കൊച്ചി : മോഷണം പോയ സൈക്കിളിനു പകരം മന്ത്രി സമ്മാനിച്ച സൈക്കിളും മോഷ്ടിച്ചു. എന്നാൽ ഇത്തവണ മോഷണം നടന്ന് മണിക്കൂറുകൾക്കകം കള്ളനെ പോലീസ് പിടികൂടി. ഒരു മാസത്തിനിടയിൽ രണ്ടു തവണ സൈക്കിൾ മോഷണം പോവുക, അതും ആദ്യം മോഷണം പോയ സൈക്കിളിനു പകരമായി വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ടു സമ്മാനിച്ച സൈക്കിളും നഷ്ടപ്പെടുക, അവന്തിക എന്ന വിദ്യാർത്ഥിനിക്കാന് ഈ ദുരനുഭവം ഉണ്ടായത്.
സൈക്കിൾ കള്ളൻ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടിയിലായി. സൈക്കിൾ കണ്ടുകിട്ടിയതായി പൊലീസ് അറിയിച്ചിട്ടുണ്ടെന്ന് അവന്തികയുടെ അമ്മ നിഷ പറഞ്ഞു. സൈക്കിൾ എപ്പോൾ തിരിച്ചു കിട്ടുമെന്ന് അറിയില്ലെന്നും അവർ വ്യക്തമാക്കി. സ്കൂൾ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പത്താം ക്ലാസുകാരിയായ സി.ജി.അവന്തികയ്ക്ക് സൈക്കിൾ സമ്മാനിച്ച വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അന്ന് മന്ത്രി സമ്മാനിച്ച സൈക്കിളാണ് ഇത്തവണ മോഷണം പോയത്. വീട്ടിൽ നിന്നുമാണ് സൈക്കിൾ മോഷണം പോയത്. അടുത്ത വീട്ടിലെ സിസി ടിവിയിൽ നോക്കിയപ്പോൾ പുലർച്ചെ 4.30നായിരുന്നു മോഷണം എന്നു മനസ്സിലായി. മഴക്കോട്ട് ധരിച്ചിരുന്ന കള്ളന്റെ ദൃശ്യങ്ങളും ഉണ്ടായിരുന്നെങ്കിലും ആളെ തിരിച്ചറിയാൻ സാധിക്കില്ലായിരുന്നു. അന്വേഷണം തുടർന്ന പാലാരിവട്ടം പൊലീസ് ഒടുവിൽ കള്ളനെ പൊക്കി. വൈറ്റില പാലത്തിനടിയിൽ സ്ഥിരമായി കഴിയുന്ന മദ്യപനാണ് പ്രതി എന്ന് പോലീസ് വ്യക്തമാക്കി.
.