ന്യൂഡൽഹി: മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു വിചാരണക്കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി അസാധാരണമെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. ഹൈക്കോടതി നടപടിക്കെതിരെ കേജ്‌രിവാൾ നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് മനോജ് മിശ്ര, എസ്.വി.എൻ. ഭാട്ടി എന്നിവരുടെ ബെഞ്ച് വിഷയം നാളെ പരിഗണിക്കാൻ മാറ്റി.
അതേസമയം, വിഷയത്തിൽ ഹൈക്കോടതി ഇന്നു വിധി പറയും. റൗസ് അവന്യു കോടതി ഈ മാസം 20നു നൽകിയ ജാമ്യത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജിയിലാണു തൊട്ടടുത്ത ദിവസം ജസ്റ്റിസ് സുധീർ കുമാർ ജെയിൻ വിധി സ്റ്റേ ചെയ്തത്. അന്തിമ ഉത്തരവ് 2–3 ദിവസത്തിനുള്ളിലുണ്ടാകുമെന്നായിരുന്നു കോടതി അറിയിച്ചത്. തുടർന്നു കേജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചു.
‘സ്റ്റേ അപേക്ഷകളിൽ, കോടതി ഉത്തരവ് മാറ്റിവയ്ക്കാറില്ല. വാദം പൂർത്തിയായാൽ ഉടൻ വിധി പറയുന്നതാണു രീതി. ഇത് അസാധാരണമാണ്’– ഹർജി പരിഗണിച്ച ജസ്റ്റിസ് ഭാട്ടി പ്രതികരിച്ചു. ജാമ്യവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണു ഹൈക്കോടതിയുടെ തീരുമാനമെന്നു കേജ്‌രിവാളിനു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി വാദിച്ചു. എന്നാൽ, ഇപ്പോൾ ഉത്തരവു നൽകുന്നത് ഉചിതമല്ലെന്നു സുപ്രീം കോടതി പ്രതികരിച്ചു.