Kerala

കാറ്റിന് കരുത്തേറി; സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരള തീരത്തു പടിഞ്ഞാറൻ, തെക്കു പടിഞ്ഞാറൻ കാറ്റിന്റെ ശക്തി വർധിച്ചതോടെ കാലവർഷം വീണ്ടും ശക്തമായി. സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് 2 ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളത്. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂനമർദ പാത്തി കഴിഞ്ഞയാഴ്ച മുതലുണ്ടെങ്കിലും കാറ്റിന്റെ ശക്തി കുറഞ്ഞതിനാൽ കാലാവസ്ഥ വകുപ്പ് പ്രവചിച്ച തരത്തിൽ മഴ പെയ്തിരുന്നില്ല. ഇപ്പോൾ സ്ഥിതി മാറി. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ ശക്തമായി തുടരുമെന്നാണു പ്രവചനം. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലുമാണു കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്.

വെള്ളിയാഴ്ച വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മീൻപിടിത്തത്തിനു പോകാൻ പാടില്ല. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണിത്. ഉയർന്ന തിരയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിലെ തീരദേശത്ത് ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം പ്രത്യേക ജാഗ്രതാ നിർദേശവും നൽകി.