പൗരാണികഗ്രന്ഥങ്ങൾ കണ്ടെടുത്ത് പ്രകാശിപ്പിക്കുന്നതിൽ നിപുണൻ ആയിരുന്ന സി കെ മൂസത് എന്ന് കേട്ടിട്ടുണ്ടോ.? ആരെണെന്നോ എന്താണെന്നോ വിവരിക്കുന്നതിന് മുൻപേ അദ്ദേഹത്തെ കുറിച്ച് എഴുതിയ വരികൾ വായിച്ചാൽ തന്നെ മതി…
”തല അല്പം ചെരിച്ച്, മൂക്കിന്റെ താഴത്തേക്ക് സ്ഥാനം തെറ്റി നില്ക്കുന്ന കണ്ണടക്കുള്ളിലൂടെ നോട്ടമയച്ച്, ചുണ്ടില്‍ കുസൃതിച്ചിരി വിടര്‍ത്തി, ഭൂതകാലത്തിന്റെ അടപ്പൂരിക്കളഞ്ഞ ഓര്‍മ്മച്ചെപ്പുമായി കണ്മുന്നില് സദാ ഒരു ഖദര്‍ധാരി നില്ക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് തപസ്യയുടെ തറവാട്ടിലേക്ക് കയറി വന്ന പ്രൊഫ. സി.കെ. മൂസത് എന്ന സ്വാഭാവോക്തി അലങ്കാരത്തെ കാലത്തിന്റെ കരങ്ങള്ക്കുപോലും നമ്മുടെ സ്മൃതിപഥത്തില്നിന്നു മായ്ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.” പണ്ഡിതനും എഴുത്തുകാരനും അധ്യാപകനും സാംസ്കാരികപ്രവര്‍ത്തകനുമായിരുന്ന പ്രൊഫ. സി.കെ മൂസതിന്റെ ഈ തൂലികാചിത്രം വരച്ചിട്ടത് പ്രൊഫ. കെ.പി. ശശിധരനാണ്. 1990 മെയ് മാസത്തിലെ ‘വാര്‍ത്തികം’ മാസികയില്‍.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യത്തെ അസിസ്റ്റന്റ് ഡയറക്ടറും ശാസ്ത്രസാങ്കേതിക വിഭാഗത്തിന്റെ തലവനും തപസ്യ കലാ-സാഹിത്യവേദിയുടെ മുൻ സംസ്ഥാന അധ്യക്ഷനായിരുന്നു. മലബാറിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടക്കം കുറിച്ച എം.ബി. കോളേജിന്റെ സ്ഥാപകനുമായിരുന്ന അദ്ദേഹം നിരവധി ശാസ്ത്ര സാഹിത്യ ലേഖനങ്ങൾ രചിച്ചിട്ടുണ്ട്.
മലബാറിലെ ഏറനാട് താലൂക്കിൽപ്പെട്ട പൊന്മള ഗ്രാമത്തിലെ പേരുകേട്ട ജന്മികുടുംബമായ ചണ്ണഴിയില്ലത്തെ കുമാരൻ മൂസ്സിന്റെയും (അധികാരി മൂസ്സ്) പാർവതി അന്തർജനത്തിന്റെയും മകനായി 1921 ജൂൺ 23ന് ജനിച്ചു. കോട്ടക്കൽ രാജാസ് ഹൈസ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസവും. എല്ലാ ക്ലാസിലും എല്ലാ വിഷയത്തിലും ഒന്നാമനായിരുന്നു. മലബാർ ജില്ലയിൽ ഒന്നാംറാങ്ക് കിട്ടിയതിനാൽ ഉപരിപഠനത്തിനുള്ള സ്കോളർഷിപ്പിന് അർഹനായി. മൂസദിന്റെ അഫൻ (ഇളയച്ഛൻ) ആയ കൃഷ്ണൻ മൂസ്സ് അന്ന് തിരുച്ചിറപ്പള്ളിയിൽ ജഡ്ജി ആയിരുന്നു അദ്ദേഹം അവിടത്തെ സെന്റ് ജോസഫ്സ് കോളേജിൽ ഇന്റർ മീഡിയറ്റിന് സ്കോളർഷിപ്പോടുകൂടി ചേർത്തു. 1936-1937 ഇന്റർ മീഡിയേറ്റ് ഒന്നാം ക്ലാസോടെ പാസായി. പിന്നീട് ബിഎസ്സി ഫിസിക്സ് ഫസ്റ്റ്ക്ലാസ് സെക്കൻഡ് റാങ്കോടെയും പാസായി.
തൃശ്ശൂര്‍ ശ്രീരാമകൃഷ്ണ സ്കൂളിലും ചങ്ങനാശ്ശേരി എസ്.ബി കോളേജിലും അധ്യാപകനായി. തന്റെ ജൂനിയറായിരുന്നയാളെ വകുപ്പ് മേധാവിയായി നിയമിച്ചതില്‍ പ്രതിഷേധിച്ച് കോളേജിലെ ജോലി രാജിവച്ചാണ് പാലക്കാട്ട് ‘മൂസത് ബ്രദേഴ്സ് കോളേജ്’ ആരംഭിച്ചത്. എം.ടി. വാസുദേവൻ നായർ അവിടെ അദ്ധ്യാപകനായി. പിന്നീട് ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജില്‍ സീനിയര്‍ ലക്ചററായി ജോലിയില്‍ പ്രവേശിച്ചതോടെ അതിന്റെ ചുമതല സഹോദരങ്ങളായ കൃഷ്ണന് മൂസതിനും ബലറാം മൂസതിനും ഏല്‍പ്പിച്ചു. മന്നത്ത് പത്മനാഭന്റെ പ്രത്യേക താല്പര്യപ്രകാരം നെന്മാറ എന്‍.എസ്.എസ് കോളേജിന്റെ ആദ്യ പ്രിന്‍സിപ്പലായി ചുമതലയേറ്റു. ആ പദവിയിലിരിക്കെയാണ് 1968 ല്‍ പ്രവര്‍ത്തനമാരംഭിച്ച കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിയമിതനാവുന്നത്.
മഹാകവി വള്ളത്തോള്‍, കേളപ്പജി, കവികുലഗുരു പി.വി. കൃഷ്ണവാരിയര്‍, വൈക്കത്ത് പാച്ചുമൂത്തത്, ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള, കെ. മാധവന്‍നായര്‍ എന്നിവരുടെ ജീവചരിത്രങ്ങള്‍ സാഹിത്യവീക്ഷണം, രാമകഥ മലയാളത്തില്‍, മോഹിനിയാട്ടം (ഇംഗ്ലീഷ്) എന്നീ കലാ-സാഹിത്യ പഠനഗ്രന്ഥങ്ങളും പരമാണുശാസ്ത്രം, ഭൗതികശാസ്ത്രങ്ങള്‍, ശാസ്ത്രചിന്തകള്‍, പ്രാചീനഗണിതം മലയാളത്തില്‍ എന്നീ ശാസ്ത്രപുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യമായ ‘ഭൃംഗസന്ദേശം’, കൃഷ്ണസ്വാമി അയ്യരുടെ ‘ദേശഭക്തിഗാനങ്ങള്‍’, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ‘ദേശീയഗീതങ്ങള്‍’, കെ. കണ്ണന്‍നായരുടെ ആത്മകഥ, നാലപ്പാട്ട് നാരായണമേനോന് രചിച്ച ‘ഗുരുസന്നിധി’ എന്ന പേരിലുള്ള ലഘുജീവചരിത്രങ്ങള്‍, ജി.പി പിള്ള എഴുതിയ ‘ലണ്ടനും പാരീസും’, രാമവര്‍മ്മത്തമ്പുരാന്റെ ‘ഭൂഗോളചരിതം’ എന്നിവ ശേഖരിക്കാനും സംശോധനം ചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. സോഷ്യലിസം ഇന്‍ ഇന്ത്യന്‍ പ്ലാനിങ്, കോണ്‍ഗ്രസ്സിന്റെ ചരിത്രം, എ.ബി.സി ഓഫ് കെമിസ്ട്രി, ഭാരതപ്പുഴതീര സംസ്കാരചരിതം എന്നീ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കാതെയുണ്ട്.