തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്തു നിന്ന് ബഹ്റൈനിലേയ്ക്ക് പുറപ്പെടാനൊരുങ്ങിയ ഗൾഫ് എയർ വിമാനം യാത്ര റദ്ദാക്കി. വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍നിന്ന് പുറപ്പെടാനുളള അനുമതി ലഭിച്ചശേഷം റണ്‍വേയിലേക്ക് കടക്കുന്നതിനുളള ടാക്സിവേയിലുടെ നീങ്ങുമ്പോഴാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടത്. തുടർന്ന് വിമാനം തിരികെ ബേയിലേക്ക് എത്തിച്ച് സാങ്കേതിക തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
വിമാനത്തിന്റെ പവര്‍ യൂണിറ്റ് സംവിധാനത്തിനാണ് തകരാറെന്നാണ് സൂചന. തുടര്‍ന്ന് വിമാനത്തിന് പുറപ്പെടാനാവില്ലെന്ന് പൈലറ്റ് അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന 158 യാത്രക്കാരെയും പുറത്തിറക്കി. ഇവരില്‍ 50 യാത്രക്കാരെ നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി. വീട്ടിലേക്ക് പോകാന്‍ സമ്മതം അറിയിച്ചവരെ ടാക്സിയില്‍ അവരവരുടെ വീടുകളിലെത്തിച്ചു. ശനിയാഴ്ച രാത്രിയോടെ വിമാനത്തിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനുളള ഉപകരണങ്ങളുമായി വിമാനമെത്തും. ഞായറാഴ്ച ഉച്ചയോടെ വിമാനം പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.