തിരുവനന്തപുരം : സ്പോർട്സ് ക്ലൈംബിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എസ്സിഎഫ്ഐ) പുതിയ പ്രസിഡൻ്റായി മലയാളിയും ബീറ്റ ഗ്രൂപ്പ് ചെയർമാനുമായ ഡോ.രാജ്മോഹൻ പിള്ളയെ തിരഞ്ഞെടുത്തു. ഞായറാഴ്ച തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിൽ വെച്ച് നടന്ന സമ്മേളനത്തിലാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഒളിമ്പിക് സാധ്യതകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, സ്പോർട്സ് ക്ലൈംബിംഗ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ഡോ.രാജ്മോഹൻ പിള്ള പറഞ്ഞു.
2028 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി മെഡൽ ഉറപ്പാക്കുകയാണ് സ്പോർട്സ് ക്ലൈംബിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ലക്ഷ്യം. സ്പോർട്സ് ക്ലൈംബിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ വെബ്സൈന്റിന്റെ പ്രകാശനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു.
സാഹസികത നിറഞ്ഞതും ഇന്ത്യയിലസ സമീപകാലത്ത് പ്രചാരം നേടുന്നതുമായ ഒരു കായികയിനമാണ് സ്പോർട്സ് ക്ലൈംബിംഗ്. അടുത്ത വർഷങ്ങളിൽ ഇന്ത്യയിലുടനീളം പത്ത് ലക്ഷം രജിസ്റ്റർ ചെയ്ത കളിക്കാരെ സൃഷ്ടിക്കുകയെന്നതാണ് ഫെഡറേഷൻ ലക്ഷ്യമിടുന്നത്.
സ്കൂൾ പാഠ്യപദ്ധതികളിൽ സ്പോർട്സ് ക്ലൈംബിംഗ് സമന്വയിപ്പിക്കുന്നത്തിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. യുവപ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് സ്കൂളുകളിൽ സ്പോർട്സ് ക്ലൈംബിംഗ് വാൾ സൗകര്യം ഏർപ്പെടുത്തുന്നതിന് സ്പോർട്സ് ക്ലൈംബിംഗ് ഫെഡറേഷൻ മുൻകൈയെടുക്കും.
“ഇന്ത്യയിലെ വലിയ ജനസംഖ്യയുള്ളതിനാൽ, മികച്ച പ്രകടനം നടത്തുന്നവരെ ചെറുപ്പം മുതലേ പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികവ് പുലർത്തുന്നതിന് അവർക്ക് പ്രൊഫഷണൽ പരിശീലനം നൽകിക്കൊണ്ട് ഓരോ വർഷവും 1,000 പുതിയ കായികതാരങ്ങളെ സൃഷ്ട്ടിക്കുന്നതിനാണ് ഫെഡറേഷന്റെ പദ്ധതി”, ഡോ. രാജ്മോഹൻ പിള്ള പറഞ്ഞു.
കായിക ഇനമെന്ന നിലയിലെ അടുത്തിടെ വലിയ നേട്ടങ്ങളാണ് സ്പോർട്സ് ക്ലൈംബിംഗ് മത്സരങ്ങളിൽ ഇന്ത്യ നേടിയിട്ടുള്ളത്. എട്ട് അത്ലറ്റുകൾ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു, നാല് പേർ ചൈനയിൽ നടന്ന ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ മത്സരിച്ചു, 25 യുവ ക്ലൈംബർമാർ ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ജംഷഡ്പൂരിൽ വെച്ച് നടന്ന ഏഷ്യൻ കിഡ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഏറ്റവും കൂടുതൽ മെഡലുകൾ നേടുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
ടോക്കിയോ ഒളിംപിക്സിൽ സ്പോർട്സ് ക്ലൈമ്പിങ് ഒരു കായികയിനമായിരുന്നു. പാരീസ് 2024, ലോസ് ഏഞ്ചൽസ് 2028 ലും ഒളിമ്പിക് ഗെയിംസിൽ സ്പോർട്സ് ക്ലൈമ്പിങ് രണ്ടിനങ്ങളിലായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഇനങ്ങളിൽ മികച്ച നേട്ടം കൊയ്യാൻ ചിട്ടയായ പരിശീലനവും സൗകര്യങ്ങളും ഒരുക്കുകയാണ് ഫെഡറേഷൻ ലക്ഷ്യം വെക്കുന്നത് .
ജനറൽ സെക്രട്ടറി കേണൽ എസ്പി മാലിക്, വൈസ് പ്രസിഡൻ്റ് ബ്രിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.