കോഴിക്കോട് : ഏഴുമാസമായി ശമ്പളം തരാത്തതിനാൽ അങ്ങയുടെ ഓഫിസിൽ ഹാജരാകാനുള്ള യാത്ര, ഭക്ഷണം, താമസം എന്നിവക്ക് നിവൃത്തിയില്ല. അതിനാൽ നോട്ടീസിൽ പറയുംപ്രകാരം ഹാജരാകാൻ സാധിക്കുന്നതല്ല എന്ന വിവരം വിനയപൂർവം ബോധിപ്പിക്കുന്നു -യു. ഉമേഷ് ഒപ്പ്… വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായുള്ള അന്വേഷണത്തിന് ഹാജരാകാനാവശ്യപ്പെട്ട് നൽകിയ നോട്ടീസിൽ തന്നെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഡിവൈ.എസ്.പിക്കെഴുതിയ മറുപടിയാണിത്.
സംഭവം ബന്ധപ്പെട്ട പൊലീസുകാരൻ തന്നെയാണ് ഫേസ് ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചത്. സേനയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഗുണ്ട ബന്ധം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി സസ്പെൻഷനിലായ സീനിയർ സിവിൽ പൊലീസ് ഓഫിസർ വള്ളിക്കുന്ന് സ്വദേശി യു. ഉമേഷിനാണ് വകുപ്പുതല അന്വേഷണത്തിന് ഹാജരാകാനാവശ്യപ്പെട്ട് പത്തനംതിട്ട സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി നോട്ടീസ് നൽകിയത്.
സസ്പെൻഷനിലായതിനാൽ ജോലിചെയ്യുന്ന പത്തനംതിട്ടയിൽ നിന്ന് മൂന്നാഴ്ച മുമ്പ് ഉമേഷ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതോടെ, നേരിട്ട് ഹാജരാകാനുള്ള നോട്ടീസ് സേനയിലെ ദൂതൻ വശം ഉമേഷിന് നേരിട്ടെത്തിക്കുകയായിരുന്നു. ജൂൺ 25ന് രാവിലെ 10.30ന് പത്തനംതിട്ട ജില്ല സ്പെഷൽ ബ്രാഞ്ച് ഓഫിസിൽ ഹാജരാകനായിരുന്നു നിർദേശം.