന്‍ ഉള്ള ഒരു സാഹചര്യം സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനിലെ ഫെറി ബോട്ടുകളില്‍ ഒരു വര്‍ഷം മുന്‍പ് നടപ്പിലാക്കിയിരുന്നു. ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലിനു കുറുകെ ഏകദേശം 45 മിനിറ്റ് ദൈര്‍ഘ്യമുള്ള മുഹമ്മ- കുമരകം ബോട്ടില്‍ സുഖമായി യാത്രചെയ്തു കോട്ടയം ജില്ലയിലെ കുമരകത്തു എത്തിച്ചേരാവുന്നതാണ്. ഈ യാത്രയില്‍ ആണ് ബോട്ടില്‍ യാത്ര ചെയ്യുന്ന മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി പുസ്തകശാല സജ്ജമാക്കിയത്. പ്രദേശത്തെ വീടുകളില്‍ സ്‌കൂളില്‍ നിന്നും ശേഖരിച്ച നൂറുകണക്കിനു പുസ്തകങ്ങള്‍ ബോട്ടില്‍ ഉണ്ടാകും. കഥയും കവിതയും നോവലും കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും ഇതിലുണ്ട് യാത്രക്കാര്‍ക്ക് ഇത് സൗജന്യമാണ്.