കഴിഞ്ഞ കുറെ വർഷങ്ങളായി അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്നു ഇടവേള ബാബു. ഒരു നടൻ എന്നതിലുപരി ഇടവേള ബാബു എപ്പോഴും അറിയപ്പെട്ടിരുന്നത് താരസംഘടനയുടെ മേൽനോട്ടക്കാരനായ യായിരുന്നു. എന്നാൽ അദ്ദേഹം ആസ്ഥാനം രാജിവെക്കുകയാണ്. കേട്ടതൊക്കെ സത്യമാണെന്നും അമ്മയിൽ നിന്ന് പിന്മാറുകയാണെന്നും ഇടവേള ബാബു വ്യക്തമാക്കി. ഇപ്പോഴിതാ തന്റെ പ്രണയകഥ വെളിപ്പെടുത്തുകയാണ് നടൻ
അച്ഛനും അമ്മയും വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ സംഗീതവും നൃത്തവും അറിയുന്ന ഒരാള്‍ വേണം എന്നായിരുന്നു മനസില്‍. ഇന്നു സിനിമാക്കാരനു പെണ്ണുകിട്ടാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. അങ്ങനെ വിവാഹാലോചനകള്‍ മുന്നോട്ട് പോകുമ്പോള്‍ ഞങ്ങളുടെ ഫാമിലിയില്‍ തന്നെയുള്ള ഒരു കുട്ടി വന്നു പറഞ്ഞു, എനിക്ക് ബാബുച്ചേട്ടനെ ഇഷ്ടമാണ്. ഞാന്‍ കണ്ട പലരേക്കാള്‍ ബാബുച്ചേട്ടനാണ് എനിക്ക് ചേരുന്നതെന്ന് ഉറപ്പാണ്. അങ്ങനെ ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. അത് പ്രണയമായി.
സിനിമയില്‍ കാണുന്ന പ്രണയമല്ല. മുതിര്‍ന്ന രണ്ടു പേരുടെ വേരുള്ള പ്രണയം. വിവാഹാലോചന വീടുകളിലെത്തി. രണ്ടു വീട്ടുകാരും എതിര്‍ത്തു. ഞാന്‍ സിനിമാക്കാരനായതാണ് അവരുടെ വീട്ടുകാര്‍ കണ്ട കുഴപ്പം. അവരുടെ സമ്പത്തായിരുന്നു എന്റെ വീട്ടിലെ പ്രശ്‌നം. വീട്ടുകാരുടെ മനസ് മാറാന്‍ ഞങ്ങള്‍ കാത്തിരിക്കാന്‍ തീരുമാനിച്ചു. ഒന്നും രണ്ടുമല്ല, എട്ടര വര്‍ഷം. അതിനിടയില്‍ വീട്ടുകാര്‍ തമ്മില്‍ പല പൊട്ടിത്തെറികളുമുണ്ടായി.
മാതാ അമൃതാനന്ദമയിയും കരുണാനിധിയും വരെ ഇതില്‍ ഇടപെട്ടിട്ടുണ്ട്. ആ കുട്ടിയെ അമ്മയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് അമ്മയോട് സംസാരിക്കാന്‍ ഞാന്‍ അമൃതപുരിയിലേക്ക് പോയി. ചുരുക്കം പേര്‍ക്ക് മാത്രം പ്രവേശനമുള്ള പര്‍ണകൂടീരത്തില്‍ വച്ച് മണിക്കൂറുകളോളം അമ്മ എന്നോട് സംസാരിച്ചു. വിവാഹവുമായി മുന്നോട്ടു പോകാന്‍ ഉപദേശിച്ചു.
അതിനിടെ അവളെ തമിഴ്‌നാട്ടിലേക്ക് വീട്ടുകാര്‍ കടത്തി. അവിടെ നിന്നു കാനഡയിലേക്ക് കൊണ്ടു പോകാനായിരുന്നു ശ്രമം. തമിഴ്‌നാട്ടില്‍ എവിടെയോ ഒളിപ്പിച്ച അവളെ മോചിപ്പിക്കാന്‍ നടന്‍ കൊച്ചിന്‍ ഹനീഫ വഴി കരുണാനിധിയെ സമീപിച്ചു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാനും തീരുമാനിച്ചു. ഒടുവില്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു ഞങ്ങള്‍ രണ്ടു പേരും സന്തോഷത്തിനായി ഒരുപാടു പേരെ സങ്കടപ്പെടുത്തേണ്ട. അങ്ങനെ തീരുമാനമെടുത്തു, പിരിയാം.
പക്ഷെ ഞാന്‍ അന്നേ മനസിനോട് പറഞ്ഞു, ഇനി എനിക്ക് മറ്റൊരു വിവാഹം ഉണ്ടാവില്ല. മറക്കാന്‍ കഴിയാത്തിടത്തോളം മറ്റൊരാളുടെ ജീവിതം കളയുന്നത് എന്തിനാണ്? പക്ഷെ ഞാന്‍ വിരഹകാമുകന്റെ റോള്‍ എടുത്തില്ല. സിനിമയില്‍ സജീവമായി. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ഓടി നടന്നുവെന്നാണ് ഇടവേള ബാബു പറയുന്നത്.
അവളുടെ അമ്മയുടെ അവസാന നാളുകളില്‍ എന്നെ കാണണമെന്ന് ആഗ്രഹം പറഞ്ഞു. അരികില്‍ ചെന്നപ്പോള്‍ എന്റെ കൈ പിടിച്ച് ആ അമ്മ പറഞ്ഞു, ഞങ്ങളെ സങ്കടപ്പെടുത്തണ്ടെന്നു കരുതിയാണ് മോളെ വേണ്ടെന്നു വച്ചതെന്നറിയാം. അങ്ങനെയൊരു മനസ് ഈ ലോകത്ത് നിനക്ക് മാത്രമേ ഉണ്ടാവൂ. അനിയത്തി പ്രാവിന്റെ ക്ലൈമാക്‌സ് ജീവിതത്തില്‍ അനുഭവിച്ച ആളാണ് ഞാന്‍. പക്ഷെ സിനിമയില്‍ നായകന് നായികയെ കിട്ടി. ആ അവസാന ട്വിസ്റ്റ് എന്റെ ജീവിതത്തില്‍ ഉണ്ടായില്ലെന്ന് മാത്രം. കുറ്റബോധം ഒന്നുമില്ല. സിനിമയല്ലല്ലോ ജീവിതം എന്നും അദ്ദേഹം പറയുന്നു.