പുതുതായി റിലീസ് ചെയ്യുന്ന സിനിമയുടെ ടിക്കറ്റുകള്‍ മൊത്തത്തില്‍ റിസര്‍വ് ചെയ്ത ശേഷം ബ്ലാക്കില്‍(കരിഞ്ചന്ത) വിറ്റ് കാശുണ്ടാക്കുന്ന മാഫിയ കേരളത്തില്‍ പണ്ടു മുതലേ സജീവമാണ്. ഇതിനെ എതിര്‍ക്കാനോ, നിയന്ത്രിക്കാനോ ആര്‍ക്കും സാധിക്കാത്ത വിധം വ്യാപകമായി മാറിക്കഴിഞ്ഞു. എന്നാല്‍, റിലീസാകുന്ന സിനിമയ്ക്കു മാത്രമല്ല, ദീര്‍ഘദൂര ബസുകളിലെ ടിക്കറ്റുകളും കരിഞ്ചന്തയില്‍ വില്‍ക്കാനുള്ള സാഹചര്യം ഒരുങ്ങുകയാണ് KSRTCയില്‍. നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള ഈ നടപടിക്കെതിരേ ജീവനക്കാര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്.
ഓണം, ക്രിസ്മസ്, റംസാന്‍, വിഷു തുടങ്ങിയ ആഘോഷ ദിവസങ്ങളിലാകും ഇത്തരം കരിഞ്ചന്ത ടിക്കറ്റ് വില്‍പ്പനകള്‍ നടക്കാന്‍ പോകുന്നതെന്നാണ് വിമര്‍ശനം. ദീര്‍ഘദൂര സര്‍വീസുകളില്‍ ടിക്കറ്റ് ബുക്കുചെയ്യുന്നതിന് മാനദണ്ഡങ്ങള്‍ ഉണ്ട്. സീറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന്റെ പേര്, പ്രായം, ജെന്റര്‍ എന്നിവ പരിശോധിച്ചേ സീറ്റ് അലൗട്ട് ചെയ്യാറുള്ളൂ. മാത്രമല്ല, റിസര്‍വേഷന്‍ ചെയ്ത യാത്രക്കാര്‍ ബസുകളില്‍ ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ കാണിക്കുകയും വേണം.
ആരാണോ സീറ്റ് റിസര്‍വ് ചെയതിരിക്കുന്നത്(സ്ത്രീ, പുരുഷന്‍) അയാള്‍ക്കു മാത്രമേ ആ സീറ്റില്‍ യാത്ര ചെയ്യാന്‍ കഴിയൂ എന്നാണ് നിയമം. റിസര്‍വേഷന്‍ ചെയ്യുന്ന ടിക്കറ്റോ, കണ്ടക്ടര്‍ മാനുവലായി നല്‍കുന്ന ടിക്കറ്റോ യാത്രക്കാര്‍ കൈമാറാന്‍ പാടില്ലാത്തതുമാണ്. ഇങ്ങനെ കര്‍ശമായ നിയമം ഉള്ളപ്പോള്‍ തന്നെ റിസര്‍വേഷന്‍ സീറ്റുകളില്‍ മറ്റു യാത്രക്കാരെ ഇരുത്താന്‍ കണ്ടക്ടര്‍മാരോട് നിയമവിരുദ്ധമായി നിര്‍ദ്ദേശിക്കുകയാണ് KSRTCയിലെ ഉന്നത ഉദ്യോഗസ്ഥര്‍.
ഇത്തരം നിയമവിരുദ്ധ നിര്‍ദ്ദേശങ്ങളുടെ മറപിടിച്ച് നടക്കാന്‍ പോകുന്നത്, റിസര്‍വേഷന്‍ ടിക്കറ്റുകള്‍ വ്യാപകമായി എടുത്തിട്ട്, ഉത്സവ സീസണുകളില്‍ കരിഞ്ചന്തയില്‍ വില്‍ക്കുമെന്നതാണ്. പെട്ടെന്ന് വീട്ടിലെത്താന്‍ ടിക്കറ്റ് കിട്ടാതെ വലയുന്നവര്‍ക്കു മുമ്പില്‍ ഇത്തരം കരിഞ്ചന്തക്കാര്‍ പ്രത്യക്ഷപ്പെടും. ഇരട്ടിയുടെ ഇരട്ടി വിലയ്ക്ക് ടിക്കറ്റ് വില്‍ക്കുകയും ചെയ്യും. റിസര്‍വേഷന്‍ ടിക്കറ്റുമായി കയറുന്ന യാത്രക്കാരെ സീറ്റില്‍ ഇരുത്താനല്ലാതെ തിരിച്ചറിയല്‍ രേഖവെച്ച് പരിശോധിക്കാന്‍ സാധിക്കില്ല. ടിക്കറ്റ് റിസര്‍വ് ചെയ്തവരുടെ പേരും പ്രായവും, ജെന്ററും(സ്ത്രീ, പുരുഷന്‍)മാറിയിരിക്കും. കണ്ടക്ടറിന് ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയുമുണ്ടാകും.
യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന യാത്രക്കാരനാണ് റിസര്‍വേഷന്‍ ചെയ്യുന്നത്. ഒരാളുടെ പേരില്‍ ഒരു ടിക്കറ്റ് മാത്രമേ റിസര്‍വ് ചെയ്യാനാകൂ. എന്നാല്‍, റിസര്‍വേഷന്‍ ചെയ്ത യാത്രക്കാരന്‍ വരാതിരുന്നാല്‍ ആ സീറ്റില്‍ മറ്റുയാത്രക്കാരെ ഇരുത്തണമെന്ന നിര്‍ദ്ദേശം വന്നാല്‍, കരിഞ്ചന്തക്കാര്‍ എല്ലാ സീറ്റുകളും റിസര്‍വ് ചെയ്യുകയും, മറ്റു യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ വില്‍ക്കുകയും ചെയ്യും. ഈ യാത്രക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ കൊണ്ടു വന്നാലും ഇല്ലെങ്കിലും കണ്ടക്ടര്‍ക്ക് പരിശോധിക്കാനാവില്ല. അഥവാ പരിശോധിച്ചാലും അത് ബുക്ക് ചെയ്ത യാത്രക്കാരല്ലെന്ന് തിരിച്ചറിഞ്ഞാലും യാത്ര ചെയ്യാന്‍ അനുവദിക്കാനേ നിര്‍വാഹമുള്ളൂ.
റിസര്‍വേഷന്‍ സീറ്റുകള്‍ ഒഴിവാണെങ്കില്‍ ആ സീറ്റുകളില്‍ യാത്രക്കാരെ കൊണ്ടു പോകണമെന്ന് KSRTCയിലെ ഉന്നത ഉദ്യോഗസ്ഥന്‍ നല്‍കിയ നിര്‍ദ്ദേശം ഇതാണ്;
‘ ഗ്രൂപ്പ് ബുക്കിംഗ് നടത്തിയ യാത്രക്കാരില്‍ ഒരാളുടെ എങ്കിലും പേരും ഐ.ഡിയും കൃത്യമെങ്കില്‍ മറ്റുള്ളവരുടെ പേരും ജന്ററും ഐ.ഡിയും നോക്കേണ്ടതില്ല. ആയത് അനുവദിക്കാം. എന്നാല്‍ വ്യക്തിഗത ടിക്കറ്റില്‍ (ഒറ്റക്കുള്ള ടിക്കറ്റ്) എങ്കില്‍ പേരും ഐഡിയും മാറിയാല്‍ മറ്റൊരാള്‍ റിസര്‍വ് ചെയ്ത ടിക്കറ്റ് ഉപയോഗിച്ച് യാത്ര അനുവദിക്കേണ്ടതില്ല. സിറ്റ് ഒഴിവുണ്ടെങ്കില്‍ ടിക്കറ്റ് എടുത്ത് യാത്ര അനുവദിക്കാം. എന്നാല്‍ സിംഗിള്‍ ടിക്കറ്റ് ജന്റര്‍ മാറി സ്ത്രീകളുടെ റിസര്‍വ് ചെയ്ത സീറ്റ് ബുക്ക് ചെയ്താല്‍ പേരും ഐ.ഡിയും ശരിയെങ്കില്‍ മറ്റ് സീറ്റ് ഒഴിവുണ്ടെങ്കില്‍ കോമണ്‍ സീറ്റില്‍ മാറ്റിയിരുത്തി യാത്ര അനുവദിക്കാം. എന്നാല്‍ ജനറല്‍ സീറ്റ് ഒഴിവില്ല സ്ത്രീകളുടെ സീറ്റ് മാത്രമേ ഉള്ളൂ എങ്കില്‍ അയാള്‍ക്ക് യാത്ര അനുവദിക്കുവാന്‍ സാധിക്കുന്നില്ല എന്നും ഇത്തരത്തില്‍ യാത്ര ചെയ്യുന്നത് ശിക്ഷാര്‍ഹമാണ് എന്നും കൃത്യമായും സൗമ്യമായും യാത്രക്കാരനെ ബോദ്ധ്യപ്പെടുത്തണം. എല്ലാ സാഹചര്യത്തിലും മാന്യ യാത്രക്കാരോട് മാന്യമായും വസ്തുനിഷ്ടമായും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി പ്രശ്‌നപരിഹാരം ഉണ്ടാക്കുവാന്‍ കണ്ടക്ടര്‍മാരും മേലധികാരികളും ശ്രദ്ധിക്കുക.’
ഈ നിര്‍ദ്ദേശം KSRTCയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഗ്രൂപ്പിലൂടെയാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. KSRTCയുടെ വിശ്വാസ്യതയില്‍ കളങ്കം വരുത്തുന്ന ഓര്‍ഡര്‍ ആണിതെന്നാണ് ജീവനക്കാരുടെ മറുപടി. അതിങ്ങനെ:
‘KSRTCയില്‍ ബുക്ക് ചെയ്ത ടിക്കറ്റ് കൈമാറ്റം ചെയ്യരുതെന്ന നിയമം കാറ്റില്‍ പറത്തികൊണ്ട് EDOയുടെ നിര്‍ദേശം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ജീവനക്കാര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. തിരക്കുള്ളതും, സീസണ്‍ ടൈമിലും ഒരാള്‍ക്ക് ഗ്രൂപ്പ് ടിക്കറ്റ് ബുക്ക് ചെയ്യുകയും ബസ്സ് പുറപ്പെടുന്ന സമയത്ത് അവിടെ ടിക്കെറ്റ് കിട്ടാതെ നില്‍ക്കുന്ന ആളുകളോട് അധിക പൈസ വാങ്ങി ഈ ടിക്കറ്റില്‍ യാത്ര ചെയ്യിപ്പിക്കാന്‍ സാധിക്കും.
ഗ്രൂപ്പ് ടിക്കറ്റില്‍ ആരെങ്കിലും വരുന്നില്ലെങ്കില്‍ ആ സീറ്റില്‍ ആരെ വേണമെങ്കിലും ആ ടിക്കറ്റ് എടുത്ത ആള്‍ക്ക് കൊണ്ടുപോകാം.’
കഴിഞ്ഞ മാസം ഉണ്ടായ റിസര്‍വേഷന്‍ സീറ്റില്‍ മറ്റൊരു യാത്രക്കാരനെ കൊണ്ടു പോകാന്‍ വിസമ്മതിച്ച വിഷയവുമായി ബന്ധപ്പെട്ട് ഒരു ജീവനക്കാരനെ സസ്‌പെന്റ് ചെയ്തിരുന്നു. ആ സംഭവം ഇങ്ങനെ:
“കഴിഞ്ഞ മാസം എറണാകുളം-മംഗലപുരം ബസില്‍ പുരുഷ പേരില്‍ റിസര്‍വ് ചെയ്ത രണ്ടു ടിക്കറ്റുകളുമായി യാത്ര ചെയ്യാനെത്തിയത്, ഒരു പുരുഷനും അയാളുടെ സഹോദരിയുമാണ്. എന്നാല്‍, ബുക്ക് ചെയ്തിരിക്കുന്നത്, രണ്ടു പുരുഷന്‍മാര്‍ ആയതിനാല്‍ കൂടെ വന്ന സ്ത്രീക്ക് ടിക്കറ്റ് എടുക്കണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെട്ടു. അങ്ങനെ സ്ത്രീ യാത്രക്കാരിക്ക് പ്രത്യേകം ടിക്കറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍, ഇക്കാര്യം പിന്നീട് യാത്രക്കാര്‍ KSRTCയില്‍ പരാതി നല്‍കി. കണ്ടക്ടര്‍ മാന്യമായി പെരുമാറിയില്ല എന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ ഉണ്ടായത്.”
ഈ സസ്‌പെന്‍ഷന്‍ ന്യായീകരിക്കാനെന്നോണം KSRTC ഉദ്യോഗസ്ഥന്‍ വാക്കാല്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമാണ്, റിസര്‍വേഷന്‍ സീറ്റുകള്‍ ഒഴിവുണ്ടെങ്കിലോ, മറ്റൊരു യാത്രക്കാരന്‍ ആ സീറ്റില്‍ യാത്ര ചെയ്യാനെത്തിയാലോ അനുവദിക്കണമെന്നുള്ളത്. ഇത് വരും ദിവസങ്ങളില്‍ ടിക്കറ്റ് കരിഞ്ചന്തയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുമെന്നാണ് ജീവനക്കാര്‍ ഭയക്കുന്നത്. റിസര്‍വേഷന്‍ സീറ്റുകളില്‍ തീവ്രവാദികളും, ക്രിമിനലുകളും യാത്ര ചെയ്യാനും സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പും നല്‍കുന്നുണ്ട്.