കൊച്ചി: ലൈംഗിക പീഡനക്കേസിൽ സംവിധായകന്‍ ഒമര്‍ ലുലുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി കേസിൽ കക്ഷി ചേർന്നു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങൾ തെറ്റാണെന്ന് ഹർജിയിൽ പറയുന്നു. ഹർജി ജസ്റ്റിസ് സി.എസ്. ഡയസ് ജൂലൈ ഒന്നിന് പരിഗണിക്കും.
കേസില്‍ ഒമര്‍ ലുലുവിന് നേരത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ ബലാത്സംഗം ചെയ്‌തെന്നാണ് നടിയുടെ പരാതി. എന്നാൽ സിനിമയിൽ അവസരം നൽകാത്തതിനാൽ തനിക്കെതിരെ കെട്ടിച്ചമച്ചതാണ് പരാതി എന്നായിരുന്നു കോടതിയിൽ ഒമറിന്റെ വാദം. നടിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം മാത്രമാണെന്നും ഒമർ കോടതിയെ ധരിപ്പിച്ചിരുന്നു.
2022 മുതല്‍ പരാതിക്കാരിയുമായി അടുപ്പമുണ്ടെന്ന് ഒമര്‍ ലുലു ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. ആ വർഷം സംവിധാനം ചെയ്ത സിനിമയുടെ നിർമാണത്തിനിടെ പരാതിക്കാരിയുമായി അടുത്ത ബന്ധമുണ്ടായി. ഇത് 2023 ഡിസംബർ വരെ ബന്ധം തുടർന്നു. പിന്നീട് താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളേയും സംശയത്തോടെയാണ് നടി കണ്ടിരുന്നതെന്നും ഇതിനാൽ ബന്ധം തകർന്നെന്നും ഒമർ ലുലു അവകാശപ്പെടുന്നു.
ഉഭയസമ്മത പ്രകാരമായിരുന്നു ബന്ധമെന്ന് തെളിയിക്കുന്ന മൊബൈൽ ചാറ്റുകളും ഒമർ ഹാജരാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഹരജിക്കാരന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കുകയുംചെയ്തു. ഇതിന് പിന്നാലെയാണ് കക്ഷിചേരാൻ നടി ഹരജി നൽകിയത്.